Main Article

പരീക്ഷകളുടെ പടക്കളത്തിനുമപ്പുറം

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് വിദ്യാര്‍ത്ഥികള്‍. അവരുടെ ഓരോ ചുവടുവയ്പ്പുമാണ് രാഷ്ട്രത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നത്. സ്‌കൂള്‍ തല പരീക്ഷകളിലെ അവരുടെ മികച്ച പ്രകടനം ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അവരെ പ്രാപ്തരാക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുകയാണ് പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചകള്‍. ചരിത്രം സൃഷ്ടിച്ച പരീക്ഷ പേ ചര്‍ച്ചയുടെ എട്ടാമത് എഡിഷനും വന്‍ വിജയമായി

Published by

ധര്‍മ്മേന്ദ്ര പ്രധാന്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

പ്രകൃതി അതിന്റെ സഞ്ചിത ജ്ഞാനത്തില്‍ നിന്ന് ഓരോ മനുഷ്യനും വ്യതിരിക്തമായ വ്യക്തിത്വമാണ് പകര്‍ന്ന് നല്‍കിയിയിരിക്കുന്നത്. നമ്മുടെ വിരലടയാളം മുതല്‍ നേത്രപടലം വരെ, ധാരണകള്‍ മുതല്‍ ചിന്തകള്‍ വരെ, പ്രതിഭ മുതല്‍ പ്രാപ്തി വരെ വ്യത്യസ്തമാണ്. മനുഷ്യന്റെ അതുല്യതയെക്കുറിച്ചുള്ള ഈ ആഴമേറിയ സത്യം നമ്മുടെ സമൂഹത്തെ നിര്‍വ്വചിക്കുന്ന സവിശേഷതയാണ്. ഈ അതുല്യത പ്രതിഫലിപ്പിക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ഓരോ കുട്ടിക്കും സഹജമായ കഴിവുകളുണ്ട്; ചിലര്‍ക്ക് അക്കാദമിക മികവുണ്ട്, ചിലര്‍ക്ക് സര്‍ഗ്ഗാത്മകതയുമുണ്ട്, മറ്റു ചിലര്‍ക്ക് കായിക വൈദഗ്ധ്യവും പ്രൊഫഷണല്‍ മികവുമുണ്ട്. ഈ അതുല്യതയെ അംഗീകരിച്ചു കൊണ്ട് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, ‘മനുഷ്യനിലുള്ള പൂര്‍ണതയുടെ പ്രകടീകരണമാണ് വിദ്യാഭ്യാസം’.

കുട്ടികളിലെ സ്വാഭാവിക കഴിവുകള്‍ പുറത്തെടുക്കുകയും, ഇഷ്ടപ്പെട്ട അക്കാദമിക, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അവരെ ക്രിയാത്മകമായി ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളികളാണ്. അദ്ധ്യാപകരും നയരൂപീകരണ വിദഗ്ധരും എന്ന നിലയില്‍ നമ്മുടെ പങ്ക്, ഒരു കുട്ടിയിലെ അതുല്യമായ കഴിവുകളെ പരിപോഷിപ്പിക്കുകയും, സ്വയം തിരഞ്ഞെടുത്ത ലക്ഷ്യത്തില്‍ അവരെ മികവിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം, പ്രതിഭയെ നമ്മള്‍ എങ്ങനെ നിര്‍വ്വചിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു എന്നതില്‍ മാതൃകാപരമായ ഒരു പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ കുട്ടിയുടെയും ഉള്ളിലുറങ്ങുന്ന, രാജ്യ പുരോഗതിക്ക് സംഭാവന നല്‍കാനുതകുന്ന, അതുല്യതയുടെ സൂക്ഷ്മ പ്രതിഭയെ തനത് ഭാവത്തില്‍ വെളിപ്പെടുത്താന്‍ ശേഷിയുള്ള ഒരു ദാര്‍ശനിക ചട്ടക്കൂടാണത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തില്‍, പഠനകാലത്തോ പരീക്ഷാ വേളയിലോ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഒഴിവാക്കി, ഒരു കുട്ടിയുടെ വിദ്യാഭ്യാസ യാത്ര സദാ ആവേശകരവും അവിസ്മരണീയവുമാണെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യകരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നു. അടിസ്ഥാന പഠനം മുതല്‍ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഉന്നത തലങ്ങള്‍ വരെ, ഈ കാഴ്ചപ്പാടാണ് നമ്മുടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ കേന്ദ്രബിന്ദു.

കുറച്ച് വര്‍ഷം മുമ്പ്, നമ്മുടെ യുവ പഠിതാക്കള്‍ക്കുള്ള ബാല വാടിക അഥവാ കളിപ്പാട്ടാധിഷ്ഠിത പഠനം വ്യാപകമായ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നൂതന സമീപനങ്ങള്‍ പ്രാരംഭ വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു. പഠനത്തെ ക്ലേശകരമായ ബാധ്യതയായി മാറ്റുന്നതിനുപകരം സന്തോഷകരമായ സംരംഭമാക്കി മാറ്റുന്നു. ഓരോ കുട്ടിയും അവരുടെ സ്വാഭാവിക കഴിവുകള്‍ക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായം തിരിച്ചറിയുന്നു.

പരീക്ഷയിലെ ജയ പരാജയങ്ങള്‍ ഒരിക്കലും സമഗ്ര വികസനത്തെ ബാധിക്കാത്ത, യുവാക്കളുടെ മാനസിക ആരോഗ്യത്തിന് ഭീഷണിയാകാത്ത ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ നിര്‍ണായക വെല്ലുവിളി തിരിച്ചറിഞ്ഞ്, പരീക്ഷാ സംബന്ധമായ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ സഹായിക്കുകയെന്നത് ഒരു ദേശീയ മുന്‍ഗണനയായി നമ്മുടെ സര്‍ക്കാര്‍ കരുതുന്നു. പ്രധാനമന്ത്രിയുടെ വിപ്ലവകരമായ ‘പരീക്ഷ പേ ചര്‍ച്ച’സംരംഭം വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അദ്ധ്യാപകര്‍ എന്നിവരുടെ മൂല്യനിര്‍ണ്ണയങ്ങളോടുള്ള സമീപനങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്. വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, രക്ഷിതാക്കള്‍ എന്നിവരുമായുള്ള പ്രധാനമന്ത്രിയുടെ സംവാദങ്ങള്‍ പരീക്ഷാ ഉത്കണ്ഠയെ ദേശീയ സംവാദത്തിനുള്ള വിഷയമായി മാറ്റി. പരീക്ഷകളെ ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠ ഇല്ലാതാക്കാന്‍ അദ്ദേഹം വര്‍ഷങ്ങളായി ശ്രമിച്ചു പോരുന്നു. പ്രധാനമന്ത്രിയുടെ സ്വജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉള്ള പ്രായോഗികമായ നുറുങ്ങുകള്‍ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി. അവര്‍ക്ക് സുഗമമവും സമ്മര്‍ദ്ദരഹിതവുമായ മികച്ച പരീക്ഷാ അനുഭവം ഇത് ഉറപ്പാക്കുന്നു. യഥാര്‍ത്ഥ നേതൃത്വത്തിലേക്കുയര്‍ന്ന്, രാഷ്‌ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കുകയും രാജ്യ പുരോഗതിയിലേക്ക് വിട്ടുവീഴ്ചയില്ലാത്ത മുന്നേറ്റം ഉറപ്പാക്കുകയും ചെയ്യുന്ന ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ സമര്‍പ്പണത്തിന് അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യം വഹിക്കുകയാണ് നാം.

മാതാപിതാക്കളും പൊതു സമൂഹവും ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുക്കളാണ്. പിന്തുണാപൂര്‍വ്വമുള്ള പഠന അന്തരീക്ഷത്തിന്റെയും മാനസികാരോഗ്യത്തിന്റെയും നിര്‍ണായക പ്രാധാന്യം എടുത്തുകാണിക്കുന്നതില്‍ പരീക്ഷ പേ ചര്‍ച്ച പരിവര്‍ത്തനാത്മകമായ പങ്കു വഹിച്ചിട്ടുണ്ട്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികളിലും – നമ്മുടെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയിലേക്കും – വിപുലീകരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ട ഒരു മനോഭാവമാണിത്. പഠനത്തിന്റെ എല്ലാ ഘട്ടങ്ങളില്‍ നിന്നും, പരീക്ഷകളുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഒഴിവാക്കേണ്ടതുണ്ട്.

‘ഒരു കുട്ടിയെ നിങ്ങളുടെ അറിവുകളില്‍ മാത്രമായി പരിമിതപ്പെടുത്തരുത്, കാരണം അവന്‍ മറ്റൊരു കാലത്താണ് ജനിച്ചത്’ എന്ന രവീന്ദ്രനാഥ ടാഗോറിന്റെ ജ്ഞാനോദ്ദീപകമായ വാക്കുകളാണ്, വിദ്യാഭ്യാസ പരിവര്‍ത്തനത്തോടുള്ള നമ്മുടെ സമീപനത്തെ നയിക്കേണ്ടത്. വിദ്യാഭ്യാസകാലത്തെ സമ്മര്‍ദ്ദം കാലത്തിന്റെ അനിവാര്യതയാണെന്ന ആശയം അംഗീകരിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ നിന്ന്, യഥാര്‍ത്ഥ പഠനം നൈസര്‍ഗ്ഗികമായി അഭിവൃദ്ധി പ്രാപിക്കേണ്ട ഒന്നാണ് എന്ന ധാരണയിലേക്ക് നാം വഴിമാറേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ജനസമൂഹങ്ങളും അധ്യാപകരും കുടുംബങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, വിജയം അനായാസമാകുന്നു. ക്ലാസ് മുറി മുതല്‍ കളിസ്ഥലം വരെ, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ മുതല്‍ ഗവേഷണശാലകള്‍ വരെ, വൈവിധ്യമാര്‍ന്ന പ്രതിഭകള്‍ക്ക് സ്വന്തം പ്രതിഭ തിരിച്ചറിയാനും വളരാനും കഴിയുന്ന ഇടങ്ങള്‍ നാം സൃഷ്ടിക്കണം. ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന പരമ്പരാഗത സമീപനത്തില്‍ നിന്ന് മാറുക തന്നെ വേണം. വ്യക്തിഗത കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്ന കൂടുതല്‍ സൂക്ഷ്മവും പ്രതിക്രിയാത്മകവുമായ ഒരു സംവിധാനത്തിലേക്ക് വഴിമാറാന്‍ ശ്രമിക്കണം.

വികസിത ഭാരതത്തിലേക്ക് നാം അതിവേഗം മുന്നേറുമ്പോള്‍, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ദേശീയ പരിവര്‍ത്തനത്തിന്റെ പ്രധാന അടിത്തറയായി നിലകൊള്ളുന്നു. ഓരോ നൈപുണ്യത്തിനും പ്രാധാന്യമുണ്ടെന്നും , ഓരോ പ്രയാണത്തിനു മൂല്യമുണ്ടെന്നും, ഓരോ കുട്ടിക്കും സ്വന്തം മികവിലേക്കുള്ള അതുല്യമായ പാത കണ്ടെത്താനുള്ള അവകാശമുണ്ടെന്നും നാം തിരിച്ചറിയുന്നു. വൈവിധ്യമാര്‍ന്ന പ്രതിഭകളെ വാര്‍ത്തെടുക്കുമ്പോള്‍, നാം നമ്മുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുകയും സമസ്ത മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ കുട്ടികളാണ് നമ്മുടെ ഭാവി. അവര്‍ അതുല്യമായ സ്വന്തം പ്രതിഭകളാല്‍ തിളങ്ങുകയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യും. ശോഭനമായ ഒരു ഭാവി നമ്മെ മാടിവിളിക്കുന്നു. ഓരോ കുട്ടിയുടെയും അദ്വിതീയതയിലാണ് ഭാരതത്തിന്റെ ഭാവിയുടെ അതുല്യത കുടികൊള്ളുന്നതെന്ന് നാം വിശ്വസിക്കുന്നു. സമ്മര്‍ദ്ദരഹിതമായ പഠനമാണ് നമ്മുടെ പ്രതിഭാസമ്പന്നരായ വിദ്യാര്‍ത്ഥികളുടെ അതുല്യമായ സംഭാവനകള്‍ വികസിപ്പിക്കുന്നതിനുള്ള താക്കോല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക