മുംബൈ : ഈ വർഷം മുംബൈയിൽ അനധികൃതമായി താമസിച്ചിരുന്ന 201 ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയതായും ഇവർക്കെതിരെ 131 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. ഇതിൽ 20 പേരെ നാടുകടത്തിയതായും അഞ്ച് മുതൽ ഏഴ് വരെയുള്ളവരുടെ രേഖകൾ ആധികാരികമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവരെ നേരിട്ട് ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായും പോലീസ് അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്ന് നഗരത്തിൽ അനധികൃതമായി താമസിച്ചതിന് എട്ട് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ വ്യാഴാഴ്ച ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രി വൈകി അഡ്ഗാവ് പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു നിർമ്മാണ സ്ഥലത്ത് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഇവിടെ നിന്നുമാണ് ഇവർ പിടിയിലായത്. നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കാർണിക് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
കസ്റ്റഡിയിലെടുത്തവരിൽ സുമൻ കലാം ഗാസി (27), അബ്ദുള്ള അലീം മണ്ഡൽ (30), ഷാഹിൻ മഫിസുൽ മണ്ഡൽ (32), ലസൽ നൂറാലി ശാന്തർ (23), ആസാദ് അർഷദലി മുല്ല (30), ആലിം സുവാങ്കൻ മണ്ഡൽ (32), അലമിൻ ആമിനൂർ ഷെയ്ഖ് (22), മോസിൻ മൗഫിസുൽ മുല്ല (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
ഇന്ത്യയിൽ താമസിക്കുന്നത് ന്യായീകരിക്കുന്നതിനുള്ള സാധുവായ രേഖകൾ ഹാജരാക്കാൻ അവർ പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇവരിൽ രണ്ടുപേർക്ക് ആധാർ കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തി.12 വർഷം മുമ്പ് ബംഗ്ലാദേശിലെ ഒരാളുടെ സഹായത്തോടെ ഗാസി എന്ന ബംഗ്ലാദേശി ആദ്യമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നും തുടർന്ന് ഇയാൾക്ക് അറിയാവുന്ന മറ്റുള്ളവരും ഇന്ത്യയിലേക്ക് കടന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നാസിക്കിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള തുടർച്ചയായ നീക്കത്തിന്റെ ഭാഗമായി പ്രതികൾക്കെതിരെ പ്രസക്തമായ നിയമ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക