എഴുത്തിനെ സര്‍ഗാത്മകതയും നേരുകള്‍ കൊണ്ട് ആഴത്തില്‍ അടയാളപ്പെടുത്തുന്ന എഴുത്തുകാരനാണ് കാരൂര്‍ സോമന്‍. കാരൂര്‍ എഴുതുമ്പോള്‍ കാലം ആവശ്യപ്പെടുന്ന സര്‍ഗാത്മകവാസനകളുടെ തീക്ഷ്ണ സാന്നിദ്ധ്യങ്ങള്‍ സുവ്യക്തതയോടെ എഴുത്തില്‍ പ്രതിഫലിക്കുന്നതുകാണാം. വൈവിദ്ധ്യമാണ് കാരൂര്‍ രചനകളുടെ പ്രത്യേകത.
എഴുത്തില്‍ കാരൂര്‍ പുലര്‍ത്തുന്ന ജാഗ്രത ഏറെ പ്രത്യേകതയുള്ളതാണ്. മുഖ്യമായും സര്‍ഗാത്മക സാഹിത്യ കാരന്‍ എന്ന ശീര്‍ഷകത്തിലാണ് മലയാളികള്‍ അധികവും കാരൂര്‍ സോമനെ വായിച്ചിട്ടുള്ളതെങ്കിലും ഈ എഴുത്തുകാരന്‍ ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയവുമില്ല. ശാസ്ത്രം, കായികം, വൈജ്ഞാനികമേഖല, വൈജ്ഞാനിക മേഖലയില്‍ തന്നെ വ്യത്യസ്തങ്ങളായ വിഷയസ്വീകരണങ്ങള്‍ തുടങ്ങി എത്രയെത്ര കൃതികളാണ് കാരൂര്‍ ഭാഷയ്‌ക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഒരര്‍ത്ഥത്തില്‍ വൈജ്ഞാനിക മേഖലയ്‌ക്കും യാത്രാവിവരണ സാഹിത്യത്തിനും ഈ എഴുത്തുകാരന്‍ നല്‍കിയിട്ടുള്ള സേവനങ്ങള്‍ വിലമതിക്കത്തക്കതു തന്നെയാണ്. നടന്ന ദൂരങ്ങളോ കണ്ടകാര്യങ്ങളോ അല്ല യാത്രാപുസ്തകങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം. ഓരോ രാജ്യത്തെയും ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് കാരൂരിലെ യാത്രികന്‍ കണ്ടെത്തുന്നത്. അതില്‍ നരവംശ ശാസ്ത്രം മുതല്‍ കതിര്‍ക്കനമുള്ള ജീവിതാനുഭവങ്ങള്‍ വരെയുണ്ട്. ചരിത്രവും സംസ്‌കാരവും ഊടും പാവുമായി വര്‍ത്തിക്കുന്ന ഈ യാത്രാപുസ്തകങ്ങള്‍ മനുഷ്യേതിഹാസത്തിന്റെ അര്‍ത്ഥവ ത്തായ ശേഷിപ്പുകള്‍ കൂടിയാണ്.
കാരൂര്‍ സോമന്റെ മറ്റൊരു മേഖല നോവലും കഥകളുമാണ്. കാരൂരിന്റെ നോവലുകള്‍ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂര്‍ത്തങ്ങളുടെ ഒഴുകിപ്പരക്കലുകളാണ് നോവലുകളില്‍ സംഭവിക്കുന്നത്. അതില്‍ നാട്ടുമ്പുറത്തിന്റെ അനുഭവവര്‍ത്തമാനങ്ങളും പ്രവാസ ജീവിതത്തിന്റെ അസ്വസ്ഥതകളുമുണ്ട്. ഇത് പലതും വിഷ്യല്‍ സെന്‍സിബിലിറ്റി അനുഭവപ്പെടുത്തുന്നവയാണ്. നമ്മുടെ ചുറ്റുപാടുകളിലെവിടെയോ സംഭവിച്ച ജീവിതം തന്നെയല്ലേ ഈ നോവലുകളിലെ ഇതിവൃത്തങ്ങള്‍ എന്നു തോന്നും. കാരണം അത്രയേറെ പെര്‍ഫെക്ഷന്‍ ഈ നോവലുകളുടെ അവതരണത്തിലുണ്ട്. കഥാപാത്രങ്ങള്‍ കൃത്യമായും പൗരബോധമുള്ളവരും ആദര്‍ശ സംസ്‌കാരമുള്ളവരുമാണ്.
ആത്യന്തികമായി ജീവിതം തന്നെയാണ് പ്രധാന വിഷയമെങ്കിലും വൈവിദ്ധ്യമാര്‍ന്ന നേരനുഭവങ്ങള്‍ കൊണ്ടുള്ള പൂരണമാണ് ഈ നോവലുകള്‍ എന്ന് ഒറ്റവാക്കില്‍ പറയാം. ഇത് മലയാളത്തില്‍ ഏറെ പുതുമയുള്ള ഒരനുഭവമാണ്. കഥയിലെത്തുമ്പോള്‍ കാരൂരിലെ എഴുത്തുകാരന്‍ ഏറെ പിശുക്കനായിതോന്നാം. കഥയിലെ ജീവിതം നോവലിന്റെ സത്ത പിഴിഞ്ഞെടുത്ത ഒന്നാണോ എന്ന് തോന്നാം. അത്രയേറെ സൂക്ഷ്മവിചിന്തനത്തിലൂടെയാണ് കാരൂര്‍ കഥ പറയുന്നത്. ഇതില്‍ മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങള്‍ കൂടി ആധികാരികമായി ചര്‍ച്ചചെയ്യുന്നുണ്ട്.
കാരൂര്‍ സോമന്റെ കൃതികളെക്കുറിച്ചുള്ള പഠനപുസ്തകം (Book Cross Publica/Amazon) ‘കാലത്തിന്റെ എഴുത്തകങ്ങള്‍’ തയ്യാറാക്കുന്ന കാലത്ത് നിരവധി തവണ കാരൂരിന്റെ സാഹിത്യ മേഖലകളിലേക്ക് കടന്നുപോകാന്‍ കഴിഞ്ഞിരുന്നു. ഒരു തുറമുഖത്തു നിന്ന് അടുത്ത തുറമുഖത്തേക്കുള്ള യാത്ര പോലെയാണ് എനിക്കീ സാഹിത്യം അനുഭവപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കാരൂര്‍സാഹിത്യത്തെക്കുറിച്ച് വിമര്‍ശനാത്മകമായൊരു പഠനം തയ്യാറാക്കി അവതരിപ്പിച്ചത്. എന്നാല്‍ കാരൂര്‍ സോമന്‍ ഭാഷയ്‌ക്ക് നല്‍കുന്ന ഈടുറ്റ സംഭാവനകളെക്കുറിച്ച് ആ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറവായി എനിക്ക് പില്‍ക്കാലത്ത് തോന്നി. അത് ഭാഷാചരിത്രത്തില്‍ മുഖ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അത്ര മാത്രം ആഴമേറിയ സാഹിത്യസഞ്ചാര പാതകളാണ് കാരൂര്‍ ഈ സാഹിത്യജീവിതത്തിനിടയില്‍ വരഞ്ഞിട്ടിരിക്കുന്നത്.
പഠനവിശകലനത്തിനിടയില്‍ കാരൂര്‍ സോമന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയങ്ങളായ നേട്ടങ്ങളും രേഖപ്പെടുത്തണ്ടതായിട്ടുണ്ട്. ‘ക’ എന്ന ആദ്യാക്ഷരമാലയില്‍ അറുപത്തിയെട്ടോളം കൃതികള്‍ എഴുതിയ എഴുത്തുകാരനാണ് അദ്ദേഹം. ഇത് ലോക സാഹിത്യത്തില്‍ തന്നെ ആപൂര്‍വ്വമായൊരു അനുഭവമാണ്. ഇത്തരമൊരു രേഖപ്പെടുത്തല്‍ ഇന്നേവരെ സാഹിത്യലോകത്ത് സംഭവിച്ചിട്ടില്ല. യുആര്‍എഫ് ലോകറിക്കാര്‍ഡില്‍ കാരൂര്‍ സോമന്‍ എന്ന എഴുത്തുകാരന്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് ലോക സാഹിത്യത്തിലാദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ (34 പുസ്തകങ്ങള്‍) പ്രകാശനം ചെയ്തതിന്റെ അംഗീകാരമായിരുന്നു അത്. പന്ത്രണ്ട് വ്യത്യസ്തമേഖലകളിലാണ് കാരൂര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നാടകം, സംഗീത നാടകം, നോവല്‍, ബാല നോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥകള്‍, കഥകള്‍, ഇംഗ്ലീഷ് കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ ജീവചരിത്രം, ശാസ്ത്ര-കായിക തുട ങ്ങിയ കൃതികള്‍ ഭാഷയ്‌ക്ക് നല്‍കുന്ന സംഭാവനകള്‍ ഒറ്റവാക്കില്‍ രേഖപ്പെടുത്താനാവില്ല. ഇതേ അനുഭവത്തിന്റെ മറുപാതിയില്‍ നിന്നാണ് 1978 മുതല്‍ കാരൂര്‍ നടത്തിയ വിദേശ യാത്രകളുടെ സമ്പുടം യാത്രാവിവരണ പുസ്തകങ്ങളായി പുറത്തു വന്നിട്ടുള്ളത്. മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കൃതികള്‍ തന്നെയാണ് ഇവ എന്നതില്‍ സംശയ മില്ല. പതിനൊന്നോളം കൃതികളാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവന.
ആഗോള സാഹിത്യജേര്‍ണലായ ജയിറ്റില്‍ മലയാളത്തിലാദ്യമായി ഇംഗ്ലീഷ് നോവലിന് (Malabar A Flame/Karoor Soman) റിവ്യൂ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ന്യൂദല്‍ഹിയിലെ ജയിന്‍ യൂണിവേഴ്സിറ്റി റിസേര്‍ച്ച് സ്‌കോളര്‍ മിസ്. ചിത്ര സൂസന്‍ തമ്പിയാണ് റിവ്യൂ എഴുതിയത്. ന്യൂദല്‍ഹിയിലെ മീഡിയ ഹൗസും ആമസോണുമാണ് നോവല്‍ പ്രസിദ്ധം ചെയ്തിട്ടുള്ളത്. കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കാരൂരിന്റെ ‘കാല്‍പ്പാടുക’ളാണ് യൂറോപ്പില്‍നിന്ന് ആദ്യമായി മലയാളത്തില്‍ വന്ന നോവല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആദ്യമായി മലയാളത്തിന് ലഭിച്ച സംഗീത നാടകം ‘കടലിനക്കരെ എംബസി സ്‌കൂള്‍’ ഏറെ ശ്രദ്ധേയമായിരുന്നു. സ്വതന്ത്ര സാഹിത്യ രചനകള്‍ക്ക് പുറമേ യൂറോപ്പില്‍ നിന്ന് ആദ്യമായി മലയാളത്തില്‍ പുറത്തു വന്ന സാഹിത്യമാസികയായ ‘പ്രവാസി മലയാള’ത്തിന്റെ ചീഫ് എഡിറ്ററും കാരൂര്‍ സോമനായിരുന്നു. ‘ദി മലബാര്‍ എ ഫ്‌ളിം’ (2021) എന്ന ഇംഗ്ലീഷ് നോവല്‍ ആമസോണ്‍ ബെസ്റ്റ് സെല്ലറാണ്. 2022-ല്‍ ആമസോണ്‍ ഇന്റര്‍ നാഷണല്‍ സാഹിത്യ പുരസ്‌കാരം ഏറെ ശ്രദ്ധേയമായ ഒരംഗീകാരമായിരുന്നു. 2020 മുതല്‍ ആഗോള പ്രസിദ്ധ ലിമവേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍, കാരൂര്‍ പബ്ലിക്കേഷന്‍ തുടങ്ങി പ്രസാധക സംരംഭങ്ങളുടെ നേതൃത്വവും അദ്ദേഹം വഹിക്കുന്നുണ്ട്. ഇന്നും ലോകമെങ്ങുമെഴുതുന്ന മറ്റൊരു സാഹിത്യകാരനുണ്ടോ എന്നത് സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: