Kottayam

കോട്ടയത്തെ പാതയോര സൗന്ദര്യവല്‍ക്കരണം: കളക്ടറുടെ പദ്ധതിക്ക് പിന്തുണയുമായി കൂടുതല്‍ സ്‌കൂളുകള്‍

Published by

കോട്ടയം: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നില്‍ക്കണം. വലിച്ചെറിയല്‍ മുക്തവുമായിരിക്കണം.’ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ വാക്കുകള്‍ സന്തോഷത്തോടെ സ്വീകരിച്ച് ജില്ലയിലെ സ്‌കൂളുകള്‍. അധ്യാപകര്‍ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭാ പരിധികളിലുളള സ്‌കൂള്‍ പ്രഥമാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ചേര്‍ന്നു. മറ്റ് നഗരസഭാ പരിധികളിലെ സകൂളധികൃതരുടെ യോഗം കഴിഞ്ഞദിവസം കളക്ടര്‍ വിളിച്ചുചേര്‍ത്തിരുന്നു.
വിദ്യാലയങ്ങളുടെ മുന്‍പിലൂടെ കടന്നുപോകുന്ന റോഡിന്റെ അരികുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലേക്കുള്ള കവാടങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തിലേക്ക് മാറ്റണം. റോഡില്‍ തുപ്പുന്നതിനെതിരെയും ബോധവത്കരണം വേണം. പദ്ധതിയുടെ ഭാഗമായി നടുന്ന ചെടികള്‍ വേനല്‍ക്കാലത്ത് നനയ്‌ക്കുന്നതിന് നഗരസഭകളുടെ സഹായം ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ നഗരങ്ങള്‍ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയല്‍ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക