പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളവുമാക്കി. ഫ്രഞ്ച് സഹായത്തോടെ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനും, ജെറ്റ് എന്‍ജിനുകളും മിസൈലുകളും വാങ്ങാനുമുള്ള കരാറുകളും ഒപ്പുവച്ചു. ഭാരതവും ഫ്രാന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന സ്കോര്‍പിയന്‍ അന്തര്‍വാഹിനികളുടെ പുരോഗതി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വിലയിരുത്തി. ഭാരതത്തിന്റെ പിനാക മള്‍ട്ടി റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങാന്‍ ഫ്രഞ്ച് സൈന്യത്തെ പ്രധാനമന്ത്രി മോദി ക്ഷണിച്ചിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം ശക്തമാക്കാനും, ആഗോള ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എടുക്കാനും ഇരു നേതാക്കളും ധാരണയായി. പാരീസില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ഫ്രാന്‍സില്‍ ലഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി സമൂഹത്തെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണെന്നും, ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം വിവിധ മേഖലകളില്‍ ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്താന്‍ നിര്‍മ്മിത ബുദ്ധി വഴിയൊരുക്കുമെന്നും ഉച്ചകോടിയില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു. മോദിയുടെ വാക്കുകള്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സാകൂതം ശ്രദ്ധിച്ചു. അടുത്ത ഉച്ചകോടി ഭാരതത്തിലാണെന്ന മോദിയുടെ പ്രഖ്യാപനം വന്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വൈകാരികമായ ചില നിമിഷങ്ങള്‍ക്കും പ്രധാനമന്ത്രി മോദിയുടെ ഫാന്‍സ് സന്ദര്‍ശനം സാക്ഷ്യം വഹിച്ചു. വൈദേശിക അടിമത്തത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനു വേണ്ടി ജീവിതവും ജീവനും കൊണ്ട് പോരാടിയ വീര സവര്‍ക്കറെ ലണ്ടനില്‍ നിന്ന് വിചാരണത്തടവുകാരനായി ഭാരതത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് നീന്തി ക്കയറിയത് ഫ്രാന്‍സിന്റെ തെക്കന്‍ തുറമുഖ നഗരമായ മാഴ്സയില്‍ ആയിരുന്നു. ഇവിടെ ഭാരതത്തിന്റെ രണ്ടാമത്തെ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി മോദി മാഴ്സെ നഗരവുമായുള്ള സവര്‍ക്കറുടെ ബന്ധം വെളിപ്പെടുത്തിയത് വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സവര്‍ക്കറെ ഫ്രഞ്ച് ഭരണകൂടവും മാഴ്സെയിലെ ജനങ്ങളും ആദ്യം വിട്ടുകൊടുക്കാതിരുന്നതിന് മോദി നന്ദി പറഞ്ഞു. വീര സവര്‍ക്കറുടെ ധീരത തന്റെ നാട്ടിലെ പുതുതലമുറകള്‍ക്ക് പ്രേരണയാണെന്നും സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറുപ്പില്‍ മോദി അഭിപ്രായപ്പെടുകയുണ്ടായി. ഇമ്മാനുവല്‍ മാക്രോണുമായി ചേര്‍ന്ന് മാര്‍സെയില്‍ ഭാരത കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത് ചരിത്ര നിമിഷമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഭാരത സൈനികരുടെ ബേസ് ക്യാമ്പായിരുന്ന മാര്‍സെയില്‍ നയതന്ത്ര കാര്യാലയം ആരംഭിക്കുന്നത് അഭിമാനകരമാണെന്നും മോദി അഭിപ്രായപ്പെട്ടു. മാര്‍സെയിലെ ഭാരതസമൂഹം മോദിക്കും മാക്രോണിനും വലിയ സ്വീകരണമാണ് നല്‍കിയത്.
വീരസവര്‍ക്കറിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദിയും ഇമ്മാനുവല്‍ മാക്രോണും മാഴ്സെ സന്ദര്‍ശിച്ചത് ചരിത്രപരമാണ്. ഭാരതം ഭരിച്ച മറ്റൊരു ഭരണാധികാരിക്കും ഇങ്ങനെയൊരു മുഹൂര്‍ത്തം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. സവര്‍ക്കറുടെ രക്ഷപ്പെടലിന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ അന്ന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഫ്രാന്‍സില്‍ ഇത് വലിയ വാര്‍ത്തയായി. ഫ്രാന്‍സിലെ സോഷ്യലിസ്റ്റുകളും സോഷ്യലിസ്റ്റുകള്‍ അല്ലാത്തവരും സവര്‍ക്കര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി. സവര്‍ക്കര്‍ക്ക് അഭയം നല്‍കാതിരുന്നത് വലിയ അബദ്ധമാണെന്ന് ശ്യാംജി കൃഷ്ണ വര്‍മ്മയേയും മാഡം കാമയെയും പോലുള്ള വിപ്ലവകാരികള്‍ ഫ്രഞ്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. ഇതേതുടര്‍ന്ന് സവര്‍ക്കറെ വിട്ടു തരണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടുവെങ്കിലും രാഷ്ട്രീയ ആഭയം തേടാനുള്ള സമയം സവര്‍ക്കര്‍ ഫ്രാന്‍സില്‍ തങ്ങിയിരുന്നില്ല എന്നു പറഞ്ഞ് ബ്രിട്ടീഷ് ഭരണകൂടം ആവശ്യം നിരാകരിച്ചു. കേസ് പരിഗണിച്ച ഹെഗിലെ അന്താരാഷ്ട്ര കോടതിയും ബ്രിട്ടനെ അനുകൂലിച്ചു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമത്തിലെ പഴുത് ഉപയോഗിച്ച് സ്വാതന്ത്ര്യ പോരാട്ടം തുടരാന്‍ ആഗ്രഹിച്ച സവര്‍ക്കറെ ഭീരുവായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണല്ലോ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ഇന്നും ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാം എന്ന ഉറപ്പിന്മേല് ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി ജയില്‍ മോചനം നേടിയ കമ്മ്യൂണിസ്റ്റുകളാണ് സവര്‍ക്കറെ കുറ്റപ്പെടുത്തുന്നത്! ഈ സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സിന്റെ മണ്ണില്‍ സവര്‍ക്കര്‍ ഔദ്യോഗികമായി ആദരിക്കപ്പെടുന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: