ന്യൂദല്‍ഹി: ബാറിൽ അശീല നൃത്തം ചെയ്തുവെന്ന് ആരോപിച്ച് കുറ്റം ചുമത്തിയ ഏഴ് സ്ത്രീകളെ വെറുതേ വിട്ട് ദൽഹി കോടതി. ശരീരം വെളിവാക്കുന്ന തരത്തിൽ നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതോ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതോ കുറ്റകരമല്ലെന്ന് കോടതി വിധിച്ചു. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന പൊതു ഇടങ്ങളിലെ അശ്ലീല പ്രവൃത്തികൾ ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 പ്രകാരമാണ് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാലിത് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് തീസ് ഹസാരി കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നീതു ശർമ്മ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദല്‍ഹിയിലെ ബാറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഏഴു സ്ത്രീകള്‍ ബാറില്‍ അശ്ലീലനൃത്തം നടത്തിയെന്നായിരുന്നു കേസ്. “പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും, നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും കുറ്റകരമല്ല. നൃത്തം മറ്റുള്ളവര്‍ക്ക് അരോചകമാകുമ്പോള്‍ മാത്രമേ നര്‍ത്തകരെ ശിക്ഷിക്കാന്‍ കഴിയൂ,’ കോടതി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന പ്രകടനം ഉണ്ടായാല്‍ മാത്രമേ കുറ്റകൃത്യമായി കണക്കാക്കൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അശ്ലീലം കാണിച്ചതായി അറിയില്ലെന്ന് വിചാരണ വേളയില്‍ രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികള്‍ സമ്മതിച്ചു. പൊതുജനങ്ങളുടെ പരാതികളുടെ അഭാവത്തില്‍, കുറ്റാരോപിതരായ സ്ത്രീകളെയും ബാര്‍ മാനേജരെയും ലക്ഷ്യം വെച്ച് പോലീസ് കേസ് കെട്ടിച്ചമച്ചതാണ് കേസ് എന്ന് തോന്നുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവം നടന്ന സമയത്ത് താന്‍ പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന ഡ്യൂട്ടി റോസ്റ്ററോ ഡെയ്ലി ഡയറി എന്‍ട്രിയോ നല്‍കുന്നതില്‍ പരാതിക്കാരനായ ദല്‍ഹി പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ധര്‍മ്മേന്ദ്ര പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബാറിന്റെ പ്രവര്‍ത്തനത്തില്‍ പോലീസ് അല്ലെങ്കില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കാണിക്കുന്ന തെളിവ് ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക