ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന ദീപം തെളിച്ചത്. ആയിരങ്ങളാണ് ദര്‍ശനത്തിനായി കാത്ത് നിന്നത്. ഇന്ന് പ്രത്യേക പൂജകളില്ല.
നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. കുംഭമാസം ഒന്നാം തീയതിയായ വ്യാഴാഴ്ച രാവിലെ 5 മണിക്ക് നട തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 17 ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും.
അതിനിടെ, ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പുത്തന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ‘ശബരിമല വികസന അതോറിറ്റി’ രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞു.മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം മന്ത്രി വൈസ് ചെയര്‍മാനുമായി, ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടായിരിക്കും സമിതി നിലവില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: