India

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ ആളുകളെ ജോലി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി

Published by

ന്യൂദല്‍ഹി: സൗജന്യമായി സാധനങ്ങള്‍ നല്‍കുന്നത് ആളുകളെ ഒരു ജോലിയും ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ദല്‍ഹിയിലെ നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇക്കാര്യം പറഞ്ഞത്.

പാര്‍പ്പിടത്തിനുള്ള അവകാശം മൗലികാവകാശമാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കോടതി അംഗീകരിച്ചു. എന്നാല്‍ ഈ സാഹചര്യം അഭിമുഖീകരിക്കുന്നതിനുള്ള മികച്ച മാര്‍ഗം ഭവനരഹിതരെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കുകയാണ്.

സൗജന്യങ്ങള്‍ കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല. അവര്‍ക്ക് സൗജന്യ റേഷനും പണവും ഒരു ജോലിയും ചെയ്യാതെ ലഭിക്കുന്നു! സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് താന്‍ ഇതു പറയുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ് ചൂണ്ടിക്കാട്ടി.

‘ജോലിയുണ്ടെങ്കില്‍’ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്ത ആരും രാജ്യത്ത് ഇല്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞപ്പോള്‍ , ‘നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഭാഗികമായ അറിവേ ഉണ്ടാകൂ’ എന്ന് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. ‘താന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്‌ട്രയില്‍ പ്രഖ്യാപിച്ച സൗജന്യങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് തൊഴിലാളികളെ ലഭിക്കുന്നില്ല എന്നത് തനിക്കറിയാമെന്നും ജഡ്ജി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by