ന‍്യൂദൽഹി: അനധികൃതമായി കുടിയേറിയവരെ അമേരിക്ക തിരിച്ചയച്ചത് പുതിയ സംഭവമല്ലെന്ന് വിദേശകാര‍്യമന്ത്രി എസ്. ജയശങ്കർ. 2009 മുതല്‍ ഈ പ്രക്രിയ നടക്കുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. പാർലമെൻ്റിൽ പ്രസ്താവന നടത്തുകയായിരുന്നു വിദേശകാര്യമന്ത്രി. നാടുകടത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി. സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെച്ചില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്, നിയമവിരുദ്ധമായി വിദേശത്ത് താമസിക്കുന്നവരെ കണ്ടെത്തിയാൽ അവരെ തിരിച്ച് സ്വീകരിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ട്. ഇന്ത‍്യക്കാരെ തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായ സാഹചര‍്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുമ്പ് അമേരിക്ക നാടുകടത്തിയവരുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. 2009ൽ 734 പേരെയും 2010ൽ 799 പേരെയും 2011ൽ 597 പേരെയും, 2012ൽ 530 2013ൽ 550, 2014ൽ 591 പേരെയും, 2015ൽ 708, 2016ൽ 1303, 2017ൽ 1024, 2018ൽ 1180, 2019ൽ 2042, 2020ൽ 1889, 2021ൽ 805, 2022ൽ 862, 2023ൽ 617, 2024ൽ 1368, 2025; 104 പേരെയും നാടുകടത്തി.
2012 മുതല്‍ അമേരിക്കന്‍ വിമാനത്തില്‍ തന്നെയാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. കൈവിലങ്ങുവെച്ചത് അമേരിക്കന്‍ സര്‍ക്കാര്‍ നയമെന്നും വിദേശകാര്യം മന്ത്രി പറഞ്ഞു. 104 പേരെ നാടുകടത്തിയത് ഇന്ത്യയുടെ അറിവോടെയാണ്. എല്ലാവരുടെയും പൗരത്വം ഇന്ത്യ ഉറപ്പാക്കിയിരുന്നു. അതിന് ശേഷമാണ് അമേരിക്കന്‍ വിമാനത്തിന് ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കിയത്. എന്നാൽ നാടുകടത്തപ്പെട്ട പലരും കോൺസുലേറ്റിന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. ഇവര്‍ എങ്ങനെയാണ് അമേരിക്കയിലേക്ക് പോയതെന്ന് അന്വേഷിക്കും.
നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ തടയണം. നയതന്ത്രപരമായി താന്‍ പറയുന്നത് ശരിയാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക