India

ഒരു ഡോളറിന് വാങ്ങിയ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റ് 698 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം; ദുബായിലെ ജഹാംഗീറിനെ പൂട്ടി സെബി അധ്യക്ഷ

എല്‍എസ് ഇന്‍സ്ട്രീസ് എന്ന ഹിമാചല്‍ പ്രദേശിലെ ഒരു പൊളിഞ്ഞ കമ്പനിയുടെ കടലാസ് വിലയുള്ള ഓഹരികള്‍ വെറും ഒരു ഡോളറിന് കൈക്കലാക്കിയ ശേഷം അത് വിറ്റ് 698 കോടി രൂപ വാരിക്കൂട്ടാനുള്ള ദുബായ് നിക്ഷേപകനായ ജഹാംഗീറിനെ പൂട്ടി സെബി. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സെബി അഥവാ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അതിന്‍റെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന മാധബി പുരി ബൂച്ചിന്‍റെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ തട്ടിപ്പ് വെളിവാകാന്‍ കാരണമായത്.

മുംബൈ: എല്‍എസ് ഇന്‍സ്ട്രീസ് എന്ന ഹിമാചല്‍ പ്രദേശിലെ ഒരു പൊളിഞ്ഞ കമ്പനിയുടെ കടലാസ് വിലയുള്ള ഓഹരികള്‍ വെറും ഒരു ഡോളറിന് കൈക്കലാക്കിയ ശേഷം അത് വിറ്റ് 698 കോടി രൂപ വാരിക്കൂട്ടാനുള്ള ദുബായ് നിക്ഷേപകനായ ജഹാംഗീറിന്റെ ശ്രമം പൊളിച്ചടുക്കി സെബി. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സെബി അഥവാ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അതിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന മാധബി പുരി ബൂച്ചിന്റെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ തട്ടിപ്പ് വെളിവാകാന്‍ കാരണമായത്.

മലയാളിയായ ദുബായ് നിക്ഷേപകന്‍ ജഹാംഗീര്‍ പണിക്കവീട്ടില്‍ പെരുമ്പറമ്പത്ത് ആണ് ആധുനിക ഓഹരിതട്ടിപ്പിന് പിന്നില്‍. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍എസ് ഇന്‍ഡ്സ്ട്രീസ് എന്ന ഒരു കടലാസ് കമ്പനിയുടെ 10.28 കോടി ഓഹരികള്‍ ഒരു ഡോളര്‍ നല്‍കി ജഹാംഗീര്‍ സ്വന്തമാക്കുന്നു. പിന്നീട് അദ്ദേഹം ആ കമ്പനി മികച്ച കമ്പനിയാണെന്ന രീതിയില്‍ പ്രചാരണം നടത്തുന്നു. ഇതുപോലെ കടലാസ് കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാണിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്രചാരണസൈറ്റുകള്‍ ധാരാളമുണ്ട്. ഗള്‍ഫിലും ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ട്. ഇതോടെ ഈ ഓഹരിയില്‍ സാധാരണക്കാരായ നിക്ഷേപകര്‍  പണം ഇറക്കി ഈ ഓഹരികള്‍ വാങ്ങുന്നതോടെ എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയരുന്നു.

വാസ്തവത്തില്‍ ഈ കമ്പനിയുടെ വിറ്റുവരവെല്ലാം നാമമാത്രമാണ്. ഈ കമ്പനിയെ വിലയിരുത്തിയപ്പോള്‍ ഇക്കാര്യം സെബിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷെ എല്‍ എസ് ഇന്‍സ്ട്രീസിന്റെ ഓഹരിവില കൃത്രിമമാര്‍ഗ്ഗത്തിലൂടെ പെരുപ്പിച്ച് കാണിച്ചതോടെ ജഹാംഗീറിന്റെ കൈവശമുള്ള എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ 10.28 കോടി ഓഹരികളുടെ വിലയും കുതിച്ചുയര്‍ന്നു. ഇതില്‍ ചെറിയൊരു പങ്ക് ഓഹരികള്‍ വിറ്റ് ജഹാംഗീര്‍ 1.14 കോടി രൂപ കൈവശപ്പെടുത്തി. അന്നേരം അയാളുടെ കൈവശമുള്ള ബാക്കി ഓഹരികളുടെ മൂല്യം എത്രയായിരുന്നെന്നോ? 698 കോടി രൂപ. കുറെശ്ശേ കുറെശ്ശേയായി കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ച് കോടികള്‍ വാരാനുള്ള ശ്രമത്തിലായിരുന്നു ജഹാംഗീര്‍. പക്ഷെ സെബി അധ്യക്ഷ മാധബി പുരി ബുച്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇക്കാര്യം മനസ്സിലായി. മാത്രമല്ല, ചെറിയൊരു ഭാഗം ഓഹരി വിറ്റ് നേരത്തെ നേടിയ 1.14 കോടി രൂപ ഇയാള്‍ ദുബായിലേക്ക് തന്നെ വഴി തിരിച്ചുവിട്ടിരുന്നു. ഇതും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ് മെന്‍റ് ആക്ട് (ഫെമ- FEMA) പ്രകാരമുള്ള നിയമലംഘനമാണെന്നും സെബി കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ മുന്‍ മേധാവി സുവെറ്റ് മെങ് ചായ് വെറും ഒരു ഡോളര്‍ മാത്രം വാങ്ങിയാണ് ഇത്രയ്‌ക്കധികം ഓഹരികള്‍ ജഹാംഗീറിന് കൈമാറിയതെന്ന് ശ്രദ്ധയില്‍പ്പെട്ടത് പിന്നീട് കമ്പനിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഓഹരിവില കുത്തനെ ഉയര്‍ത്തി. അതേ സമയം എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ വിറ്റുവരവ് കണക്കാകട്ടെ അങ്ങേയറ്റം നഷ്ടത്തിലാണ് താനും. ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തിലും നവമ്പര്‍-ഡിസംബര്‍ സമയത്തുമായി രണ്ട് തവണയായാണ് എല്‍എസ് ഇന്‍സ്ട്രീസിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നത്.

2024 സെപ്തംബര്‍ 27നാണ് ജഹാംഗീര്‍ പണിക്കവീട്ടില്‍ തന്റെ കയ്യിലുള്ള ഒരു പങ്ക് ഓഹരികള്‍ ഒരു ഓഹരിക്ക് 267 രൂപ 50 പൈസ വീതം വിറ്റഴിച്ചത്. ഇതിലാണ് അയാള്‍ 1.14 കോടി രൂപ സമ്പാദിച്ചത്. ഓഹരിവിപണിയില്‍ നിലനില്‍ക്കുന്ന രഹസ്യമായ  സംയോജിത ഇടപാട് രീതിയെക്കുറിച്ച് സെബിക്ക് കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. എല്‍എസ് ഇന്‍സ്ട്രീസും അവരുടെ പ്രൊമോട്ടര്‍ സ്ഥാപനമായ പ്രോഫൗണ്ട് ഫിനാന്‍സും ജഹാംഗീര്‍ പണിക്കവീട്ടിലും ചേര്‍ന്നുള്ള വ്യാജപ്രചാരണത്തിലൂടെ സാധാരണനിക്ഷേപകരുടെ പണമാണ് ഇവര്‍ കബളിപ്പിച്ച് തട്ടിയതെന്നാണ് സെബിയുടെ നിഗമനം. ഇത്തരത്തില്‍ കടലാസ് വില പോലുമില്ലാത്ത കമ്പനികള്‍ സാധാരണക്കാരുടെ പണം തട്ടുന്ന പ്രവണത കൂടിവരുന്നതായി സെബി വിലയിരുത്തുന്നു.

എല്‍എസ് ഇന്‍ഡസ്ട്രീസ് പുതിയൊരു കമ്പനിയെ വിലക്ക് വാങ്ങുകയാണെന്ന കള്ളപ്രചാരണവും ഇതിനിടെ നടന്നു. റോബോ ഷെഫ് എന്ന കമ്പനിയെ വിലയ്‌ക്ക് വാങ്ങാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. പക്ഷെ സെബി ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ റോബോ ഷെഫ് എന്ന കമ്പനി കള്ളക്കമ്പനിയാണെന്ന് മനസ്സിലായി. എല്‍എസ് ഇന്‍ഡസ്ട്രീസ് വിലക്കെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ റോബോ ഷെഫിന്റെ ഓഹരി വിലയും കുത്തനെ ഉയര്‍ന്നു. ഇതോടെ റോബോ ഷെഫിന്റെ ഡയറക്ടര്‍മാരായ സുരേഷ് ഗോയല്‍, അല്‍ക്കസാഹ്നി, ശശികാന്ത് സാഹ്നി എച്ച് യു എഫ് എന്നിവരും ഉയര്‍ന്ന ഓഹരി വിലയ്‌ക്ക് അവരുടെ കമ്പനിയുടെ ഓഹരികള്‍ വിറ്റ് വന്‍ ലാഭം കൊയ്തതും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു. പല മാധ്യമങ്ങളിലും എല്‍എസ് ഇന്‍ഡസ്ട്രീയുടെ ആസ്തി 5500 കോടി രൂപയാണെന്ന പ്രചാരണവും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ കമ്പനിയുടെ വിറ്റ് വരവ് പൂജ്യം രൂപ മാത്രമായിരിക്കുമ്പോഴാണ് ഇത്രയും വലിയ മൂല്യം കമ്പനിക്കുള്ളതായ പ്രചാരണം വന്നത്.

എന്തായാലും ഈ തട്ടിപ്പ് പുറത്തുവന്നതോടെ സെബി കൂടുതല്‍ ജാഗ്രതയില്‍ മുന്നോട്ട് നീങ്ങുമെന്ന് മാധബി പുരി ബുച്ച് പറഞ്ഞു. വിപണിയില്‍ നിലനില്‍ക്കുന്ന മാന്യമല്ലാത്ത വ്യാപാര ശൈലി നിരോധിക്കുന്നതിലും ഓഹരി വിപണിയില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥകളും കൂടുതല്‍ കര്‍ശനമാക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സെബി ഇപ്പോള്‍.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക