ഡെറാഡൂണ്‍: ദേശീയ ഗെയിംസ് അത്ലറ്റിക്സില്‍നിന്ന് കേരളത്തിന് രണ്ട് മെഡല്‍ കൂടി. വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ നിന്ന് നിലവിലെ ചാമ്പ്യനായിരുന്ന എന്‍.വി ഷീനയ്ക്ക് വെള്ളി മാത്രമാണ് നേടാനായത്. അതേസമയം, കഴിഞ്ഞ ദിവസം ലോംഗ് ജമ്പില്‍ വെള്ളി നേടിയിരുന്ന സാന്ദ്ര ബാബു ഈയിനത്തില്‍ വെങ്കലം നേടി. 13.37 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ നിഹാരിക വസിഷ്ഠിനാണ് സ്വര്‍ണം. ഷീന 13.19 മീറ്ററും സാന്ദ്ര 13.12 മീറ്ററുമാണ് ചാടിയത്.
ഷീനയുടെ ആദ്യ ശ്രമം 13.03 മീറ്ററായിരുന്നു. തന്റെ നാലാം ശ്രമത്തില്‍ നിഹാരിക സ്വര്‍ണദൂരം കണ്ടെത്തിയപ്പോള്‍ അവസാന ശ്രമത്തിലാണ് ഷീനയ്ക്ക് 13.19 മീറ്ററിലെത്താനായത്. ആദ്യ ശ്രമത്തില്‍ 12.84 മീറ്ററിലൊതുങ്ങിയ സാന്ദ്ര തുടര്‍ന്നുള്ള രണ്ട് ശ്രമങ്ങളും ഫൗളാക്കി. നാലാം ശ്രമത്തിലാണ് വെങ്കലദൂരം കണ്ടെത്തിയത്. കേരളത്തിന്റെ ഗായത്രി ശിവകുമാറും ഈയിനത്തില്‍ മത്സരിക്കാന്യോഗ്യത നേടിയിരുന്നെങ്കിലും ചാടാനിറങ്ങിയില്ല. 2015 കേരള, 2023, ഗുജറാത്ത്, 2024 ഗോവ എന്നീ ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ഷീന.
റിലേയില്‍ കേരളം നാരാശജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ആറാം സ്ഥാനത്തും വനിതാ റിലേയില്‍ നാലാം സ്ഥാനത്തുമാണ് കേരളം ഫിനിഷ് ചെയ്തത്. പുരുഷ റിലേയില്‍ തമിഴ്നാടും വനിതാ റിലേയില്‍ പഞ്ചാബും ഒന്നാമതെത്തി. വനിതകളില്‍ കര്‍ണാടകയും ഹരിയാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അനശ്വര,രേഷ്മ,നിവേദ്യ,അഭിരാമി എന്നിവരാണ് വനിതാ റിലേയില്‍ കേരള ടീമിലുണ്ടായിരുന്നത്. പുരുഷ റിലേയില്‍ ആദില്‍ റിജോയ്,മുഹമ്മദ് ബാസില്‍,അര്ജുന് പ്രദീപ് എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്.
പുരുഷ വിഭാഗം 800 മീറ്റര്‍ ഹീറ്റ്സില്‍ നിന്ന് കേരളത്തിന്റെ ബിജോയ്,റിജോയ് എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി. സര്‍വീസസിന്റെ മലയാളി താരം മുഹമ്മദ് അഫ്സലും ഫൈനലിലെത്തിയിട്ടുണ്ട്. വനിതാ വിഭാഗം 800 മീറ്ററില്‍ കേരളത്തിന്റെ പ്രസില്ല ഡാനിയേല്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്നാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: