India

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ജോര്‍ജ് സോറസിന് ‘യു എസ് എയിഡും’ : രാജീവ് ഗാന്ധി ട്രസ്റ്റും ഫൗണ്ടേഷനും കോടികള്‍ കൈപ്പറ്റി

Published by

ന്യൂഡല്‍ഹി: ശതകോടീശ്വരനായ ജോര്‍ജ് സോറോസിന്റെ സംഘടനകള്‍, രാഷ്‌ട്രീയ കാര്യങ്ങളെ സ്വാധീനിക്കാനും ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനും വിദേശരാജ്യങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ അന്താരാഷ്‌ട്ര വികസന ഏജന്‍സിയില്‍ നിന്ന് (യുഎസ്എയിഡ്)- US Agency for International Development (USAID)– 260 മില്യണ്‍ ഡോളര്‍ (2276 കോടി) സ്വീകരിച്ചതായി റിപ്പോര്‍ട്ട്.

ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ ലിങ്കിലാണ്, ‘യുഎസ്എയിഡില്‍ നിന്ന് ജോര്‍ജ് സോറോസിന് 260 മില്യണ്‍ ഡോളര്‍ ലഭിച്ചുവെന്നും ഈ പണം ശ്രീലങ്ക, ബംഗ്ലാദേശ്, ഉക്രെയ്ന്‍, സിറിയ, ഇറാന്‍, പാകിസ്ഥാന്‍, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ അരാജകത്വം പടര്‍ത്താനും സര്‍ക്കാരുകളെ മാറ്റാനും വ്യക്തിഗത നേട്ടമുണ്ടാക്കാനും ഉപയോഗിച്ചു’ എന്നുമുള്ള ആരോപണം വന്നത്.

സോറോസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈസ്റ്റ്‌വെസ്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നിവ കഴിഞ്ഞ 15 വര്‍ഷമായി യുഎസ്എയിഡ് പദ്ധതിയില്‍ നിന്ന് പണം കൈപറ്റുന്നുണ്ട്. ഇന്ത്യയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ മാത്രം 5000 കോടി സോറസ് ചെലവിട്ടതായിട്ടാണ് വാര്‍ത്ത. ഇതില്‍ ഒരു വിഹിതം യുഎസ്എയിഡ് പദ്ധതിിയല്‍നിന്നാണ്.

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും രാജീവ് ഗാന്ധി ഫൗണ്ടേഷനും ജോര്‍ജ് സോറോസ് നടത്തുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ പണം നല്‍കിയോ എന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോകസഭയില്‍ ചോദിച്ചിരുന്നു. ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റായ സാം പിട്രോഡയ്‌ക്ക് പണം നല്‍കിയോ എന്ന ചോദ്യവും ഉന്നയിച്ചു.

ഇന്ത്യയില്‍ 582 ജില്ലകളിലായി 41 പദ്ധതികള്‍ക്ക് യുഎസ്എയിഡ് പദ്ധതിയില്‍ നിന്ന് പണം കിട്ടുന്നുണ്ട്. വയനാട്ടില്‍ വന്യജീവികളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം കുറയ്‌ക്കാനുള്ള പദ്ധതിയുടെ പേരില്‍ കേരളത്തിലും യുഎസ്എയിഡ് ലഭിക്കുന്നുണ്ട്.

അന്താരാഷ്‌ട്ര വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഏജന്‍സിയുടെ മുഴുവന്‍ ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ അമേരിക്കയിലേക്ക് തിരിച്ചു വരണമെന്ന് ഉത്തരവില്‍ പറയുന്നു. അന്താരാഷ്‌ട്ര സഹായത്തിനുള്ള ഫെഡറല്‍ ചെലവ് കുറയ്‌ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന് അനുസൃതമായ നടപടിയാണ് ഇത്.

ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേധാവിയായി നിയമിതനായ ഇലോണ്‍ മസ്‌ക്, അന്താരാഷ്‌ട്ര വികസന ഏജന്‍സി ഒരു ക്രിമിനല്‍ ഓര്‍ഗനൈസേഷനാണെന്നും അതു പൂര്‍ണ്ണമായും പിരിച്ചുവിടണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഏജന്‍സിയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടതായും, ആയിരക്കണക്കിന് കരാര്‍ ജീവനക്കാരുടെ ജോലി അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനൊപ്പം, വാഷിംഗ്ടണ്‍ ഡിസിയിലെ മുഖ്യ ആസ്ഥാനം സന്ദര്‍ശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഏജന്‍സിയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അപ്രാപ്യമാക്കിയിട്ടുണ്ട്. ജോലിയില്‍ തുടരുമെന്ന് തീരുമാനിക്കുന്നവര്‍ക്ക് വ്യക്തിഗതമായി പുനര്‍വിചാരണ നടത്താന്‍ ഏജന്‍സി തയ്യാറാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ്. നല്‍കുന്ന സൈനികേതരമായ വായ്പയും സഹായധനവും ഉള്‍പ്പെട്ട സാമ്പത്തികസഹായത്തിന്റെ ഭൂരിഭാഗവും ഈ ഏജന്‍സിയാണ് കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലേറെയാളുകള്‍ പണിയെടുക്കുന്ന ഈ ഏജന്‍സി നൂറില്പരം രാഷ്‌ട്രങ്ങള്‍ക്ക് വികസനസഹായം വിതരണം ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക