Sports

തുഴയെറിഞ്ഞ് മെഡല്‍ വാരി; കേരളത്തിന് റോവിങ്ങില്‍ സ്വര്‍ണം ഒന്ന്, വെള്ളി രണ്ട്, വെങ്കലം ഒന്ന്‌

Published by

ഡെറാഡൂണ്‍: റോവിങില്‍ മെഡല്‍ വാരിക്കൂട്ടി കേരളം. ഇന്നലെ അഞ്ച് ഫൈനല്‍ യോഗ്യത നേടിയ കേരളം നാലെണ്ണത്തിലും മെഡല്‍ സ്വന്തമാക്കി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം തുഴഞ്ഞെടുത്തത്. വനിതകളുടെ കോസ്ലെസ് ഫോറ് ഇനത്തില്‍ കേരളം സ്വര്‍ണം നേടി. 7.33.1 സെക്കന്റില്‍ ഫിനിഷ്‌ചെയ്താണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. റോസ് മറിയ ജോഷി, വര്‍ഷ കെബി, അശ്വതി പി.ബി, മീനാക്ഷി വിഎസ് എന്നിവരടങ്ങുന്നതാണ് ടീം. 7.38.6 മിനുട്ടില്‍ ഫിനിഷ് ചെയ്ത് ഒഡീഷക്കാണ് ആണ് വെള്ളി. മഹാരാഷ്‌ട്ര വെങ്കലവും നേടി.

വനിതകളുടെ ഡബിള്‍ സ്‌കള്‍ ഇനത്തില്‍ കേരളം വെള്ളി സ്വന്തമാക്കി. 7.59.8 സെക്കറ്റിലാണ് കേരളത്തിന് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഗൗരി നന്ദ കെ, സാനിയ ജെ കൃഷ്ണ എന്നിവരാണ് ടീം അംഗങ്ങള്‍. 7.52.0 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്‌ക്കാണ് സ്വര്‍ണം. മണിപ്പൂര്‍ വെങ്കലം നേടി.

വനിതകളുടെ കോസ്ലെസ് പെയര്‍ വിഭാഗത്തിലും കേരളം വെള്ളി നേടി. വിജിന മോള്‍ ബി. അലീന ആന്റോ എന്നിവരാണ് ടീം അംഗങ്ങള്‍. 8.18.5 സെക്കന്റിലാണ് കേരളം ഫിനിഷ് ചെയ്തത്. മധ്യപ്രദേശ് സ്വര്‍ണവും പോണ്ടിച്ചേരി വെങ്കലവും നേടി. വനിതാ ക്വാഡ് സ്‌ക്വള്‍സ് വിഭാഗത്തില്‍ കേരളത്തിന് വെങ്കലം. അന്ന ഹെലന്ഡ ജോസഫ്, ഗൗരി നന്ദ കെ, സാനിയ ജെ കൃഷ്ണ, അശ്വനി കുമാരന്‍ വി.പി എന്നിവരാണ് ടീം അംഗങ്ങള്‍. മധ്യപ്രദേശ് സ്വര്‍ണവും ഹരിയാന വെള്ളിയും നേടി.

കഴിഞ്ഞ ദിവസം ആറ് ഇനങ്ങളില്‍ നിന്ന് അഞ്ച് ഇനങ്ങളില്‍ കേരള ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. വനിതാ വിഭാഗം സ്‌കള്‍സ് ഡബിള്‍സില്‍ ലൈറ്റ് വെയ്റ്റ് ഇനത്തില്‍ കേരളത്തിന് മെഡലൊന്നും നേടാന്‍ സാധിച്ചില്ല. കേരളം നാലാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ പ്രവേശിച്ച കേരളത്തിന്റെ പുരുഷ വനിതാ ബീച്ച് വോളിബോള്‍ ടീം സെമി കാണാതെ പുറത്ത്. വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ പോണ്ടിച്ചേരിയോട് തോറ്റ് പുറത്തായി. സ്‌കോര്‍ 21-10,21-16. പുരുഷ വിഭാഗത്തില്‍ കേരള ഗോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് പുറത്ത്. സ്‌കോര്‍: 21-15,21-19.
വനിതകളുടെ എലൈറ്റ് കീറിന്‍ വിഭാഗത്തില്‍ കേരളത്തിന്റെ ദിവ്യ ജോയ് നാലാമതായി ഫിനിഷ് ചെയ്തു. ആന്‍ഡമാന്റെ സെലിസ്റ്റാനക്കാണ് സ്വര്‍ണം. കര്‍ണാടകയുടെ കീര്‍ത്തി വെള്ളിയും തമിഴ്‌നാടിന്റെ ശ്രീമതി വെങ്കലവും നേടി.

92+ വിഭാഗം ബോക്സിംങില്‍ കേരളത്തിന്റെ മുഹ്സിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യയ നേടിയിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ രാജസ്ഥാന്‍ താരത്തോട് തോറ്റ് പുറത്തായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by