തിരുവനന്തപുരം: കേരളത്തിലെ മാമ മാധ്യമങ്ങള്‍ ബിജെപിയുടെ ദല്‍ഹി വിജയം വീണ്ടും ബ്ലാക്കൗട്ട് ചെയ്തു. മനോരമ, മാതൃഭൂമി പത്രങ്ങളുടെ വാര്‍ത്താവെബ് സൈറ്റുകളില്‍ പ്രധാനവാര്‍ത്തകള്‍ ദല്‍ഹിയിലെ ബിജെപി വിജയമല്ല. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബിജെപിയോടുള്ള വിരോധത്തിന്റെ മനശ്ശാസ്ത്രം കുറെക്കൂടി ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് തോന്നിക്കുംവിധമാണ് ഇവരുടെ റിപ്പോര്‍ട്ടിംഗ്. അതേ സമയം കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഓരോവാക്കുകളും ഇവര്‍ പലവട്ടം സ്കാന്‍ ചെയ്ത് വേട്ടയാടുന്നു. കെ. സുരേന്ദ്രനെ, ശോഭാ സുരേന്ദ്രനെ എല്ലാവരേയും വീണുകിട്ടുന്ന അവസരങ്ങളില്‍ വേട്ടയാടി ആഘോഷിക്കാന്‍ ഇവര്‍ മടികാട്ടുന്നില്ല.
മനോരമയില്‍ ഇന്നലെ കഴിഞ്ഞ കേരള ബജറ്റിന്റെ വാര്‍ത്തയാണ് മുഖ്യമായി കൊടുത്തിട്ടുള്ളതെങ്കില്‍ മാതൃഭൂമിയില്‍ അനന്തകൃഷ്ണന്‍ നടത്തിയ സിഎസ്ആര്‍ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കാണ് പ്രാധാന്യം. എഎപി-കോണ്‍ഗ്രസ് സഖ്യമായിരുന്നെങ്കില്‍ ബിജെപി ദല്‍ഹിയില്‍ ജയിക്കില്ലായിരുന്നു എന്ന് ഇന്ത്യാമുന്നണിയില്‍ തര്‍ക്കം നടക്കുന്നു എന്ന വാര്‍ത്തയും മാതൃഭൂമി വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നു. അപ്പോള്‍ പത്രത്തിന്റെ ലക്ഷ്യം വ്യക്തം. ബിജെപി ജയിച്ചത് ഇഷ്ടമായിട്ടില്ല.
ബിജെപി തോറ്റിരുന്നെങ്കില്‍ മമാ മാധ്യമങ്ങള്‍ മുന്‍പേജില്‍ മുഴുവന്‍ മോദി വിരുദ്ധ, ബിജെപി വിരുദ്ധ വാര്‍ത്തകള്‍ കൊണ്ട് നിറയ്‌ക്കുമായിരുന്നു. മൂന്നാം തവണയും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യം കിട്ടിയ കോണ്‍ഗ്രസിനെയോ രാഹുല്‍ ഗാന്ധിയെയോ വിമര്‍ശിക്കാന്‍ ശ്രമിക്കാതെ, കഴിഞ്ഞ ദല്‍ഹി തെരഞ്ഞെടുപ്പില്‍ 4 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്നത് ഇക്കുറി ആറ് ശതമാനം വോട്ട് വിഹിതമായി കോണ്‍ഗ്രസ് ഉയര്‍ത്തി എന്ന് ആഹ്ളാദിക്കാനാണ് കേരളത്തിലെ പ്രധാനപത്രങ്ങള്‍ ശ്രമിക്കുന്നതെന്ന് കാണുമ്പോള്‍ അപഹാസ്യം എന്ന് പറയാതെ വയ്യ. ഇംഗ്ലീഷിലെ ഫൈനാന്‍ഷ്യല്‍ എക്സ്പ്രസ് പോലുള്ള മോദി വിരുദ്ധ പത്രവും കോണ്‍ഗ്രസിന് ദല്‍ഹിയില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് മൂന്ന് നേട്ടങ്ങള്‍ ഉണ്ടാക്കി എന്നാണ് പ്രധാനമായും എഴുതിയിരിക്കുന്നത്.
അതേ സമയം ദേശീയ ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, എന്‍ഡിടിവി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വിശകലനങ്ങളും ഭാവി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരു വരുമെന്നതും മോദിയുടെ വിജയാനന്തര പ്രസംഗവുമൊക്കെയാണ് വാര്‍ത്തയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക