Business

റിക്കാര്‍ഡ് തിരുത്തി സ്വര്‍ണവില

Published by

തിരുവല്ല: അന്താരാഷ്‌ട്ര വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില 2,900 ഡോളര്‍ കടന്നു. ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2910.40 ഡോളര്‍ ആയിരുന്നു ഇന്നലെ വില. രാജ്യാന്തര വിപണിയിലെ കുതിപ്പ് കേരളത്തിലും പ്രതിഫലിച്ചപ്പോള്‍ തുടക്കത്തില്‍ വില ഗ്രാമിന് 8,060 എന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. എന്നാല്‍ രൂപ കരുത്തു കാട്ടിയതോടെ വില 8010 ആയി കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് ഇന്നലെ ജ്വല്ലറികള്‍ തുറന്നപ്പോള്‍ വില 64,480 രൂപ ആയിരുന്നെങ്കിലും പിന്നീട് 64,080 ആയി.

ഇതാദ്യമായാണ് കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 8,000വും പവന് 64,000 വും കടക്കുന്നത്. ഇന്നലെ വ്യാപാരം തുടങ്ങുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 87.29 രൂപ ആയിരുന്നു. രണ്ടു മണിക്കൂറിനുള്ളില്‍ രൂപ കരുത്തു നേടി നിരക്ക് 86.86 ലേക്ക് എത്തി. ഒരു ഡോളറില്‍ 43 പൈസയുടെ വ്യത്യാസം വന്നപ്പോള്‍, സ്വര്‍ണവില ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഈ മാസം 11 ദിവസം കൊണ്ട് കേരളത്തില്‍ 2,640 രൂപയുടെ വില വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ ഉണ്ടായതാവട്ടെ 7,280ഉം. വില 64,480 രൂപയിലേക്ക് എത്തിയ രാവിലെ, ശരാശരി 10 ശതമാനം പണിക്കൂലി, പണിക്കുറവ്, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി അടക്കം ഒരു പവന്‍ വാങ്ങിയവര്‍ 73,104 രൂപ നല്‍കേണ്ടി വന്നു. രണ്ടു മണിക്കൂറിനു ശേഷം വാങ്ങിയവര്‍ക്ക് 72,704 രൂപ മതിയായി. അഞ്ചുലക്ഷം രൂപയുണ്ടെങ്കില്‍ ആറേമുക്കാല്‍ പവനേ ഇപ്പോള്‍ വാങ്ങാനാവൂ.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി ചുങ്കം സംബന്ധിച്ച കര്‍ശന നയങ്ങളാണ് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ത്തുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by