ഒരുപക്ഷേ, കൊണ്ടുംകൊടുത്തും രാഷ്‌ട്രീയം പയറ്റി പദവി നേടിയ പിണറായി വിജയന്‍ എന്ന രാഷ്‌ട്രീയ നേതാവിന് എ. വിജയരാഘവന്‍ എന്ന വ്യക്തിയിലുള്ള വിശ്വാസത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി. ജീവിതപങ്കാളി, പോളിറ്റ് ബ്യൂറോ അംഗവും കുറച്ചുകാലം സിപിഐ(എം) സംസ്ഥാന സെക്രട്ടറി പദവി വഹിച്ച വ്യക്തിയും ആയിരുന്നതിന്റെ ഫലമായിരിക്കാം, തൃശൂര്‍ പ്രാദേശിക ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ ഒതുങ്ങിക്കഴിയേണ്ടിവരുമായിരുന്ന പ്രൊഫ. ആര്‍. ബിന്ദുവിനെ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി പദവിയില്‍ എത്തിച്ചത്.
സിപിഐ(എം)യിലെ താരതമ്യേന സാത്വികനായ പ്രൊഫ. സി. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ഒന്നാകെ കൊണ്ടുനടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ അതിന്റെ നായകനോ തോന്നിയതിനു കാരണം വിവാദങ്ങളുടെ പ്രൊഫസറായ കെ.ടി. ജലീലിനു കൊടുക്കാനൊരു നല്ല വകുപ്പു വേണമായിരുന്നു എന്നതായിരിക്കാം. യുഡിഎഫില്‍ അഞ്ചും ആറും മന്ത്രിസ്ഥാനമൊക്കെ ചോദിച്ചുവാങ്ങുന്ന മതശക്തികള്‍ക്കു സമാനമായ വിലപേശലും സമ്മര്‍ദം ചെലുത്തലും വഴി ജലീല്‍ നേടിയെടുത്തതാണോ എല്‍ഡിഎഫില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രിസ്ഥാനമെന്നും വ്യക്തമല്ല. മന്ത്രിയായിക്കഴിഞ്ഞും ഒന്നാം പിണറായി മന്ത്രിസഭയെ പല സമ്മര്‍ദങ്ങളില്‍ പെടുത്തിയ വ്യക്തിയായിരുന്നല്ലോ ജലീല്‍.
ദശാബ്ദങ്ങളോളം ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ആര്‍.ബിന്ദു ജനശ്രദ്ധ പിടിച്ചുപറ്റിയത് ഒറ്റ ഇംഗ്ലീഷ് വാചകത്തിലൂടെയാണ്. വീട് തലയില്‍ കൊണ്ടുനടക്കുന്ന വ്യക്തിയാണെന്ന ആശയം ഇംഗ്ലീഷില്‍ ഒരു ടിവി ചാനല്‍ മുന്‍പാകെ അവതരിപ്പിക്കുന്നതില്‍ ഭാഷാപരമായി വിജയിച്ചില്ലെന്ന പൊതുനിലപാടാണ് അവരെ ചുറ്റിപ്പറ്റി വാര്‍ത്തകളേറെ സൃഷ്ടിച്ചത്. വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി പകുത്തപ്പോള്‍ മറ്റേ പാതി ലഭിച്ച വി. ശിവന്‍കുട്ടി സ്‌കൂളുകളുമായി കഴിഞ്ഞു നേടുന്ന വാര്‍ത്താപ്രാധാന്യമോ കീര്‍ത്തിയോ പോലും നിര്‍ഭാഗ്യവശാല്‍ ബിന്ദുവിനു തന്റെ വകുപ്പുവഴി ലഭിക്കുന്നില്ല. കേരള സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ കടന്നുകയറി അധ്യക്ഷത വഹിച്ച് വിവാദം സൃഷ്ടിച്ചതാണു മാധ്യമപരിലാളന ലഭിക്കാന്‍ അവര്‍ കണ്ടെത്തിയ ചുരുക്കം വഴികളിലൊന്ന്.
പുറമേയ്‌ക്ക് ഇങ്ങനെയാണു തോന്നുകയെങ്കിലും ആഴത്തില്‍ അകമേ നിരീക്ഷിച്ചാല്‍, തന്റെ വകുപ്പിനെ ഉപയോഗപ്പെടുത്തി ഒന്നുംചെയ്യാത്ത ഒരു ‘ഒന്നുംചെയ്യാമന്ത്രി’യല്ല ബിന്ദുവെന്നു വ്യക്തമാകും. വകുപ്പിന്റെ മുഖമുദ്ര കെടുകാര്യസ്ഥതയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും വിവാദങ്ങള്‍ക്കു തിരികൊളുത്താന്‍പോരുന്ന പ്രവര്‍ത്തനവും നടപടിക്രമങ്ങളും തുടരുന്നുണ്ട്. കീഴ്മേല്‍ ചിന്തിക്കാതെയാണു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്കു തുടരെത്തുടരെ പന്തടിച്ചുകയറ്റുന്ന ലാഘവത്തോടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭാവിയെ തച്ചുടയ്‌ക്കുന്ന നയങ്ങള്‍ രൂപീകരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നു ചുരുക്കം.
സിപിഐ(എം)യ്‌ക്കു നെറ്റിപ്പട്ടം കെട്ടാനും വെഞ്ചാമരം വീശാനും, ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കണമെന്ന പിണറായി വിജയന്റെ ആശയം അറിഞ്ഞുനടപ്പാക്കാന്‍ ശ്രമിക്കുന്ന മന്ത്രിയാണ് ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ രംഗത്തു കേന്ദ്ര സ്ഥാപനമായ യുജിസിയുടെ പണം വേണം, അഥവാ അതു മാത്രം കേന്ദ്രത്തില്‍നിന്നു ലഭിച്ചാല്‍ മതി എന്നാണു ചിന്ത.
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാഷ്‌ട്രത്തിലാകമാനം നാലു വര്‍ഷ ബിരുദം നടപ്പാക്കാന്‍ യുജിസി തീരുമാനിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ ബിന്ദുവിന് അമാന്തമായിരുന്നു. ഒടുക്കം, നിര്‍ബന്ധിത സാഹചര്യത്തില്‍ നടപ്പാക്കിയെങ്കിലും ഈ നാലുവര്‍ഷ ബിരുദം കേന്ദ്രത്തിന്റേതല്ല, തന്റേതു മാത്രമാണെന്നാണ് ബിന്ദുവിന്റെ നിലപാട്. ഫെഡറലിസത്തിന്റെ മഹത്വത്തെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ മന്ത്രിയാണ് കേന്ദ്ര തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഫെഡറലിസത്തെ കൊഞ്ഞനംകുത്തുന്നത് എന്നതു ചിന്തനീയം. വസ്തുത പരിശോധിച്ചാല്‍ കൗതുകമാണ്: യുജിസി നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കേന്ദ്രസഹായം നിലയ്‌ക്കുമെന്നതിനാല്‍ ആയുധം വച്ചു കീഴടങ്ങി! വാക്കില്‍ കേന്ദ്രത്തിനെതിരെ ചോര തിളപ്പിച്ചുനിര്‍ത്തും’ എന്നാല്‍, പ്രവൃത്തിയില്‍ കേന്ദ്രനിര്‍ദേശം നടപ്പാക്കും
എന്റേത്; എന്റേതു മാത്രമെന്നു നാലുവര്‍ഷ ബിരുദത്തെക്കുറിച്ചു വീമ്പടിച്ചോളൂ, പക്ഷേ കാര്യങ്ങള്‍ അതിന്റെ വഴിക്കുവിടണം, അല്ലെങ്കില്‍ ‘പണി പാളു’മെന്നു ചുറ്റുമുള്ള കോളജധ്യാപക ഉപജാപകസംഘം ബിന്ദുവിനെ ഉപദേശിച്ചിരിക്കണം. ദേശീയ സംവിധാനത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല കേരളത്തെ ഇനിയും ഒറ്റപ്പെടുത്തുകയേ ഉള്ളൂ എന്ന് ആരെങ്കിലും ചെവിയില്‍ ഓതിയിരിക്കണം. സ്വന്തം വഴിവെട്ടി മുന്നോട്ടു നീങ്ങാനാണു ശ്രമമെങ്കില്‍ കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വെളിയിലൊരിടത്തും തുടര്‍പഠനം സാധ്യമാവാതെ വരുമെന്നു ചൂണ്ടിക്കാണിച്ചിരിക്കണം. തൊഴില്‍സാധ്യതകളെ ബാധിക്കുമെന്നു പറഞ്ഞുകൊടുത്തുകാണണം.
ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, ഉന്നതവിദ്യാഭ്യാസ രംഗത്ത് രണ്ടു പിണറായി സര്‍ക്കാരുകളും അതിനു മുന്‍പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരുമൊക്കെ വരുത്തിയ പരുക്കുകള്‍ ചെറുതല്ലെന്നു കാണാം. ബിരുദാനന്തര തലത്തിലും മറ്റുമുള്ള ഉന്നതപഠനത്തിനായിരുന്നു വിദ്യാര്‍ഥികള്‍ നേരത്തേ കേരളത്തിനു പുറത്തെ സര്‍വകലാശാലകള്‍ തേടിയിരുന്നതെങ്കില്‍ ഇന്നങ്ങനെയല്ല. പ്ലസ് ടു പൂര്‍ത്തിയാക്കുന്നതോടെ മലയാളനാടു വിടുക എന്നതായിക്കഴിഞ്ഞു വിദ്യാര്‍ഥികളുടെ പൊതു മുദ്രാവാക്യം. മാതാപിതാക്കളെ സ്വാധീനിച്ച് കുട്ടികള്‍ സംഘടിച്ചു കേരളം വിടുകയാണ്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെത്തന്നെ തള്ളി കൗമാരപ്രായക്കാര്‍ സാധ്യതകള്‍ തേടുന്നതാണു മറ്റൊരു പ്രവണത. തൊഴില്‍ ചെയ്യാനുള്ള പ്രാപ്തിയോ നൈപുണ്യമോ കേരളത്തിലെ സ്‌കൂള്‍, കോളജ് വിദ്യാഭ്യാസ സമ്പ്രദായത്തിനു വേണ്ടത്രയില്ല എന്നു തിരിച്ചറിയപ്പെട്ടിട്ടു കാലങ്ങളായെങ്കിലും ഒരുതരത്തിലുള്ള തിരുത്തലിനും സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതിനാല്‍ കാത്തിരുന്നു മടുത്ത വിദ്യാര്‍ഥിസമൂഹം സമാന്തരവിദ്യാഭ്യാസത്തിലേക്കു വലിയ തോതില്‍ തിരിയുകയാണ്. അംഗീകാരമുള്ളതോ അല്ലാത്തതോ ആയ, മറ്റു സംസ്ഥാനങ്ങളിലെയോ രാജ്യത്തിനു പുറത്തുള്ളതോ ആയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കേരളത്തില്‍ എത്തിയതോടെ കുറേ വിദ്യാര്‍ഥികള്‍ പഠനം ആ വഴിക്കു നീക്കുന്നു.
കേരളം വിടുന്നവരും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയെ ഉപേക്ഷിക്കുന്നവരും ചേരുന്ന വിദ്യാര്‍ഥിക്കൂട്ടം ഗണ്യമായതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളും കോളജുകളും ‘ഊര്‍ധ്വന്‍’ വലിക്കുകയാണ്. ചുരുക്കം കലാലയങ്ങള്‍ മികവിന്റെ മാതൃകകളായി നിലകൊള്ളുന്നതൊഴിച്ചാല്‍ വളര്‍ച്ച പടവലങ്ങയ്‌ക്കു സമാനമാണ്. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളാണ് ആദ്യം വെല്ലുവിളി നേരിട്ടത്. ഇപ്പോള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും ലോ കോളജുകളും വൈദ്യശാസ്ത്ര സംബന്ധിയായ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളും വരെ നിലനില്‍ക്കാനാവാത്ത സ്ഥിതിയിലാണ്. പുതിയ കോളജുകളും കോഴ്സുകളും തുടങ്ങാന്‍ സര്‍വകലാശാലകളും ഈ രംഗത്തോടു താല്‍പര്യമുള്ള വ്യക്തികളും കൂട്ടായ്മകളുമൊക്കെ ദുര്‍ബല ശ്രമം നടത്തുന്നുണ്ടെങ്കിലും മറുവശത്തു കോളജുകള്‍ക്കു വലിയ തോതില്‍ താഴു വീഴുകയാണ്; കോഴ്സുകള്‍ ഉപേക്ഷിക്കേണ്ടിവരികയാണ്.
മാറിയ കാലത്തെ അഭിസംബോധന ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് ഒട്ടുമേ സാധിക്കുന്നില്ല. തൊഴില്‍സാധ്യത ഇല്ലാതായതും അതിനാല്‍ത്തന്നെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാത്തതുമായ കോഴ്സുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. കോളജദ്ധ്യാപകരുടെ ചിന്തകളെ മാറ്റത്തെ സ്വാംശീകരിക്കുന്നതിലേക്കു നവീകരിക്കുന്നതില്‍ വകുപ്പു ദയനീയമായി പരാജയപ്പെടുകയാണ്.
(തുടരും)
(പ്രമുഖ പത്രപ്രവര്‍ത്തകനും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: