കൊച്ചി: തിരുവൈരാണിക്കുളം സൗത്ത് വെള്ളാരപ്പിള്ളി മൂലേത്ത് ഭഗവതി ക്ഷേത്രത്തിലെ കൗളമാർഗ്ഗിയായ സതീഷ് ആചാരിയുടെ മൂർദ്ധാവിൽ കൈവച്ചനുഗ്രഹിക്കുകയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ദൈവക്കോലം. വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ ജനുവരി 5-നാണ് മടപ്പുരമുത്തപ്പൻ, ഭക്തർക്കനുഗ്രഹവർഷവുമായി മൂലേത്ത് ഭഗവതിക്ഷേത്രത്തിലേയ്‌ക്കെത്തിയത്.
കൗളമാർഗ്ഗ സമ്പ്രദായത്തിലുള്ള പൂജാവിധാനങ്ങളും അനുഷ്ഠാനങ്ങളും ഇന്നും നിലനിർത്തിപ്പോരുന്ന മധ്യകേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. വടക്കൻ കേരളത്തിലെ അപൂർവ്വങ്ങളായ തെയ്യക്കോലങ്ങൾ ആചാരപരമായി കെട്ടിയാടുന്നത് ഇവിടത്തെ വാർഷികാചാരങ്ങളിലൊന്നാണ്. പറശ്ശിനിക്കടവ് മുത്തപ്പന്റെ നിസ്തുലഭക്തനും ചിത്രകാരനും ഫോട്ടോഗ്രാഫറുമായ കൂടാലപ്പാട് സ്വദേശി ആർട്ടിസ്റ്റ് അനിലാണ് ദൈവക്കോലത്തിന്റെ സാന്നിധ്യം അക്രിലിക്ക് പെയിന്റിൽ ക്യാൻവാസിലേയ്‌ക്കു പകർത്തിയത്.
![](https://janmabhumi.in/wp-content/uploads/2025/02/anil.webp)
22 ഇഞ്ച് നീളത്തിൽ 14 ഇഞ്ച് വീതിയുള്ള ക്യാൻവാസ് മൗണ്ട് ഷീറ്റിലെ ചിത്രം ഒരു ദിവസംകൊണ്ട് അനായസമായി പൂർത്തിയാക്കാനായത് മുത്തപ്പന്റെ അനുഗ്രഹമായിരുന്നുവെന്ന് അനിൽ പറയുന്നു. ചിത്രം ഫ്രെയിം ചെയ്ത് ഉത്സവത്തിനു മുന്നോടിയായി മൂലേത്ത് ഭഗവതിക്ഷേത്രത്തിലേയ്‌ക്കു തന്നെ സമർപ്പിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ചിത്രം ആസ്വാദകശ്രദ്ധ നേടി. കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിൽ പഠിക്കുമ്പോൾ അനിലിന്റെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞു പ്രോത്സാഹനം നൽകിയത് ചിത്രകലാദ്ധ്യാപകനായിരുന്ന മോഹൻ ആണ്.
പെരുമ്പാവൂരിൽ പണ്ടു പ്രവർത്തിച്ചിരുന്ന ചിത്രപീഠത്തിലെ അദ്ധ്യാപകരായിരുന്ന ഉദയൻ, ബെന്നി, രാജൻ തുടങ്ങിയവരാണ് വരകളിലെ വ്യത്യസ്തമാർന്ന ശൈലികൾ പകർന്നു നൽകിയത്. ജീവിതപ്രാരാബ്ധങ്ങൾ അനിലിനെ കൊമേഴ്സ്യൽ ആർട്ടിലേയ്‌ക്ക് വഴിതിരിയാൻ നിർബന്ധിതനാക്കി. പിന്നീട് കുടുംബം പോറ്റാൻ ഛായാചിത്രങ്ങളും ബോർഡുകളും ബാനറുകളും എഴുതിത്തുടങ്ങി. പരസ്യരംഗത്തേയ്‌ക്ക് ആധുനിക സങ്കേതങ്ങൾ വന്ന ഒരു ഘട്ടത്തിൽ ആ രംഗത്ത് നിലനില്പില്ലാതായി. ഒടുവിൽ ഫോട്ടോഗ്രാഫറായി. അയ്‌മുറിക്കവലയിൽ അഭിനന്ദ് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുകയാണ് വർഷങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: