പത്തനംതിട്ട: വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വിശ്രമിക്കാന്‍ വഴിയരികില്‍ നിന്ന സംഘത്തെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ നടപടി. എസ് ഐ ജിനുവിനും രണ്ട് പൊലീസുകാര്‍ക്കും സസ്പന്‍ഷന്‍.
റേഞ്ച് ഡി ഐ ജി അജിതാ ബീഗമാണ് സസ്പന്‍ഡ് ചെയ്തത്. നേരത്തേ എസ് ഐ എസ്. ജിനുവിനെ എസ്പി ഓഫീസിലേക്ക സ്ഥലം മാറ്റിയിരുന്നെങ്കിലും ഗൗരവകരമായ കുറ്റത്തിന് ഈ നടപടി പോരെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
എസ് ഐ ജിനു അടക്കമുള്ള പൊലീസ് സംഘമാണ് റോഡില്‍നിന്നവരെ ആകാരണമായി മര്‍ദിച്ചത്.സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആള് മാറിയാണ് പൊലീസ് മര്‍ദ്ദനമെന്നാണ് വിവരം.
മര്‍ദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.വിവാഹ സ്വീകരണം കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ഇന്നലെ രാത്രി 11 മണിയോടെ പൊലീസിന്റെ മര്‍ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് പ്രകോപനമില്ലാതെ മര്‍ദ്ദിച്ചത്.
അതേസമയം, വധശ്രമത്തിന് കേസെടുക്കണമെന്ന് അക്രമത്തിനിരയായ പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന കുടുംബം ആവശ്യപ്പെട്ടു.ഗൗരവപരമായാ വകുപ്പുകള്‍ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക