പ്രയാഗ്‌രാജ് : ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തതിനെ ദൈവീക ബന്ധത്തിന്റെ നിമിഷമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഗമത്തിൽ സ്നാനം ചെയ്തതിനാൽ താൻ ഭക്തിയുടെ ആത്മാവിനാൽ നിറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
“പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണ്. സംഗമത്തിലെ സ്നാനവും ദൈവീക ബന്ധത്തിന്റെ ഒരു നിമിഷമാണ്, അതിൽ പങ്കെടുത്ത കോടിക്കണക്കിന് മറ്റുള്ളവരെപ്പോലെ, ഞാനും ഭക്തിയുടെ ആത്മാവിനാൽ നിറഞ്ഞു,”- പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
കൂടാതെ ഗംഗാ മാതാവ് എല്ലാവർക്കും സമാധാനം, ജ്ഞാനം, നല്ല ആരോഗ്യം, ഐക്യം എന്നിവ നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് ത്രിവേണി സംഗമത്തിൽ പൂജ നടത്തിയത്. പ്രയാഗ്‌രാജിലെത്തിയ ശേഷം പ്രധാനമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം യമുന നദിയിൽ ബോട്ടിൽ യാത്ര നടത്തുകയും ചെയ്തു.
ഇതിനോടകം തന്നെ നിരവധി കേന്ദ്രമന്ത്രിമാരും പ്രമുഖരുമാണ് കുംഭമേളയിൽ പങ്കെടുത്തത്. ഇന്ന് രാവിലെ കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രയാഗ്‌രാജിലെ മഹാകുംഭ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയിരുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സംഗമത്തിൽ പുണ്യസ്‌നാനം നടത്തി.
ഇവർക്ക് പുറമെ സിനിമി നിർമ്മാതാവ് വിനോദ് ഭാനുശാലി, ബ്രിട്ടീഷ് ബാൻഡ്, കോൾഡ്‌പ്ലേയുടെ പ്രധാന ഗായകനുമായ ക്രൈസ്റ്റ് മാർട്ടിനും അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ ഡക്കോട്ട ജോൺസണും ശനിയാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. കൂടാതെ ചൊവ്വാഴ്ച ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പുണ്യസ്‌നാനം ചെയ്തു.
പൗഷ് പൂർണിമയിൽ (ജനുവരി 13, 2025) ആരംഭിച്ച മഹാകുംഭ് 2025 ലോകത്തിലെ ഏറ്റവും വലിയ ആത്മീയ, സാംസ്കാരിക സമ്മേളനമാണ്. ലോകമെമ്പാടുമുള്ള ഭക്തരെ ഇവിടം ആകർഷിക്കുന്നു. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാകുംഭം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: