Entertainment

ശൂലം കുത്തുമ്പോൾ ദേഹത്ത് മുരുകൻ കയറുമോ? അന്ധവിശ്വാസമല്ലേ?’; മറുപടിയുമായി കാർത്തിക് സൂര്യ

Published by

ശൂലം കുത്തി കാവടിയെടുത്തതിന്റെ പേരിൽ നേരത്തെ വലിയ വിമർശനം നേരിട്ട ആളാണ് കാർത്തിക് സൂര്യ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു താരം നേരിട്ട ആക്ഷേപം. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് കാർത്തിക്. അടുത്ത അഗ്നിക്കാവടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ചോദ്യങ്ങൾക്ക് കാർത്തിക് മറുപടി നൽകിയത്. കാർത്തികിന്റെ വാക്കുകളിലേക്ക്

‘ദേഹത്ത് മുരുകൻ കേറുമോ? എനർജിയാണ് ശരീരത്തിൽ തോന്നുന്നത്. ദൈവം എന്നത് യഥാർത്ഥത്തിൽ ഒരു ശക്തിയാണ്. ശരീരത്തിൽ വരുന്ന എനർജി എക്സ്പ്ലോർ ആയി പോകുന്നതാണ് ദേഹത്ത് ദൈവം കൂടുന്നുവെന്ന് പറയുന്നത്. നെഗറ്റീവ് എനർജി കയറുമ്പോഴാണ് പ്രേതമൊക്കെ കയറിയെന്ന് പറയുന്നത്. ദേഹത്ത് മുരുകൻ കയറുമോയെന്ന് ചോദിച്ചാൽ ഞാൻ പ്രാർത്ഥിക്കുന്നത് മുരുകനെയാണ്, ആ എനർജിയാണ് എനിക്ക് ദേഹത്തോട്ട് കയറുക. ഇതാണ് എന്റെ പരിമിതമായി അറിവ്. ശരിയാണ് കാവടി ചെയ്യുമ്പോൾ ദേഹത്ത് മുരുകൻ കയറും.

ശൂലം വായിലൂടെ കയറ്റുമ്പോൾ വേദനെടുക്കില്ലേ? കന്നിവേൽ കാവടി ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോൾ ആണ് എടുക്കുന്നത്. അന്ന് ഞാൻ എന്നോടും ചുറ്റുമുള്ളവരോടും ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. എനിക്ക് ഇഞ്ചക്ഷൻ തന്നെ പേടിയാണ്. ഞാൻ നാലോ ആറോ അടിയുള്ള വേൽ ആണ് ആദ്യം എടുക്കുന്നത്. വേദന എടുത്താൽ ഞാൻ എടുക്കുമോ ഒരിക്കലും ഇല്ല. ആ സമയത്ത് നമ്മുക്ക് വലിയൊരു എനർജിയാണ് തോന്നുക. ആ സമയത്താണ് ഇവർ നമ്മുക്ക് വേൽ കുത്തിതരിക. 12 അടി വേൽ എടുക്കുന്നവരുണ്ട്. ശരിക്കും വേദന തോന്നുമെങ്കിൽ അറിഞ്ഞോണ്ട് ആരെങ്കിലും വേദന സ്വീകരിക്കുമോ?, ഒരിക്കലും ഇല്ല. അനുഗ്രഹം കിട്ടാതെ വേൽ കുത്തുന്നവർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ ഞാൻ നമിക്കുന്നു. ഞാൻ മൂന്നാമത്തെ കാവടിയാണ് ഇപ്പോൾ എടുക്കുന്നത്. കഴിഞ്ഞ തവണ എടുത്തത് അഗ്നിവേൽ ആണ്, ഇതും അഗ്നി വേൽ തന്നെയാണ്.

നമ്മുക്ക് മനസിലാവാത്ത കാര്യങ്ങളെ വിമർശിക്കുന്നതാണ് നമ്മുടെ ശീലം. ഇതൊരിക്കലും അനുഭവിക്കാത്ത ആളുകളോട് പറഞ്ഞ് കഴിഞ്ഞാൽ അവർക്കത് മനസിലാക്കാൻ പറ്റില്ല. ഇതെടുത്ത് കഴിഞ്ഞാൽ മാത്രമേ മനസിലാകു. ആദ്യം കാവടി എടുത്തപ്പോൾ 71 ദിവസം വ്രതമെടുത്തു. പല അമ്പലങ്ങളിലും പോയി. അനുഗ്രഹം കിട്ടും എന്ന് പറയുന്ന അമ്പലത്തിലൊക്കെ പോയി. പക്ഷെ അനുഗ്രഹം കിട്ടിയില്ല. എന്നിരുന്നാലും ചിലപ്പോഴൊക്കെ പ്രാർത്ഥിക്കുമ്പോൾ എന്റെ ശരീരം ആലില പോലെ ആടുന്നതൊക്കെ എനിക്ക് തോന്നുമായിരുന്നു. കാപ്പ് കെട്ടുന്ന ദിവസം ഒരു ഭാഗത്ത് നിന്ന് മണിയടിക്കുന്നു, ചെണ്ട കൊട്ടുന്നു, ചന്ദനത്തിരി , കർപ്പൂരം കത്തിക്കുന്ന മണം, അന്തരീക്ഷം മാറിയപ്പോൾ എന്റെ ശരീരത്തെ ഞാൻ ആ മൊമന്റിലേക്ക് അർപ്പിച്ച് കൊടുത്തു.

എന്താണോ എന്റെ ശരീരത്തിൽ വരാൻ പോകുന്നത് അത് വരട്ടെ എന്ന് കരുതി ബോഡിയെ വിട്ടുകൊടുത്തു. അത് കഴിഞ്ഞപ്പോൾ കണ്ണ് തുറന്നപ്പോൾ അവിടെ നിന്നങ്ങ് തുള്ളുവാണ് ഞാൻ. എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലായിരുന്നു ഞാൻ, ദൈവീകമായൊരു അവസ്ഥ. ഞാൻ കോൺഷ്യസ് ആണോയെന്ന് ചോദിച്ചാൽ ആണ്, എന്നാൽ നമ്മുടെ ബോഡി പവർഫുൾ ആണ്. ഇതിൽ കൂടുതൽ എക്സ്പ്ലൈൻ ചെയ്യാൻ സാധിക്കില്ല. ജീവിതത്തിൽ ഒരു അച്ചടക്കം തന്നുവെന്നതാണ് കാവടി വ്രതം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം’, കാർത്തിക് സൂര്യ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by