മാഞ്ചസ്റ്റര്‍:പുതിയ കാലത്തിന്റെ ക്ലാസിക് പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം വീണ്ടും.
ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് ആദ്യപാദത്തിലാണ് ഇരുടീമും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുന്നത്. ഇന്നു രാത്രി നടക്കുന്ന പോരാട്ടത്തില്‍ സ്വന്തം തട്ടകത്തിലാണ് സിറ്റി സ്പാനിഷ് വമ്പന്മാരായ റയലിനെ നേരിടുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ മാത്രം ഇരുടീമും നാലു തവണ മുഖാമുഖം വന്നു. 2015-16 സീസണില്‍ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്.
അന്ന് ഇരുപാദങ്ങളിലുമായി 1-0ന്റെ ജയം റയലിനൊപ്പം നിന്നു. 2019-20 സീസണില്‍ പ്രീ ക്വാര്‍ട്ടറില്‍ റയലിനെ തോല്‍പ്പിക്കാന്‍ സിറ്റിക്കായി. 4-2ന്റെ ഇരുപാദജയം. 2021-22 സെമിയില്‍ വീണ്ടും മുഖാമുഖം. അവിടെ 6-5ന്റെ ത്രസിപ്പിക്കുന്ന ജയം നേടാന്‍ റയലിനായി. എന്നാല്‍, 2022-23 സീസണിലെ സെമിയില്‍ റയലിനെ തവിടുപൊടിയാക്കി 5-1ന്റെ ജയം നേടി സിറ്റി കരുത്ത് തെലിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടറിലും സിറ്റി-റയല്‍ പോരാട്ടം കൊഴുത്തു. ഇത്തവണ ഇരുപാദങ്ങളിലുമായുള്ള പോരാട്ടം 4-4ല്‍ സമനില പാലിച്ചു. തുടര്‍ന്നു നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് റയല്‍ ജയിച്ചു. ഒരു ദശാബ്ദത്തിനിടയിലെ കണക്ക് പരിശോധിച്ചാല്‍ ഇരുടീമും മൂന്നു വീതം മത്സരങ്ങളില്‍ ജയിച്ചിട്ടുണ്ട്്. മികച്ച ഫോമിലുള്ള റയലിനെ തോല്‍പ്പിക്കുക എന്നത് സിറ്റി സംബന്ധിച്ച് വെല്ലുവിളിയാണ്.
മറ്റ് മത്സരങ്ങളില്‍ പാരീസ് സാന്‍ ഷര്‍മെയ്ന്‍ (പിഎസ്ജി) ഫ്രഞ്ച് ക്ലബ് ബ്രെസ്റ്റിനെയും യുവന്റസ് പിഎസ് വി ഐസന്തോവനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെയും നേരിടും. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഇന്നു രാത്രി 1.30നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: