Kerala

പത്താംക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയത് പ്രതിയുടെ പെൺസുഹൃത്തുമായുള്ള അടുപ്പം മൂലം: സംഘത്തിലെ നാല് പേരും പിടിയിൽ

Published by

തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഘത്തിലെ 2 പേർ കൂടി പിടിയിൽ. ഇതോടെ സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് അറിയിച്ചു.

തട്ടികൊണ്ടുപോയ വിദ്യാർത്ഥിയെ പ്രതികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. രാത്രി 7:45 ഓടെയായിരുന്നു സംഭവം.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by