Vicharam

ജീവവായുവാണ് തണ്ണീര്‍ത്തടങ്ങള്‍

Published by

സങ്കീര്‍ണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നു നമ്മെ സംരക്ഷിക്കുകയും, ജൈവവൈവിധ്യങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ആവാസവ്യവസ്ഥകളാണ് തണ്ണീര്‍ത്തടങ്ങള്‍. മനുഷ്യര്‍ തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ച് ഉപജീവനം നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രദേശങ്ങള്‍ക്കനുസരിച്ച് തണ്ണീര്‍ത്തടങ്ങള്‍ ഉപയോഗിച്ചു വരുന്നു. പൊയ്ക, ചെരുവ്, താലാബ്, ഏറി, ആഹര്‍, കോള്‍ എന്നിങ്ങനെ പല പേരുകളിലായി വിവിധ തരം തണ്ണീര്‍ത്തടങ്ങള്‍ രാജ്യമാകമാനം അറിയപ്പെടുന്നു.

കേരളത്തിന്റെ കടലോര മേഖലകളില്‍, മഴക്കാലങ്ങളില്‍ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുകയും, വേനല്‍ക്കാലത്ത് കൃഷിഭൂമിയായി കാര്‍ഷിക വിളകള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്നവയാണ് കോള്‍ പാടങ്ങള്‍. ഇവ പല ദേശാടനപ്പക്ഷികള്‍ക്കുമുള്ള ആവാസ വ്യവസ്ഥയുമാണ്. പുഞ്ച, കരി, മ്യാല്‍, ചിറ തുടങ്ങി പ്രാദേശിക ഭേദങ്ങളോടെ അറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങളും പ്രകൃതിയുടെ ജലസംഭരണികളും പൊന്നു വിളയിക്കുന്ന കൃഷിഭൂമിയുമാണ്. കര്‍ണാടകയില്‍ അഘനാശിനി അഴിമുഖത്തിന് സമീപമുള്ളവര്‍ ‘കരി കഗ്ഗ ബത്ത’ എന്ന നെല്ല് കൃഷി ചെയ്യുന്നതിന് മുന്‍പ് വിത്തുകള്‍ തോട്ടിലെ വെള്ളത്തില്‍ മുക്കിവെയ്‌ക്കുന്ന പതിവുണ്ട്. ഉയര്‍ന്ന ഉപ്പ് സഹിഷ്ണുതയുള്ളതിനാലാണ് ഈ പ്രദേശങ്ങളില്‍ ഇവ കൃഷി ചെയ്തു പോരുന്നത്. ഉത്തര കര്‍ണാടക ജില്ലകളിലെ തണ്ണീര്‍ത്തടങ്ങളായ ‘ഗജിനി’കളില്‍ സാമൂഹിക നെല്‍കൃഷി നടപ്പിലാക്കുകയും അത്വഴി തദ്ദേശീയമായ പല നെല്ലിനങ്ങളും കാലങ്ങളോളം സംരക്ഷിച്ചുപോരുകയും ചെയ്യുന്നു.

ആസ്സാമിലെ ‘ബീല്‍സ്’, പശ്ചിമ ബംഗാളിലെ ‘ഖാല്‍സ്’ മുതലായ തണ്ണീര്‍ത്തടങ്ങളും ആ പ്രദേശങ്ങളില്‍ ഉള്ളവരുടെ ഉപജീവനത്തിന് നിര്‍ണായകമാണ്. നദികളുടെ സ്വാഭാവികമായ ഒഴുക്കിനെത്തുടര്‍ന്ന് രൂപപ്പെട്ട് വന്നിരുന്ന നിമ്നഭാഗങ്ങള്‍, കാലാന്തരത്തില്‍ തണ്ണീര്‍ത്തടങ്ങളായി പരിണമിക്കുകയും, അവ മത്സ്യകൃഷിക്കായി ഉപയോഗിച്ച് പോരുകയുമാണ്. ആസ്സാമിലെ ബിഹു ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മത്സ്യബന്ധനവും, അവയുടെ പ്രദര്‍ശനവും. ബാംബൂ ജക്കോയി, ഡൊളോങ്ങാ, സെപ മുതലായ വൃത്താകൃതിയിലുള്ള കെണികള്‍ ഉള്‍പ്പടെയുള്ള തനത് ഉപകരണങ്ങളാണ് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. മത്സ്യങ്ങള്‍ക്കും ഒച്ചുകള്‍ക്കും ഒപ്പം പല സസ്യലതാദികള്‍ക്കും ബീല്‍സ് പ്രദേശങ്ങള്‍ ആവാസവ്യവസ്ഥ ഒരുക്കുന്നു. നൂറ്റാണ്ടുകളായി ആസ്സാമിലെ മൊറിഗാവോണ്‍ ജില്ലയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ജോണ്‍ ബീല്‍ മേള സംഘടിപ്പിച്ചു വരുന്നു. ടിവ, കിര്‍ബി, ഖാസി മുതലായ തദ്ദേശീയ ഗോത്ര വിഭാഗങ്ങളള്‍ ഈ അവസരത്തില്‍ ഒത്തുചേരുകയും വ്യാപാരത്തിലേര്‍പ്പെടുകയും ചെയ്യാറുമുണ്ട്. സമൃദ്ധമായ വിളവെടുപ്പിന്റെ അടയാളമായ ‘നുവാന്‍ പൂജ’ യിലെ പ്രധാന താരം ബീല്‍ തണ്ണീര്‍ത്തടങ്ങളിലെ മത്സ്യങ്ങളാണ്. സാമൂഹിക മത്സ്യബന്ധനത്തോടെയാണ് ഈ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് .

ഭാരതത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍, കന്നുകാലികളെ മേയ്‌ക്കുന്നത് ഉപജീവനമാര്‍ഗ്ഗമാക്കിയവര്‍ക്ക് ക്ഷണികമായ തണ്ണീര്‍ത്തടങ്ങളാണ് നിലനില്‍പ്പിന്റെ ആധാരം. ആരണ്യം എന്ന സംസ്‌കൃത വാക്കില്‍ നിന്ന് രൂപപ്പെട്ട ‘ഒറാന്‍’ എന്ന പേരിലുള്ള സാമൂഹിക സംരക്ഷണ പ്രദേശങ്ങളില്‍ കാണപ്പെടുന്ന തണ്ണീര്‍ത്തടങ്ങളാണ് ‘നാഡിസ്’. രാജസ്ഥാനില്‍ ഇത്തരം തണ്ണീര്‍ത്തടങ്ങളാണ് ഒട്ടകം, ആട്, ചെമ്മരിയാട് പോലുള്ള കന്നുകാലികള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന രാജസ്ഥാന്റെ സംസ്ഥാന പക്ഷിയായ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് ശീതകാലത്ത് കൂടുകൂട്ടുന്നത് ജയ്സാല്‍മീറിലുള്ള ഇത്തരം ഒരു ഒറാനിലാണ്. താര്‍ മരുഭൂമിയില്‍ സ്വാഭാവികമായി രൂപപ്പെടുന്ന നിമ്നഭാഗങ്ങളില്‍ മഴവെള്ളം സംഭരിക്കപ്പെടുന്നതിനോട് അനുബന്ധിച്ച് രൂപപ്പെടുന്ന കുളങ്ങളാണ് ‘തോബ’കള്‍. ബിക്കാനീര്‍ മേഖലയിലെ കര്‍ഷകര്‍ കന്നുകാലികളുമായി ഇത്തരം തോബകളില്‍ എല്ലാ വര്‍ഷവും എത്തി അവിടെ തങ്ങി ഇവയെ മേയ്‌ക്കാറുണ്ട്.

തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി 20 തുരുത്തുകളില്‍ വ്യാപിച്ചുകിടക്കുന്ന പുലിക്കാട്ട് തണ്ണീര്‍ത്തട സമുച്ചയം കിഴക്കന്‍ തീരത്തെ രണ്ടാമത്തെ വലിയ കായലാണ്. ഇവയില്‍ ഏറ്റവും വലുത്, കൊളോണിയല്‍ കാലഘട്ടത്തില്‍ ഡച്ചുകാരുടെ അവസാന കോട്ടയായ ശ്രീഹരിക്കോട്ടയാണ്. ഈ പ്രദേശങ്ങളിലെ പ്രധാന ഉപജീവനമാര്‍ഗ്ഗം മത്സ്യബന്ധനമാണ്. ഏകദേശം 52 ഗ്രാമങ്ങളിലായി 40,000ത്തോളം മത്സ്യകര്‍ഷകര്‍ ഇവിടെയുണ്ട്. തീര പ്രദേശത്തുള്ളവര്‍ ആഴക്കടലുകളിലെ മത്സ്യബന്ധം പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കുമ്പോള്‍ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ നെല്‍ക്കൃഷിയില്‍ ഏര്‍പ്പെട്ടുപോരുന്നു. ഇരുളര്‍, യാനാടി മുതലായ സമുദായങ്ങളിലുള്‍പ്പെടുന്നവര്‍ ആഴം കുറഞ്ഞ കായല്‍ത്തട്ടുകളിലുള്ള ചെമ്മീനുകളെയും, ചെളി ഞണ്ടുകളെയുമാണ് ഉപജീവനത്തിനായി ആശ്രയിച്ചുപോരുന്നത്.

തമിഴ്‌നാട്ടില്‍ ‘അയ്യനാര്‍’ പോലുള്ള കാവല്‍ ദൈവങ്ങളാണ് ഗ്രാമപ്രദേശത്തെ സംരക്ഷിച്ചുപോരുന്നത് എന്ന വിശ്വാസം നിലനില്‍ക്കുന്നു. അത്തരം വലിയ വിഗ്രഹങ്ങളുടെ അടയാളങ്ങളിലൂടെയാണ്, പ്രദേശങ്ങളുടെ അതിര്‍വരമ്പുകളും ഭൂപ്രകൃതിയുടെ സവിശേഷതകളും മനസ്സിലാക്കാന്‍ സാധിക്കുന്നത്. പുലിക്കാട്ടില്‍ അത്തരത്തില്‍ പ്രധാനപ്പെട്ട രണ്ട് കാവല്‍ ദൈവങ്ങളാണുള്ളത്. ഒന്ന് ടെറാക്കോട്ട കൊണ്ട് നിര്‍മിച്ച ബാലികാബാലന്‍മാരുടെ പ്രതിമകളാണ്. തമ്പി-തങ്കച്ചി ശിലകള്‍ എന്ന് അറിയപ്പെടുന്ന ഇവ സമുദ്രത്തിന് അഭിമുഖമായി കാണപ്പെടുന്നു. പ്രദേശവാസികള്‍, ഇതിനെ സുനാമി പോലെയുള്ള ദുരന്തങ്ങളില്‍ നിന്നു നേരത്തെയുള്ള മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനങ്ങളായി വിശ്വസിച്ചുപോരുന്നു. കന്നി എന്ന ദേവതയെയും മുക്കുവ സമൂഹം ഇത്തരത്തില്‍ ആരാധിച്ചു പോരുന്നുണ്ട്. ആണ്ടുതോറും തൈ മാസത്തില്‍ തീരത്തോട് ചേര്‍ന്ന്തന്നെ വലിയ ഉത്സവങ്ങളും നടന്നുവരാറുണ്ട്. ഈ ഉത്സവങ്ങളിലെ വാദ്യമേളങ്ങളും മന്ത്രോച്ചാരണങ്ങളും കേള്‍ക്കുന്ന ദേവത, ഒരു ഗ്രാമവാസിയുടെ ദേഹത്ത് പ്രവേശിക്കുകയും ആ വ്യക്തി കടലില്‍ പോയി ഒരു പിടി മണ്ണ് കൊണ്ടുവരികയും അത് ഉപയോഗിച്ച് ജന്തുജാലങ്ങളുടെയും മനുഷ്യരുടെയും വിഗ്രഹങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ആ വിഗ്രഹങ്ങളില്‍ ആ പ്രദേശത്തിന്റെ കാവല്‍ ദേവതകള്‍ കുടികൊള്ളുന്നുമെന്നാണ് വിശ്വാസം.

തണ്ണീര്‍ത്തടങ്ങള്‍ കാലദേശാതീതമായി സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. പരമ്പരാഗത സമ്പ്രദായങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തണ്ണീര്‍ത്തടങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ വരദാനമായ ഇത്തരം ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചാണ് ലോക തണ്ണീര്‍ത്തട സംരക്ഷണ ദിനമാചരിച്ചു വരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക