കൊച്ചി: സനാതന സംസ്‌കൃതിക്ക് വിലപ്പെട്ട സംഭാവനകള്‍ പ്രൊഫ. എം ലീലാവതി ടീച്ചറില്‍നിന്നുണ്ടായിട്ടുണ്ടെന്ന് കേരളാ ഹീന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ നിഷ പിള്ള. വാത്മീകിരാമായണത്തിന്റെ വിശദവും മനോഹരവുമായ വ്യാഖ്യാനം ചമച്ചതിലൂടെ ഡോ. എം. ലീലാവതി നിര്‍വഹിച്ചത് യുഗദൗത്യമാണെന്നും ആര്‍ഷ ദര്‍ശന പുരസക്കാരം മംഗളപത്രം നല്‍കികൊണ്ട് നിഷ പറഞ്ഞു.
അനേകതലമുറകള്‍ക്ക് വിദ്യയുടെ പ്രകാശം പകര്‍ന്ന ഉത്തമ ഗുരുനാഥ, സാഹിത്യകൃതികളുടെ ആത്മാവിനെ സൗന്ദര്യാത്മകമായും മനശാസ്ത്രപരമായും വ്യാഖ്യാനിച്ച് വായനക്കാരുടെ ഭാവുകത്വപ്രപഞ്ചത്തെ വിസ്തൃതിപ്പെടുത്തിയ വിമര്‍ശക, കവിതയുടെയും ബാലസാഹിത്യത്തിന്റെയും ഉപന്യാസത്തിന്റെയും മണ്ഡലങ്ങളില്‍ വ്യാപരിച്ച് ശ്രദ്ധേയയായ എഴുത്തുകാരി, സംശുദ്ധമായ സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ ഭാരതീയ സംസ്‌കൃതിയുടെ പ്രകാശം പ്രസരിപ്പിച്ച മഹനീയ വ്യക്തിത്വം. ഡോ എം ലീലാവതിക്ക് മലയാളം നല്‍കിയ വിശേഷണങ്ങളില്‍ ചിലതാണിത്. ആര്‍ഷ പാരമ്പര്യത്തിന്റെ നിധിനിക്ഷേപങ്ങളായ നിരവധി കൃതികള്‍ക്ക് ഉത്തമവ്യാഖ്യാനവും അവതാരികയും വിരചിച്ച മലയാളത്തിന്റെ ഈ എഴുത്തമ്മ, നമ്മുടെ നാടിന്റെ മഹാസുകൃതമാണ്. ‘ഭാരതസ്ത്രീ’ എന്ന ബൃഹത്തായ കൃതിയിലൂടെ ആര്‍ഷഭാരതത്തിന്റെ സ്ത്രീത്വമഹിമ സുസ്പഷ്ടമാക്കിയ മഹതികൂടിയാണ് ഡോ. എം. ലീലാവതി. വാത്മീകിരാമായണത്തിന്റെ വിശദവും മനോഹരവുമായ വ്യാഖ്യാനം ചമച്ചതിലൂടെ ഡോ. എം. ലീലാവതി നിര്‍വഹിച്ചത് യുഗദൗത്യമാണ്.
ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ പാവനമായ ഉപലബ്ധികളെക്കുറിച്ച് മലയാളത്തിന്റെ ഈ അമ്മ എഴുതിയ കനപ്പെട്ട പഠനങ്ങള്‍ ആദരവോടെയേ നോക്കിക്കാണാനാവൂ. വാത്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും അക്കിത്തത്തിന്റെയും ബാലാമണിയമ്മയുടെയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും അടക്കം ഒട്ടേറെ മഹാകവികളുടെ കാവ്യപ്രപഞ്ചത്തിനും ഗദ്യനായകരായ സാഹിത്യരത്‌നങ്ങളുടെ ചിന്താ ശില്‍പങ്ങള്‍ക്കും ഉന്മീലനസ്വഭാവമുള്ള കതിര്‍ക്കനമുറ്റ പഠനങ്ങള്‍ ഡോ. എം. ലീലാവതിടീച്ചറില്‍ നിന്ന് മലയാളത്തിന് കൈവന്നിട്ടുണ്ട്. പ്രഭാഷക എന്ന നിലയിലും സനാതന സംസ്‌കൃതിക്ക് വിലപ്പെട്ട സംഭാവനകള്‍ ടീച്ചറില്‍നിന്നുണ്ടായിട്ടുണ്ടെന്ന് ഭാരതഭൂമി കൃതജ്ഞതാപൂര്‍വം എന്നെന്നും അനുസ്മരിക്കും.
കൃഷ്ണഭക്തയും ഭഗവാന്റെ മുഖപത്രമായ ഭക്തപ്രിയയുടെ ദീര്‍ഘകാല പത്രാധിപയും ആയിരുന്നു അദ്വൈതനവനീതം കടഞ്ഞുകൊണ്ടിരിക്കുന്ന ഈ അമ്മ.
പത്മശ്രീയും എഴുത്തച്ഛന്‍ പുരസ്‌കാരവും കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും മറ്റ് അനേകം അംഗീകാരങ്ങളും ഈ മഹത് വ്യക്തിത്വത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിന്റെ സ്‌നേഹമയിയും സര്‍വ്വസമാദരണീയയുമായ ഈ ഗുരുനാഥയ്‌ക്ക് ദീര്‍ഘായുസ്സും കര്‍മ്മശേഷിയും ജഗദീശ്വരന്‍ തുടര്‍ന്നും പ്രദാനം ചെയ്യട്ടെ എന്നാശംസിച്ചു കൊണ്ട് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സമഗ്രസംഭാവനയ്‌ക്കുള്ള ദൈവാര്‍ഷികദക്ഷിണയായ ആര്‍ഷദര്‍ശന പുരസ്‌കാരം സവിനയം സാദരം സസന്തോഷം നമസ്‌കാരപൂര്‍വ്വം സമര്‍പ്പിക്കുന്നതായി ഡോ. നിഷ പിള്ള പറഞ്ഞു.
ലീലാവതിക്കു വേണ്ടി മകന്‍ എം.വിനയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സി.രാധാകൃഷ്ണന്‍ ,സൂര്യകൃഷ്ണമൂര്‍ത്തി, ഡോ.എം. തോമസ് മാത്യൂ, പത്മശ്രീ സഞ്ജയ് സഗ്‌ദേവ്, അഡ്വ.എസ്. ജയശങ്കര്‍, കെ എച്ച് എന്‍ എ ഭാരവാഹികളായ മധു ചെറിയേടത്ത്,രഘുവരന്‍ നായര്‍ , സുരേന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക