Alappuzha

ആലപ്പുഴ സ്വദേശിനി സജിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

Published by

ചേര്‍ത്തല : യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന പരാതിയെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. വാര്‍ത്ത പരന്നതോടെ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിക്ക് പിന്നിലുള്ള സെമിത്തേരിയും പരിസരവും പ്രദേശവാസികളെ കൊണ്ട് തിങ്ങി നിറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അടക്കം ചെയ്ത നഗരസഭ 29-ാം വാര്‍ഡില്‍ പണ്ടക ശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജി (46) യുടെ മൃതദേഹമാണ് മൂന്നാം ദിവസം കല്ലറ പൊളിച്ച് പുറത്തെടുത്ത്. പെട്ടിയില്‍ നിന്ന് മൃതദേഹം പ്രത്യേക പ്ലാസ്റ്റിക് ബാഗിലേക്ക്മാറ്റി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്ഇന്‍ക്വസ്റ്റ് തയാറാക്കിയത്. ഇതിനായി സെമിത്തേരിയില്‍ പ്രത്രേക ക്രമീകരണം ഒരുക്കി. ഒന്നര മണിക്കുളോളം നടപടി നീണ്ടു. എഎസ്പി ഹരീഷ് ജയിന്‍ സബ് കലക്ടര്‍ സമീര്‍ കിഷന്‍, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പിന്നീട് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മുട്ടം പള്ളി സെമിത്തരിയില്‍ ആദ്യമാണ് ഇത്തരമൊരു സംഭവം എന്നതിനാല്‍ ആള്‍ക്കാര്‍ തടിച്ചു കുടി. സെമിത്തേരിയുടെ പടിഞ്ഞാറു ഭാഗത്തെ രണ്ടാം നിരയിലെ ആദ്യ കല്ലറയാണിത്. സിമന്റ് തേച്ചിട്ടിരുന്ന കല്ലറ രാവിലെയാണ് വെള്ള പുശിയത്.

ശനിയാഴ്ച ഏഴാം ചരമദിനം ആചരിക്കാനുളള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് സംഭവങ്ങളുടെ ഗതി മാറിയത്. പള്ളി പരിസരത്തുംസെമിത്തേരിയും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിരുന്നു. സജിയുടെ മകള്‍ മിഷ്മയും ഇവരുടെ സഹോദങ്ങളും അടുത്ത ബന്ധുക്കളും സെമിത്തേരിയില്‍ എത്തിയിരുന്നു.

സജിയുടെ മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതോടെ നാടാകെ നടുങ്ങി. പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങളുണ്ട്. സോണിയുടെ സ്ത്രീ സൗഹൃദങ്ങള്‍ സജി ചോദ്യം ചെയ്യുമായിരുന്നു.സോണിയും സജിയും തമ്മില്‍ കഴിഞ്ഞ മാസം എട്ടാം തീയതിയും വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്‌തെന്നാണ് മകളുടെ മൊഴി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by