India

രോഗിയുടെ മുറിവില്‍ സ്റ്റിച്ചിന് പകരം ഫെവിക്വിക്ക് പുരട്ടി; നഴ്‌സിന് സസ്‌പെന്‍ഷന്‍, വര്‍ഷങ്ങളായി താൻ ഇങ്ങനെയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തൽ

Published by

ബെംഗളൂരു: രോഗിയുടെ മുറിവില്‍ സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടിയ നഴ്‌സിന് സസ്‌പെന്‍ഷന്‍. ഹാവേരി ഹനഗല്‍ താലൂക്കിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ സ്റ്റാഫ് നഴ്‌സ് ജ്യോതിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഏഴ് വയസ്സുള്ള ആണ്‍കുട്ടിയുടെ മുഖത്തെ മുറിവിലാണ് ഇവര്‍ ഫെവിക്വിക് പശ ഉപയോഗിച്ച് ചികിത്സ നടത്തിയത്.

കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരന്‍ ഗുരുകിഷന്‍ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നത്. എന്നാല്‍ മുറിവില്‍ തുന്നലിട്ടാല്‍ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്‌സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താന്‍ വര്‍ഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്‌സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് നടപടിക്ക് വഴിവെച്ചത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നഴ്‌സിനെതിരെ നടപടി എടുക്കുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ ഈ രീതിയാണ് ഉപയോഗിക്കുന്നതെന്നും കുട്ടിയുടെ മുഖത്ത് തുന്നലുകളേക്കാള്‍ നല്ലതാണിതെന്നുമായിരുന്നു ജ്യോതിയുടെ വാദം. സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഷന് പകരം, ഫെബ്രുവരി 3ന് ജ്യോതിയെ ഹാവേരി താലൂക്കിലെ ഗുത്തല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇത് പൊതുജനങ്ങളുടെ രോഷത്തിന് കാരണമായതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

കുട്ടിക്ക് പിന്നീട് ചികിത്സ ലഭ്യമാക്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by