കല്‍പ്പറ്റ: വയനാടന്‍ വനാതിര്‍ത്തികളില്‍ നിറയുന്നത് പ്രാണഭയത്തിന്റെ നിസ്സഹായതയാണ്. കഴിഞ്ഞ 34 ദിവസത്തിനിടെ വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാല് പേരാണ്.
2025 ജനുവരി എട്ടിന് ചേകാടിയില്‍ കര്‍ണാടക കുട്ട സ്വദേശി വിഷ്ണു കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാപ്പിക്കുരു പറിക്കുന്നതിനിടയില്‍ രാധയെ കടുവ കൊന്ന് ഭക്ഷിച്ചു. തിങ്കളാഴ്ച നൂല്‍പുഴ ഉന്നതിയിലെ മാനുവും ഒടുവില്‍ ചൊവ്വാഴ്‌ച്ച രാത്രി വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ അട്ടമല ഏറാക്കുണ്ട് കോളനിയിലെ ബാലകൃഷ്ണനും കാട്ടാന ആക്രണത്തില്‍ മരിച്ചു. ഇതോടെ ഇനി എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന ആശങ്കയിലാണ് വയനാട്ടുകാര്‍.
ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടു പേരാണ്. 2024 ജനുവരി 31 തോല്‍പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് ഫെബ്രു. 10ന് മാനന്തവാടി ചാലിഗദ്ധ പടമലയില്‍ ബേലൂര്‍ മഖ്‌ന എന്ന കാട്ടാന അജീഷിനെ പിന്തുടര്‍ന്നെത്തി ആക്രമിച്ച് കൊന്നു. ഇതിന്റെ പ്രതിഷേധം അണയും മുന്‍പേ 16നു വീണ്ടും കാട്ടാന മനുഷ്യജീവനെടുത്തു. കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോള്‍ (52) ആണു കൊല്ലപ്പെട്ടത്. പിന്നീട് മാര്‍ച്ച് 28ന് വയനാട്-മലപ്പുറം അതിര്‍ത്തിയായ പരപ്പന്‍പാറയില്‍ മിനിയെയും കാട്ടാന കൊന്നു. ജൂലൈ 16ന് കല്ലൂര്‍ കല്ലുമുക്ക് രാജുവും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക