ന്യൂദൽഹി : ഓഖ്‌ലയിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന് പ്രശ്‌നങ്ങൾ തുടരുകയാണ്. ജാമിയ നഗറിലെ ക്രൈംബ്രാഞ്ച് ഓപ്പറേഷനിൽ അനധികൃതമായി ഇടപെട്ടുവെന്ന് ആരോപിച്ച് ദൽഹി പോലീസ് നിയമസഭാംഗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയമപാലന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഖാന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. കുറ്റവാളികൾക്ക് അഭയം നൽകുക, പൊതുപ്രവർത്തകരെ തടസ്സപ്പെടുത്തുക, സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തുക എന്നീ വകുപ്പുകൾ ഉൾപ്പെടെ ബിഎൻഎസ് യുടെ ഒന്നിലധികം വകുപ്പുകൾ എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്.
കൊലപാതകശ്രമ കുറ്റത്തിന് തിരയുന്ന കുറ്റവാളിയും കൊടും ക്രിമിനലും ജിഹാദിയുമായ ഷഹബാസ് ഖാനെ പിടികൂടാൻ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ജാമിയ നഗറിൽ റെയ്ഡ് ആരംഭിച്ചു. എന്നാൽ ഓപ്പറേഷനിടെ അമാനത്തുള്ള ഖാൻ ഇടപെട്ട് ഷഹബാസ് ഖാനെ രക്ഷപ്പെടാൻ സഹായിച്ചതായിട്ടാണ് പോലീസ് ആരോപിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ ഖാനും അനുയായികളും മനഃപൂർവ്വം പോലീസ് നടപടി തടസ്സപ്പെടുത്തിയെന്നാണ്. ദൽഹി പോലീസും ക്രൈംബ്രാഞ്ചും ഷഹബാസ് ഖാനെ പിടികൂടാൻ സംയുക്തമായി റെയ്ഡുകൾ നടത്തുന്നതിനിടയിൽ എഎപി നേതാവ് ബഹളം വച്ചു. തുടർന്ന് തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയതിന് എഎപി നേതാവിനെ കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ വീണ്ടും അദ്ദേഹവും പോലീസ് സംഘവും തമ്മിൽ രൂക്ഷമായ തർക്കവും ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയിൽ ഷഹബാസ് ഖാൻ ഓടി രക്ഷപ്പെടുകയാണുണ്ടായത്.
ഏറ്റുമുട്ടലിനിടെ ഖാനും അനുയായികളും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപണമുണ്ട്. കലഹത്തെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്‌ക്ക് അയച്ചു. എന്നിരുന്നാലും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘർഷത്തെത്തുടർന്ന് പോലീസ് അമാനത്തുള്ള ഖാനെതിരെ പരാതി എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ഒളിവിൽ പോയ അമാനത്തുള്ള ഖാനെ പിടികൂടാൻ നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി വരികയാണ്.
2015 മുതൽ ഓഖ്‌ല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ എഎപി നേതാവാണ് അമാനത്തുള്ള ഖാൻ. കൂടാതെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഉള്ള ദൽഹി എംഎൽഎമാരിൽ ഒരാളും കൂടിയാണ് ഖാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക