Kerala

പാതിവില തട്ടിപ്പില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം

തട്ടിപ്പില്‍ ബീനയ്ക്ക് പങ്കുണ്ടോ എന്ന കാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല

Published by

കൊച്ചി:പാതിവില തട്ടിപ്പില്‍ സായിഗ്രാമം മേധാവി കെ.എന്‍. ആനന്ദകുമാറിനൊപ്പം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനയ്‌ക്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അനന്തുകൃഷ്ണന്റെ കൂട്ടായ്മയിലേക്ക് എന്‍ജിഒകളെ ആകര്‍ഷിക്കാന്‍ ആനന്ദകുമാറിനെ പോലെ തന്നെ ബീന സെബാസ്റ്റ്യനും പങ്കു വഹിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്‍ജിഒ കോണ്‍ഫെഡറേഷനിലെ ബീനയുടെ സജീവ ഇടപെടലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ബീന സെബാസ്റ്റ്യന്‍ മൂന്നാം പ്രതിയാകാന്‍ കാരണം.

എന്നാല്‍ തട്ടിപ്പില്‍ ബീനയ്‌ക്ക് പങ്കുണ്ടോ എന്ന കാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അനന്തുവിനു വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബീന ശുപാര്‍ശകളുമായി പോയിരുന്നെന്ന് കേസിലെ മറ്റൊരു പ്രതിയും അനന്തുവിന്റെ നിയമോപദേശകയുമായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ആരോപണം ഉന്നയിച്ചിരുന്നു.

മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളായ ബീനയാണ് കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്നത്. മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്റെ ചെയര്‍പേഴ്‌സണായ ബീന.

എന്നാല്‍ അനന്തുകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബീന പ്രതികരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by