ആലപ്പുഴ : ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിൽ കാവടിയെടുക്കാൻ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല എത്തിയത് കഴിഞ്ഞ ദിവസമാണ് . പുലർച്ചെ രണ്ടിന് മേൽശാന്തി മഠത്തിൽ നിന്നു എണ്ണക്കാവടിയാണ് രമേശ് ചെന്നിത്തല വഹിച്ചത്. വെള്ളമുണ്ടുടുത്ത്, വെള്ള നേര്യേത് പുതച്ചാണ് ചെന്നിത്തല കാവടി എടുക്കാൻ എത്തിയത്.
ക്ഷേത്രത്തിൽ കാവടി എടുക്കാനെത്തിയ ആയിരങ്ങൾ കാവി ധരിച്ച് കാവടി എടുത്തപ്പോഴാണ് ആചാരങ്ങളോട് വിമുഖത കാട്ടി , ചെന്നിത്തല കാവി വസ്ത്രം ധരിക്കാതെ വെള്ളമുണ്ട് ധരിച്ചെത്തിയത്. തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും താന്ത്രിമാരും ആചാര്യന്മാരും നൽകിയിട്ടുള്ള നിർദേശങ്ങളിൽ കാവി വസ്ത്രം വേണമെന്ന് വ്യക്തമായി പറയുന്നുണ്ട്.
വ്രത സമയത്ത് സന്യാസ തുല്യമായ ജീവിതം നയിക്കണമെന്നുള്ളതിനാൽ ശരീരം കൊണ്ടും , മനസ് കൊണ്ടും ബ്രഹ്മചര്യ വ്രതം അനുഷ്ഠിക്കണമെന്നും , കാവി ധരിക്കണമെന്നുമാണ് തന്ത്രിമാരുടെ നിർദേശങ്ങളിൽ പറയുന്നത് . എന്നാൽ മറ്റാരെയോ തൃപ്തിപ്പെടുത്താനെന്ന മട്ടിലാണ് രമേശ് ചെന്നിത്തല കാവി ഒഴിവാക്കിയതെന്നാണ് ഭക്തർ പറയുന്നത് . പ്രഹസനം കാട്ടേണ്ട ഇടമല്ല ക്ഷേത്രമെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: