Kerala

ഒരുതരത്തിലും വഴങ്ങാതെ പാലാ നഗരസഭാധ്യക്ഷന്‍, തുപ്പാനും ഇറക്കാനും കഴിയാതെ മാണി വിഭാഗം

Published by

കോട്ടയം: പാര്‍ട്ടി മുന്‍ധാരണ പ്രകാരം പാല മുനിസിപ്പല്‍ ചെയര്‍മാനെ മാറ്റാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. അനുരഞ്ജനങ്ങള്‍ക്ക് ചെയര്‍മാന്‍ ഷാജു തുരുത്തന്‍ വഴങ്ങുന്നില്ല. കേരള കോണ്‍ഗ്രസ് ചര്‍ച്ചയ്‌ക്കു വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഷാജു ഇറങ്ങിപ്പോവുകയും ചെയ്തു.ഒന്നുകില്‍ ചെയര്‍മാന്‍ പദവിയില്‍ തുടരും അല്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്തുപോകും എന്നതാണ് ഷാജുവിന്റെ നിലപാട്. പൊതുവേ പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന കേരള കോണ്‍ഗ്രസില്‍ ഇതിന്റെ പേരില്‍ പ്രതിസന്ധി രൂക്ഷമാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കാത്തതിനാല്‍ ചര്‍ച്ച തുടരും എന്നാണ് പറയുന്നത്. നഗരസഭ അധ്യക്ഷ സ്ഥാനം വച്ചുമാറുന്നതു സംബന്ധിച്ച് മുന്‍ ധാരണയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ പറയുന്നത്. എന്നാല്‍ അങ്ങിനെ ഒന്നില്ലെന്നും ശേഷിച്ച കാലയളവില്‍ താന്‍ തന്നെ ഭരിക്കുമെന്നുമാണ് ഷാജുവിന്‌റെ നിലപാട്. നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം മൂന്നാമത്തെ അധ്യക്ഷനാണ് നിലവിലുള്ളത്.ആദ്യ രണ്ടു വര്‍ഷം ടോം ജോസ് പടിഞ്ഞാറേക്കരയും തുടര്‍ന്ന് ഒരു വര്‍ഷം സിപിഎമ്മിന് വേണ്ടി സ്വതന്ത്ര ജോസിന്‍ ബിനോയും അധ്യക്ഷരായി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഷാജി തുരത്തനാണ് അധ്യക്ഷ പദവിയിലിരിക്കുന്നത്. എന്നാല്‍ ഷാജുവിന് ഒരു വര്‍ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും മാണി വിഭാഗത്തിലെ തന്നെ തോമസ് പീറ്റേറിന് കസേര കൈമാറണമെന്നുമാണ് പാര്‍ട്ടി പറയുന്നത്. ജോസ് കെ മാണിയുടെ വിശ്വസ്തന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഷാജുവിന്‌റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു.ജോസ് കെ മാണി ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ഷാജി വഴങ്ങിയിട്ടില്ല. ഇതിനിടെയാണ് നഗരസഭ കൗണ്‍സിലില്‍ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക