പിനാക ശിവഭഗവാന്റെ വില്ല് (ഇടത്ത്) പിനാക റോക്കറ്റ് വിക്ഷേപണസംവിധാനം (വലത്ത്)
ന്യൂദല്‍ഹി: പരമശിവന്റെ വില്ലാണ് പിനാക. ഭാരതീയ പുരാണത്തിലെ ഏറ്റവും ശക്തമായ വില്ലാണ് പിനാക. വാസ്തുശില്‍പകലയുടെയും ശില്പവൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദൈവമായ വിശ്വകര്‍മ്മാവ് ശിവന് നിര്‍മ്മിച്ചു നല്‍കിയ വില്ലാണ് പിനാക. പ്രതിരോധ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കി ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിന് പ്രാധാന്യം നല്‍കിയത് മോദിയാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യ നിര്‍മ്മിച്ച ശക്തമായ ആയുധമായ റോക്കറ്റ് വിക്ഷേപിണിയ്‌ക്ക് ശിവന്റെ വില്ലായ പിനാക എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
ഇപ്പോഴിതാ പിനാക വാങ്ങാന്‍ ഫ്രാന്‍സും എത്തിയിരിക്കുകയാണ്. ആയുധങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതില്‍ ലോകത്തില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രാന്‍സ് ഇന്ത്യയിലേക്ക് വരിക എന്നത് ആയുധനിര്‍മ്മാണരംഗത്ത് ഇന്ത്യ വിശ്വസ്തനാമമായി മാറിയിരിക്കുന്നു എന്നതിന് തെളിവാണ്.
മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനമായ പിനാക ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഫ്രാന്‍സ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നറിയുന്നു. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേ സമയം അയയ്‌ക്കാം എന്നതാണ് പിനാകയുടെ ഒരു സവിശേഷത. അമേരിക്കയുടെ എം 142 ഹിമാര്‍സ് എന്ന റോക്കറ്റിന് തുല്യമായ ശേഷിയുള്ളതാണ് പിനാക. ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ എയറോസ്പേസ് എക്സിബിഷനില്‍ വെച്ച് ഡിആര്‍ഡിഒയുടെ മിസൈല്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉമ്മലനേനി രാജ ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിനാക വാങ്ങാന്‍ ഫ്രാന്‍സുമായി സജീവസംഭാഷണം നടക്കുന്നുവെന്നാണ് ഉമ്മലനേനി രാജ ബാബു പറഞ്ഞത്. ഇന്ത്യയ്‌ക്ക് ഏറ്റവും അധികം ആയുധം വില്‍ക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നും ആയുധം വാങ്ങുക എന്നത് ഈ മേഖലയില്‍ ഇന്ത്യയുടെ കീര്‍ത്തി പരത്തും.
ടാട്രാ ട്രക്കില്‍ സ്ഥാപിച്ച റോക്കറ്റ് വിക്ഷേപിണിയാണ് പിനാക. 44 സെക്കന്‍റില്‍ 12 റോക്കറ്റുകള്‍ വരെ പിനാക വിക്ഷേപിക്കാം. ലക്ഷ്യസ്ഥാനത്തേക്ക് ശക്തമായ റോക്കറ്റ് ആക്രമണം നടത്താന്‍ സഹായകരമാണ് എന്നതാണ് പിനാകയുടെ സവിശേഷത. ഭാരതത്തിന്റെ പ്രതിരോധരംഗത്തെ കമ്പനിയായ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) 1980ല്‍ ആണ് പിനാക വികസിപ്പിക്കാന്‍ തുടങ്ങിയത്. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പിനാക ഉപയോഗിച്ചിരുന്നു. തുടക്കത്തില്‍ പിനാക എംകെ 1 വെറും 48 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം നശിപ്പിക്കാന്‍ ശേഷിയുള്ള റോക്കറ്റ് വിക്ഷേപിണി ആയിരുന്നു. ഏറ്റവും പുതിയ മോഡലായ പിനാക എംകെ 3ന് 120 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ നശിപ്പിക്കാന്‍ ശേഷിയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ആയുധഇറക്കുമതിരാജ്യമായ ഇന്ത്യയെ ഈ മേഖലയില്‍ സ്വയംപര്യാപ്തമാക്കാന്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആയുധനിര്‍മ്മാണരംഗത്തേക്കും മോദി വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ആയുധക്കയറ്റുമതിയും പടിപടിയായി വര്‍ധിച്ചുവരികയാണ്. ബ്രഹ്മോസ് ക്രൂസ് മിസൈല്‍, ഡ്രോണിയര്‍ 228 എയര്‍ക്രാഫ്റ്റ്, ആകാശ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍, പിനാക മിസൈല്‍ വിക്ഷേപിണി, പിനാക റോക്കറ്റുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് പ്രതിരോധ രംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ആത്മനിര്‍ഭര്‍ ഭാരതും സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക