Vicharam

മോദി പറഞ്ഞതും പറയാതെ വച്ചതും

പൂര്‍ണമായല്ലെങ്കിലും കുറച്ചുനാള്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയുകയും മോദിയുടെയും ട്രംപിന്റെയും ബാക്കിയുള്ള ഭരണകാലത്ത് കൂടുതല്‍ കരുത്തോടെ ഇരു രാജ്യങ്ങളും മുന്നോട്ട് നീങ്ങുമെന്നും കരുതാം.

Published by

2014ന് ശേഷം വിദേശ ഇടപെടലുകളില്ലാത്ത ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിതെന്നായിരുന്നല്ലൊ ബജറ്റ് സമ്മേളനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണം. ഭരിക്കുന്നത് ബിജെപിയായത് കൊണ്ട് ജാതി, മുസ്ലിം വംശഹത്യ തുടങ്ങി കശ്മീര്‍ പ്രശ്നം വരെ രാഷ്‌ട്രീയവും സാമ്പത്തികവുമായ ആരോപണങ്ങള്‍ ഓരോ സമ്മേളനത്തിന് മുന്‍പും ഉയര്‍ന്നിരുന്നു. ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ വിദേശശക്തികള്‍ ഇപ്രകാരമുയര്‍ത്തിയ വിഷയങ്ങള്‍ രാഹുല്‍ കോണ്‍ഗ്രസ്സും ഏറ്റുചൊല്ലി. ഭാരത വിരുദ്ധ ശക്തികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത് മുതല്‍ ഹിഡന്‍ബര്‍ഗ് ഉള്‍പ്പടെയുള്ള ശക്തികള്‍ തിരിച്ചടികള്‍ നേരിടുകയും സ്ഥിതി മെച്ചപ്പെടുകയുമാണ്. ഇക്കാര്യമാണ് പ്രധാനമന്ത്രി പങ്കുവച്ചത്.

ബിജെപിയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പുലര്‍ത്തിയ ആദ്യ ഭരണകാലത്തെ ട്രംപല്ല ഇന്നുള്ളതെന്നും ഓര്‍ക്കണം. പാകിസ്ഥാന് സാമ്പത്തിക സഹായം നിര്‍ത്തിയതിനു പുറമെ, ബൈഡന്‍ ഭരണകൂടം ബംഗ്ലാദേശിന് നല്‍കിയിരുന്ന എല്ലാ സഹായങ്ങളും നിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തു ട്രംപ്. അമേരിക്കയുടെ വിദേശനയ താത്പര്യമനുസരിച്ചായിരുന്നില്ല ബംഗ്ലാദേശിന് സഹായം നല്‍കിയിരുന്നതെന്നാണ് ട്രംപിന്റെ നിലപാട്. തൊട്ട് പിന്നാലെ ജോര്‍ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസ് ബംഗ്ലാദേശിന്റെ പുതിയ ഭരണാധികാരി യൂനുസുമായി കൂടിക്കാഴ്ച നടത്തി സഹായം വാഗ്ദാനം ചെയ്തു. സമാന സാഹചര്യമാണ് ലോകാരോഗ്യ സംഘടനയ്‌ക്ക് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തുന്നതിലേക്കും ട്രംപിനെ നയിച്ചത്. സംഘടനയ്‌ക്ക് നല്‍കുന്ന പണം ജീവകാരുണ്യത്തിന്റെ മറവില്‍ ഹമാസ് അടക്കമുള്ള ഇസ്ലാമിക ഭീകരവാദികളുടെ ശുശ്രൂഷയ്‌ക്കും അവരുടെ പ്രവര്‍ത്തങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്. സംഘടനയ്‌ക്കുള്ള ധനസഹായം നിര്‍ത്തിയ ട്രംപിന്റെ ആദ്യ ഭരണകാലത്തെ നയം തിരുത്തിയാണ് ബൈഡന്‍ അന്ന് ധനസഹായം തുടര്‍ന്നത്. ബംഗ്ലാദേശില്‍ ഇസ്ലാമിക താല്‍പര്യം നടപ്പിലാക്കാന്‍ സോറോസ്, ജമാ അത്ത് കൂട്ട്കെട്ടിന്റെ പദ്ധതികള്‍ക്കൊപ്പം ബൈഡന്‍ നിന്നു. ബംഗ്ളാദേശിലുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്നു അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സ്ഥാനമൊഴിഞ്ഞു രാജ്യം വിടേണ്ടിവന്നു. പ്രതിഷേധങ്ങളിലുള്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് റൂറല്‍ അഡ്വാന്‍സ്മെന്റ് കമ്മിറ്റി സര്‍വകലാശാലയ്‌ക്ക് ജോര്‍ജ് സോറോസ് നിരന്തര ധനസഹായം നല്‍കിയിരുന്നു.

ഇത്തരത്തില്‍ ഇസ്ലാമിസ്റ്റുകളുടെ ആഗോള താത്പര്യങ്ങള്‍ക്കായി അവര്‍ക്കൊപ്പം ചേര്‍ന്ന് സോറോസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയും നല്‍കിയിരുന്നത്. യുഎസിന്റെ വിദേശ നയ- രാജ്യ താല്‍പര്യത്തേക്കാള്‍ ഭരണ കക്ഷിയായ ഡെമോക്രാറ്റുകളുടെയും ബൈഡന്റെയും പ്രത്യേയശാസ്ത്ര താത്പര്യങ്ങളും സാമ്പത്തിക താത്പര്യങ്ങളുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായതെന്നു പരിശോധിച്ചാല്‍ കാണാം. അവര്‍ക്ക് അത്രത്തോളം പ്രധാനമായിരുന്നു ജോര്‍ജ് സോറോസ് പോലെയുള്ള ശക്തികളുടെ സഹായം. ഇതിന്റെ ഉദാഹരണമായിരുന്നു സ്ഥാനമൊഴിയുന്നതിന് മുന്‍പ് സോറോസിന് ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡ’ മെന്ന ബഹുമതി നല്‍കി ബൈഡന്‍ ആദരിച്ചത്.

ബംഗ്ലാദേശിന് പുറമെ ഭരതമുള്‍പ്പടെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനള്ള പദ്ധതികളും സോറോസും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും തയ്യാറാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടുകൊണ്ടു ബൈഡന്‍ ഭരണകൂടം അതിനും പിന്തുണ നല്‍കി. ഭാരതത്തിലെ ദേശീയ വാദികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതായിരുന്നു അവരുടെ നയം. ഈ ശക്തികള്‍ 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെങ്കിലും ഭാരതത്തിലെ ഭരണമാറ്റമെന്ന അവരുടെ ലക്ഷ്യം വിജയിക്കാതെ പോയി. എന്നാല്‍, ഭാരതവിരുദ്ധ ആഖ്യാനം ചമയ്‌ക്കാനും വ്യാജ റിപ്പോര്‍ട്ടുകള്‍ വഴി രാജ്യത്ത് അസ്വസ്ഥത സൃഷ്ട്ടിക്കാനും കഴിഞ്ഞു. ഇതിനായൊരു ആഗോള ഹിന്ദു വിരുദ്ധ ഫണ്ടിംഗ് ശൃംഖല സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. വ്യാജ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ട് അമേരിക്കയിലും യൂറോപ്പിലും ലോകത്തിന്റെ പലഭാഗത്തും മുസ്ലിം അധിനിവേശത്തിനായി കോടിക്കണക്കിന് ഡോളര്‍ ഇവര്‍ ചെലവാക്കി. റോഹിഗ്യന്‍ മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഭാരതത്തിനുമേലുണ്ടായ സമ്മര്‍ദ്ദം മറക്കാറായിട്ടില്ലല്ലോ. അന്നു സമ്മര്‍ദ്ദത്തിനു വിധേയമായ യൂറോപ്യന്‍ രാജ്യങ്ങള്‍ നയം തിരുത്തി, ഇസ്ലാമിക മൗലിക വാദത്തതിനെതിരെ ശക്തമായ നയ-നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്ന തിരക്കിലാണിപ്പോള്‍. നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് പറയുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഇസ്ലാമിക ശക്തികള്‍ അമേരിക്കയില്‍ നടത്തുന്ന സംഘടിത പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മുതല്‍ രാഷ്‌ട്രീയ പ്രചാരണങ്ങളില്‍ വരെ ഇവര്‍ വ്യാപൃതരാണ്. ഭാരതത്തില്‍ കോണ്‍ഗ്രസ്സ് ചെയ്യുന്നതു പോലെ യുഎസില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നത് ഡെമോക്രാറ്റുകളാണെന്നു വ്യക്തമായിക്കഴിഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കന്മാര്‍ക്കും അവരുടെ പ്രചാരണങ്ങള്‍ക്കുമായി ദശലക്ഷക്കണക്കിന് ഡോളര്‍ ധനസഹായമാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഡെമോക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങളിലും സോറോസ് ആഴത്തിലിടപെടുന്നു. നേരിട്ടുള്ള പാര്‍ട്ടി സംഭാവനകള്‍ക്ക് പുറമെ അമേരിക്കയിലെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ‘പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക്'(പിഎസി) പണം നല്‍കിയും സഹായിക്കുന്നുണ്ട്. ഡമോക്രാറ്റുകള്‍ക്ക് വേണ്ടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനാണ് പണം നല്‍കിയത്.

സോറോസ് ഫണ്ട് മാനേജ്മെന്റ് തലവന്‍ മൈക്കല്‍ വച്ചോണിന്റെ നേതൃത്വത്തില്‍ ‘ഫണ്ട് ഫോര്‍ പോളിസി റിഫോം’ എന്ന സ്ഥാപനത്തിലൂടെ ഡെമോക്രാറ്റ് നേതാക്കന്മാര്‍ക്ക് വ്യകതിപരമായും പണം നല്‍കുന്നുണ്ട്. അമേരിക്കന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പാലോസിയ്‌ക്ക് 2010 മുതല്‍ ആറ് ലക്ഷത്തിലധികം യുഎസ് ഡോളറാണ് സോറോസ് നല്‍കിയത്. 2024 ലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം വാള്‍സിന് അലക്സാണ്ടര്‍ ആതിഥേയത്വം വഹിച്ചിരുന്നു.

ഷിക്കാഗോയിലെ ഡിഎന്‍സിയില്‍ മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനൊപ്പവും അദ്ദേഹമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സീറ്റില്‍ നിന്നു യുഎസ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ലോറ ഗില്ലനുള്‍പ്പടെയുള്ളവര്‍ക്ക് വലിയ സാമ്പത്തിക പിന്തുണയാണ് ഇവര്‍ നല്‍കിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന ശക്തികളിലൊന്ന് സോറോസ് കുടുംബമാണെന്ന് പറയാം.

അങ്ങനെ നോക്കുമ്പോള്‍, യു.എസിലെ അനധികൃത കുടിയേറ്റം, സോറോസ്, ഇസ്ലാമിക ശക്തികള്‍, ഡോമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവര്‍ പരസപരം ബന്ധിതമാണെന്ന് കാണാം. യുഎസിലും യുകെയിലും സ്വാധീനമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സോറോസ് ധനസഹായം നല്‍കുന്നു. ഡെമോക്രാറ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സോറോസിനെയും ഇസ്ലാമിക ഗ്രൂപ്പുകളെയും ഉപയോഗിക്കുന്നു. ഇവരുടെ ഭരണ സ്വാധീനം സോറോസും ഉപയോഗിക്കുന്നു. മുസ്ലിം ബ്രദര്‍ഹുഡ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവര്‍ ആഗോള ഇസ്ലാമിക് ഖാലിഫേറ്റ് സ്വപ്‌നവുമായി ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. അതുകൊണ്ട്തന്നെ ഡെമോക്രാറ്റുകള്‍ അമേരിക്കയില്‍ ഭരണത്തിലേറുമ്പോള്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശക്തി കൂടും. പൂര്‍ണമായല്ലെങ്കിലും കുറച്ചുനാള്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയുകയും മോദിയുടെയും ട്രംപിന്റെയും ബാക്കിയുള്ള ഭരണകാലത്ത് കൂടുതല്‍ കരുത്തോടെ ഇരു രാജ്യങ്ങളും മുന്നോട്ട് നീങ്ങുമെന്നും കരുതാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by