ശ്രീ ധർമ്മേന്ദ്ര പ്രധാൻ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.
പ്രകൃതി അതിന്റെ സഞ്ചിത ജ്ഞാനത്തിൽ നിന്ന് ഓരോ മനുഷ്യനും വ്യതിരിക്തമായ വ്യക്തിത്വമാണ് പകർന്ന് നൽകിയിയിരിക്കുന്നത് – നമ്മുടെ വിരലടയാളം മുതൽ നേത്രപടലം വരെ, നമ്മുടെ ധാരണകൾ മുതൽ ചിന്തകൾ വരെ, നമ്മുടെ പ്രതിഭ മുതൽ പ്രാപ്തി വരെ വ്യത്യസ്തമാണ്. മനുഷ്യന്റെ അതുല്യതയെക്കുറിച്ചുള്ള ഈ ആഴമേറിയ സത്യം നമ്മുടെ സമൂഹത്തെ നിർവ്വചിക്കുന്ന സവിശേഷതയാണ്. ഈ അതുല്യത പ്രതിഫലിപ്പിക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ഓരോ കുട്ടിക്കും സഹജമായ കഴിവുകൾ ഉണ്ട്; ചിലർക്ക് അക്കാദമിക മികവുണ്ട്, ചിലർക്ക് സർഗ്ഗാത്മകതയുമുണ്ട്, മറ്റു ചിലർക്ക് കായിക വൈദഗ്ധ്യവും പ്രൊഫഷണൽ മികവുണ്ട്. ഈ അതുല്യതയെ അംഗീകരിച്ചു കൊണ്ട് സ്വാമി വിവേകാനന്ദൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു, “മനുഷ്യനിലുള്ള പൂർണതയുടെ പ്രകടീകരണമാണ് വിദ്യാഭ്യാസം.”
ഒരു കുട്ടിയിലെ സ്വാഭാവിക കഴിവുകൾ പുറത്തെടുക്കുകയും, ഇഷ്ടപ്പെട്ട അക്കാദമിക, പാഠ്യേതര പ്രവർത്തനങ്ങളിൽ അവളെ ക്രിയാത്മകമായി ഉൾപ്പെടുത്തുകയും ചെയ്യുക എന്നത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളികളാണ്. അധ്യാപകരും നയരൂപീകരണ വിദഗ്ധരും എന്ന നിലയിൽ നമ്മുടെ പങ്ക്, ഒരു കുട്ടിയിലെ അതുല്യമായ കഴിവുകളെ പരിപോഷിപ്പിക്കുകയും, സ്വയം തിരഞ്ഞെടുത്ത ലക്ഷ്യത്തിൽ അവളെ മികവിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രതിഭയെ നമ്മൾ എങ്ങനെ നിർവ്വചിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു എന്നതിൽ മാതൃകാപരമായ ഒരു പരിവർത്തനം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ കുട്ടിയുടെയും ഉള്ളിലുറങ്ങുന്ന, രാജ്യ പുരോഗതിക്ക് സംഭാവന നൽകാനുതകുന്ന, അതുല്യതയുടെ സൂക്ഷ്മ പ്രതിഭയെ തനത് ഭാവത്തിൽ വെളിപ്പെടുത്താൻ ശേഷിയുള്ള ഒരു ദാർശനിക ചട്ടക്കൂടാണത്.
നമ്മുടെ പ്രധാനമന്ത്രിയുടെ ദാർശനിക നേതൃത്വത്തിൽ, പഠനകാലത്തോ പരീക്ഷാ വേളയിലോ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി, ഒരു കുട്ടിയുടെ വിദ്യാഭ്യാസ യാത്ര സദാ ആവേശകരവും അവിസ്മരണീയവുമാണെന്ന് ഉറപ്പാക്കാൻ നാം വിദ്യാഭ്യാസ മേഖലയിൽ ആരോഗ്യകരമായ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നു. അടിസ്ഥാന പഠനം മുതൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഉന്നത തലങ്ങൾ വരെ, ഈ കാഴ്ചപ്പാടാണ് നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ കേന്ദ്രബിന്ദു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ യുവ പഠിതാക്കൾക്കുള്ള ബാല വാടിക അഥവാ കളിപ്പാട്ടാധിഷ്ഠിത പഠനം വ്യാപകമായ സംശയങ്ങൾക്ക് വഴിയൊരുക്കുമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന് നന്ദി, ഇന്ന് NEP യുടെ ഈ നൂതന സമീപനങ്ങൾ പ്രാരംഭ വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. പഠനത്തെ ക്ലേശകരമായ ബാധ്യതയായി മാറ്റുന്നതിനുപകരം സന്തോഷകരമായ സംരംഭമാക്കി ഇത് മാറ്റുന്നു. ഓരോ കുട്ടിയും അവളുടെ സ്വാഭാവിക കഴിവുകൾക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായം തിരിച്ചറിയുന്നു.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് വിഭാവനം ചെയ്യുന്ന നമ്മുടെ ക്രെഡിറ്റ് ട്രാൻസ്ഫർ നയം, മറ്റൊരു നൂതനമായ ചുവടുവയ്‌പ്പിനെ പ്രതിനിധീകരിക്കുന്നു. ജീവിത പാത എല്ലായ്‌പ്പോഴും ഋജുവായിരിക്കണമെന്നില്ലെന്നും വളഞ്ഞുപുളഞ്ഞതായിരിക്കാമെന്നും, പഠനം വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്ത വേഗതയിലും സംഭവിക്കാമെന്നും ഇത് തിരിച്ചറിയുന്നു. ഉത്ക്കടമായ സ്വന്തം ആഗ്രഹങ്ങളെ പിന്തുടരുമ്പോഴോ, പ്രായോഗിക അനുഭവം നേടുമ്പോഴോ, കുടുംബത്തെ പിന്തുണയ്‌ക്കുമ്പോഴോ ഔപചാരിക വിദ്യാഭ്യാസത്തോട് പഠിതാക്കൾക്ക് താത്ക്കാലികമായി വിട പറയേണ്ടി വന്നേക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് അവർ മടങ്ങുമ്പോൾ, സ്വന്തം അനുഭവങ്ങളും നേട്ടങ്ങളും തീർച്ചയായും പ്രയോജനപ്പെടും. അവ വിലമതിക്കപ്പെടുകയും അവരുടെ അക്കാദമിക് ക്രെഡിറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. പഠനത്തിലേക്കുള്ള വാതിലുകൾ സദാ തുറന്നിരിക്കുന്നുവെന്നും, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പഠന ആവാസവ്യവസ്ഥയിലേക്ക് തിരികെ വരാമെന്നും നയത്തിന്റെ കാലാനുഗുണത്വം ഉറപ്പാക്കുന്നു.
പരീക്ഷയിലെ ജയ പരാജയങ്ങൾ ഒരിക്കലും സമഗ്ര വികസനത്തെ ബാധിക്കാത്ത, നമ്മുടെ യുവാക്കളുടെ മാനസിക ആരോഗ്യത്തിന് ഭീഷണിയാകാത്ത ഒരു സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ നിർണായക വെല്ലുവിളി തിരിച്ചറിഞ്ഞ്, പരീക്ഷാ സംബന്ധമായ സമ്മർദ്ദങ്ങളെ മറികടക്കാൻ സഹായിക്കുകയെന്നത് ഒരു ദേശീയ മുൻഗണനയായി നമ്മുടെ സർക്കാർ കരുതുന്നു. പ്രധാനമന്ത്രിയുടെ വിപ്ലവകരമായ “പരീക്ഷ പേ ചർച്ച” സംരംഭം വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുടെ മൂല്യനിർണ്ണയങ്ങളോടുള്ള സമീപനങ്ങളിൽ പരിവർത്തനം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, രക്ഷിതാക്കൾ എന്നിവരുമായുള്ള പ്രധാനമന്ത്രിയുടെ സംവാദങ്ങൾ പരീക്ഷാ ഉത്കണ്ഠയെ ദേശീയ സംവാദത്തിനുള്ള വിഷയമായി മാറ്റി. പരീക്ഷകളെ ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠ ഇല്ലാതാക്കാൻ അദ്ദേഹം വർഷങ്ങളായി ശ്രമിച്ചു പോരുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം ജീവിതത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉള്ള പ്രായോഗികമായ നുറുങ്ങുകൾ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ വൻ സ്വീകാര്യത നേടി. അവർക്ക് സുഗമമവും സമ്മർദ്ദരഹിതവുമായ മികച്ച പരീക്ഷാ അനുഭവം ഇത് ഉറപ്പാക്കുന്നു. യഥാർത്ഥ നേതൃത്വത്തിലേക്കുയർന്ന്, രാഷ്‌ട്രനിർമ്മാണത്തിന് സംഭാവന നൽകുകയും രാജ്യ പുരോഗതിയിലേക്കുള്ള വിട്ടുവീഴ്ചയില്ലാത്ത മുന്നേറ്റം ഉറപ്പാക്കുകയും ചെയ്യുന്ന ഭാവി തലമുറയെ വാർത്തെടുക്കുന്നതിനുള്ള ദീർഘവീക്ഷണമുള്ള നേതാവിന്റെ സമർപ്പണത്തിന് അക്ഷരാർത്ഥത്തിൽ സാക്ഷ്യം വഹിക്കുകയാണ് നാം.
മാതാപിതാക്കളും പൊതു സമൂഹവും ഈ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുക്കളാണ്. പിന്തുണാപൂർവ്വമുള്ള പഠന അന്തരീക്ഷത്തിന്റെയും മാനസികാരോഗ്യത്തിന്റെയും നിർണായക പ്രാധാന്യം എടുത്തുകാണിക്കുന്നതിൽ പരീക്ഷ പേ ചർച്ച പരിവർത്തനാത്മകമായ പങ്കു വഹിച്ചിട്ടുണ്ട്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികളിലും – നമ്മുടെ മുഴുവൻ വിദ്യാഭ്യാസ മേഖലയിലേക്കും – വിപുലീകരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ട ഒരു മനോഭാവമാണിത്. പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിൽ നിന്നും, പരീക്ഷകളുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കേണ്ടതുണ്ട്.
“ഒരു കുട്ടിയെ നിങ്ങളുടെ അറിവുകളിൽ മാത്രമായി പരിമിതപ്പെടുത്തരുത്, കാരണം അവൻ മറ്റൊരു കാലത്താണ് ജനിച്ചത്” എന്ന രവീന്ദ്രനാഥ ടാഗോറിന്റെ ജ്ഞാനോദ്ദീപകമായ വാക്കുകളാണ്, വിദ്യാഭ്യാസ പരിവർത്തനത്തോടുള്ള നമ്മുടെ സമീപനത്തെ നയിക്കേണ്ടത്. വിദ്യാഭ്യാസകാലത്തെ സമ്മർദ്ദം കാലത്തിന്റെ അനിവാര്യതയാണെന്ന ആശയം അംഗീകരിക്കപ്പെടുന്ന അന്തരീക്ഷത്തിൽ നിന്ന്, യഥാർത്ഥ പഠനം നൈസർഗ്ഗികമായി അഭിവൃദ്ധി പ്രാപിക്കേണ്ട ഒന്നാണ് എന്ന ധാരണയിലേക്ക് നാം വഴിമാറേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ജനസമൂഹങ്ങളും അധ്യാപകരും കുടുംബങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, വിജയം അനായാസമാകുന്നു. ക്ലാസ് മുറി മുതൽ കളിസ്ഥലം വരെ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ മുതൽ ഗവേഷണശാലകൾ വരെ, വൈവിധ്യമാർന്ന പ്രതിഭകൾക്ക് സ്വന്തം പ്രതിഭ തിരിച്ചറിയാനും വളരാനും കഴിയുന്ന ഇടങ്ങൾ നാം സൃഷ്ടിക്കണം. ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന പരമ്പരാഗത സമീപനത്തിൽ നിന്ന് മാറുക തന്നെ വേണം. വ്യക്തിഗത കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്ന കൂടുതൽ സൂക്ഷ്മവും പ്രതിക്രിയാത്മകവുമായ ഒരു സംവിധാനത്തിലേക്ക് വഴിമാറാൻ ശ്രമിക്കണം.
വികസിത ഭാരതത്തിലേക്ക് നാം അതിവേഗം മുന്നേറുമ്പോൾ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ദേശീയ പരിവർത്തനത്തിന്റെ പ്രധാന അടിത്തറയായി നിലകൊള്ളുന്നു. ഓരോ നൈപുണ്യത്തിനും പ്രാധാന്യമുണ്ടെന്നും , ഓരോ പ്രയാണത്തിനു മൂല്യമുണ്ടെന്നും, ഓരോ കുട്ടിക്കും സ്വന്തം മികവിലേക്കുള്ള അതുല്യമായ പാത കണ്ടെത്താനുള്ള അവകാശമുണ്ടെന്നും നാം തിരിച്ചറിയുന്നു. വൈവിധ്യമാർന്ന പ്രതിഭകളെ വാർത്തെടുക്കുമ്പോൾ, നാം നമ്മുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുകയും സമസ്ത മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന്, മഹത്തായ നമ്മുടെ രാഷ്‌ട്രത്തിൽ വസിക്കുന്ന എല്ലാ മാതാപിതാക്കളോടും അധ്യാപകരോടും പൗരന്മാരോടും ഞാൻ ആഹ്വാനം ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്തെ പരിവർത്തനം കേവലം സർക്കാർ സംരംഭമല്ല – അത് നമ്മുടെ കൂട്ടായ പ്രതിബദ്ധതയും സമഷ്ടി കാഴ്ചപ്പാടുകളും ആവശ്യപ്പെടുന്ന ദേശീയ ദൗത്യമാണ്. സർക്കാരും പൊതു സമൂഹവും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും നമ്മുടെ നയങ്ങളും പ്രവർത്തനങ്ങളും നിർവ്വചിക്കുമ്പോൾ നാം നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കും.
നമ്മുടെ കുട്ടികളാണ് നമ്മുടെ ഭാവി. അവർ അതുല്യമായ സ്വന്തം പ്രതിഭകളാൽ തിളങ്ങുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യും. ശോഭനമായ ഒരു ഭാവി നമ്മെ മാടിവിളിക്കുന്നു. ഓരോ കുട്ടിയുടെയും അദ്വിതീയതയിലാണ് ഭാരതത്തിന്റെ ഭാവിയുടെ അതുല്യത കുടികൊള്ളുന്നതെന്ന് നാം വിശ്വസിക്കുന്നു. സമ്മർദ്ദരഹിതമായ പഠനമാണ് നമ്മുടെ പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളുടെ അതുല്യമായ സംഭാവനകൾ വികസിപ്പിക്കുന്നതിനുള്ള താക്കോൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: