പ്രയാഗ്രാജ്: ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് മഹാകുംഭമേളയില്‍ സമാപിച്ച വിശ്വഹിന്ദുപരിഷത്ത് സമ്മേളനം. ക്ഷേത്ര വിമോചന സമരത്തിന്റെ ആദ്യ ഘട്ടത്തില്‍, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ ഹിന്ദുസമൂഹത്തിന് കൈമാറണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടും. ഭാരതത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ ഈ ആവശ്യമുന്നയിച്ച് വിശാലസമ്മേളനങ്ങള്‍ നടത്തും. രണ്ടാംഘട്ടം എന്ന നിലയില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹാ നഗരങ്ങളിലും ബൗദ്ധിക സമൂഹത്തിന്റെ യോഗങ്ങള്‍ നടത്തി ജനകീയ പിന്തുണ ശേഖരിക്കും.
സര്‍ക്കാരുകള്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തതുമൂലം പ്രശ്‌നങ്ങള്‍ രൂക്ഷമായ സംസ്ഥാനങ്ങളില്‍, എല്ലാ ജനപ്രതിനിധികളെയും നേരില്‍ക്കണ്ട് വിഷയം അവതരിപ്പിച്ച് പിന്തുണ തേടും. അമ്പലങ്ങളിലെ നിത്യച്ചടങ്ങുകള്‍ നടത്താന്‍ സ്വാതന്ത്ര്യം വേണം. ക്ഷേത്രഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ നിയന്ത്രണങ്ങള്‍ ഇനി സ്വീകാര്യമല്ല, അലോക് കുമാര്‍ പറഞ്ഞു.
ഹേിന്ദുസംഘടനകളും ആചാര്യന്മാരുമായി ചേര്‍ന്ന് രൂപം നല്കുന്ന ബദല്‍സംവിധാനവും ഇതോടൊപ്പം മുന്നോട്ടുവയ്‌ക്കും. ക്ഷത്രത്തിലെ പണം ഹൈന്ദവ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ചെലവഴിക്കണം. ഇത് സംബന്ധിച്ച നിയമത്തില്‍ സുതാര്യമായ കണക്കെടുപ്പിനും ഓഡിറ്റിനും വ്യവസ്ഥയുണ്ടാക്കുമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും പങ്കാളിത്തവും ട്രസ്റ്റില്‍ സ്ത്രീകളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും പ്രാതിനിധ്യവും ഉറപ്പാക്കും.
അര്‍ച്ചകര്‍ക്കും പൂജാരിമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ലഭിക്കുന്ന ശമ്പളത്തിലും അലവന്‍സുകളിലും ഒരു കുറവും ഉണ്ടാകില്ല. മുഖ്യമന്ത്രിമാരെ കാണാന്‍ പോകുമ്പോള്‍ ആ സംസ്ഥാനത്തിനായുള്ള നിര്‍ദിഷ്ട നിയമത്തിന്റെ കരട് രൂപരേഖയും കൈമാറും. അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പുറമേ ബ്രിട്ടന്‍, അമേരിക്ക, കാനഡ, ജര്‍മ്മനി, ഹോങ്കോങ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, തായ്ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഗയാന തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 950 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
ൂജ്യ സ്വാമി ശ്രീ പരമാനന്ദ് മഹാരാജ്, ബുദ്ധ ലാമ ശ്രീ ചോസ് ഫെല്‍ ജ്യോത്പാ, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മഹാകുംഭമേള ദൃഢ നിശ്ചയത്തിന്റെ മഹോത്സവം
മഹാ കുംഭമേള മനുഷ്യരുടെ ആള്‍ക്കൂട്ടമല്ല, ഭക്തരുടെ അതുല്യമായ സംഗമമാണ്. ഇത് സനാതന സംസ്‌കാരത്തിന്റെ മേള മാത്രമല്ല, ദൃഢനിശ്ചയത്തിന്റെ മഹത്തായ ഉത്സവമാണ്. പുതുതലമുറയില്‍ ഹിന്ദുധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും ഊന്നിപ്പറയണം. ധര്‍മ്മവും സംസ്‌കാരവും സമൂഹവും സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നത് സജ്ജനശക്തി, സംന്യാസി ശക്തി, ഭരണകൂടശക്തി എന്നിവയുടെ ഏകോപിതമായ പരിശ്രമത്തിലൂടെ മാത്രമാണ്.
ദത്താത്രേയ ഹൊസബാളെ,
ആര്‍എസ്എസ് സര്‍കാര്യവാഹ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: