തിരുവനന്തപുരം: പങ്കാളിത്തത്തില്‍ ചരിത്രം സൃഷ്ടിച്ച് മൂന്നാമത് ജിടെക് മാരത്തണ്‍. ‘ലഹരി രഹിത കേരളം’ എന്ന സന്ദേശമുയര്‍ത്തി ഞായറാഴ്ച നഗരത്തില്‍ നടന്ന ജിടെക് മാരത്തണ്‍-2025 ല്‍ 8000 പേരാണ് പങ്കെടുത്തത്. പങ്കെടുത്തവരുടെ എണ്ണത്തില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ മാരത്തണായി ഇത് മാറി.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിനെ പിന്തുണയ്‌ക്കുന്നതിനും ലഹരി ദുരുപയോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വര്‍ധിപ്പിക്കുന്നതിനും വേണ്ടി കേരളത്തിലെ 250 ലധികം ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ആണ് പരിപാടി സംഘടിപ്പിച്ചത്
ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., ഫണ്‍ റണ്‍ (3 കി.മീ-5 കി.മീ) എന്നീ മൂന്ന് വിഭാഗങ്ങളിലായി മാരത്തണ്‍ നടന്നു. പ്രായ ഘടനയനുസരിച്ച് സീനിയര്‍ വെറ്ററന്‍ (60 വയസ്സിനു മുകളില്‍), വെറ്ററന്‍ (45-59 വയസ്സ്), ഓപ്പണ്‍ (44 വയസ്സ് വരെ) എന്നിങ്ങനെ തിരിച്ചായിരുന്നു മാരത്തണ്‍.
കഴക്കൂട്ടം ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ നിന്ന് ആരംഭിച്ച മാരത്തണ്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. ഫിനിഷിംഗ് പോയിന്‍റും ടെക്നോപാര്‍ക്ക് ആയിരുന്നു.
കേരളത്തില്‍ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ജിടെക് മാരത്തണ്‍ പോലുള്ള പരിപാടികള്‍ പ്രധാനമാണെന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് കായിക വഖഫ് ഹജ്ജ് തീര്‍ത്ഥാടന മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
ഇന്ത്യന്‍ അത്ലറ്റ് ഹിമ ദാസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
21 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ സിറിള്‍ ജ്യോതിഷ് ജോയിയും ഷിനു മോളും യഥാക്രമം പുരുഷ, വനിതാ വിഭാഗത്തില്‍ വിജയികളായി. 21 കിലോമീറ്റര്‍ വെറ്ററന്‍സ് വിഭാഗത്തില്‍ കാമേഷ് കെ.എച്ചും കേണല്‍ അനു ഷാജിയും പുരുഷ, വനിതാ വിഭാഗം വിജയികളായി. വനിതകളുടെ 21 കിലോമീറ്റര്‍ മാരത്തണ്‍ 2 മണിക്കൂര്‍ 12 മിനിറ്റ് ഫിനിഷ് ചെയ്ത അനു ഷാജിയെ ഓവറോള്‍ വിജയിയായി പ്രഖ്യാപിച്ചു. സീനിയര്‍ വെറ്ററന്‍ വിഭാഗത്തില്‍ നളിനാക്ഷനും ദേവി ദാസും യഥാക്രമം പുരുഷ, വനിതാ വിജയികളായി.
10 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ പ്രവീണ്‍ കുമാറും വിനിത വര്‍ഗീസും ഒന്നാമതെത്തി. ഈ വിഭാഗത്തിലെ വെറ്ററന്‍ മത്സരത്തില്‍ അബു പൂപ്പാലം, സോയ സിയ എന്നിവര്‍ വിജയികളായി. പുരുഷന്‍മാര്‍ക്കായുള്ള സീനിയര്‍ വെറ്ററന്‍ മത്സരത്തില്‍ രവീന്ദ്ര പട്ടേലും സ്ത്രീകളില്‍ സീന ഫിറോസും ഒന്നാമതെത്തി.
ആരോഗ്യകരമായി ഭക്ഷണം കഴിക്കുകയും ശാരീരികക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നതിനൊപ്പം ലഹരി ഉപയോഗം വേണ്ടെന്നു വയ്‌ക്കുകയും ചെയ്യണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറും ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറിയുമായ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു.
ലഹരി രഹിത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായിട്ടാണ് ജിടെക് മാരത്തണ്‍ സംഘടിപ്പിച്ചതെന്നും സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിന്റെ പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ജിടെക് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പോലീസുമായും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജിടെക് മാരത്തണിന്റെ നാലാം പതിപ്പ് 2026 ഫെബ്രുവരി 8 ന് കൊച്ചിയില്‍ നടക്കുമെന്നും പങ്കാളിത്തം 10000 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്ക് സമൂഹത്തിന്റെ ശക്തിയും ഐക്യവും പ്രകടമാക്കുന്ന പ്രധാന പരിപാടിയാണ് ജിടെക് മാരത്തണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.
ചലച്ചിത്ര നടന്‍ ആന്‍റണി വര്‍ഗീസ് (പെപ്പെ), നടി കാതറിന്‍ നവ്യ ജെയിംസ്, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡ്ഡുമായ ശ്രീകുമാര്‍ വി എന്നിവരും സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: