പത്തനംതിട്ട: അങ്കമാലി-എരുമേലി ഒന്നാംഘട്ട ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് തടസം കേരളത്തിന്റെ വിമുഖത. വായ്പാ പരിധി ഉള്ളതിനാല്‍ പണം ഇല്ലെന്ന പഴി പറഞ്ഞാണ് 50:50 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സഹകരണത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ നിന്നും തലയൂരാന്‍ കേരളം ശ്രമിക്കുന്നത്.
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അടുത്തിടെ തൃശൂരില്‍ എത്തിയപ്പോള്‍ റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് ത്രികക്ഷി സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ റെയില്‍വെ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട് സഹകരിക്കാന്‍ കേരളം തയ്യാറായില്ല.
111 കി. മീറ്റര്‍ അങ്കമാലി – എരുമേലി റെയില്‍ പാതയ്‌ക്ക് 1998-ല്‍ ആണ് കേന്ദ്ര റെയില്‍വെ മന്ത്രാലയം അനുമതി നല്‍കിയത്. നിരവധി കടമ്പകള്‍ കടന്ന് 2016 ജനുവരി 27ന് കേരളവും റെയില്‍വേ മന്ത്രാലയവും ഒപ്പുവച്ച ധാരണ പ്രകാരം 51:49 ശതമാനം പങ്കിടീലിന്റെ അടിസ്ഥാനത്തില്‍ പദ്ധതി സ്പെഷ്യല്‍ പര്‍പസ് വെഹിക്കിളിന് കൈമാറാന്‍ തീരുമാനമായി. കൂടാതെ പുനലൂരിലേക്ക് പദ്ധതി നീട്ടാനും എസ്പിവി ചര്‍ച്ച നടത്തി. തുടര്‍ന്ന് പദ്ധതി പി.എം പ്രൊ ആക്റ്റീവ് ഗവണ്മെന്റ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷനില്‍ (പ്രഗതി) ഉള്‍പ്പെടുത്തി.
2021-ല്‍ പദ്ധതി ചെലവ് പങ്കിടാന്‍ താത്പര്യം പ്രകടിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടത്തിപ്പിന് മുന്നിട്ടിറങ്ങിയതോടെ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. പദ്ധതി ചെലവ് പങ്കിടാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതോടെ തുടര്‍ നടപടികള്‍ മന്ദീഭവിച്ചു. കേരളത്തിന് താത്പര്യമില്ലെന്ന് വ്യക്തമായതോടെ ശബരി പദ്ധതി മരവിപ്പിക്കാനുള്ള നീക്കം റെയില്‍വെ മന്ത്രാലയവും നടത്തി.
ജനഹിതം തങ്ങള്‍ക്ക് എതിരാകുമെന്ന് ഭയന്ന ഇടത് സര്‍ക്കാര്‍ പദ്ധതിക്കായി 50% തുക മുടക്കാമെന്ന് ഒരിക്കല്‍കൂടി അറിയിച്ചു. കേന്ദ്രനിര്‍ദ്ദേശ പ്രകാരം കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) ഭാവിയില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കൂടി ഓടാന്‍ കഴിയുന്ന രീതിയില്‍ 3810.69 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി. പദ്ധതി പിന്നീട് പത്തനംതിട്ട-പുനലൂര്‍-നെടുമങ്ങാട് വഴി വിഴിഞ്ഞം വരെ നീട്ടണമെന്നും അഭ്യര്‍ഥിച്ചു.
കാര്യക്ഷമമായ നടത്തിപ്പിന് റിസര്‍വ് ബാങ്കിനെ കൂടി ഉള്‍പ്പെടുത്തി ത്രികക്ഷി ഉടമ്പടി വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതോടെയാണ് വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച്, പണം ഇല്ലെന്ന ന്യായം പറഞ്ഞ് ഇടതുസര്‍ക്കാര്‍ വീണ്ടും പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയത്.
സജിത്ത് പരമേശ്വരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക