ശ്രീനഗർ: സൈനികനും, കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം . സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഭീകരസംഘടനയുമായി ബന്ധമുള്ള 500 ലേറെ പേരെ പിടികൂടി. കഴിഞ്ഞ ദിവസമാണ് തെക്കൻ കശ്മീരിലെ ബെഹിബാഗ് ഗ്രാമത്തിൽ ആക്രമണം നടന്നത്. മുൻ ടെറിട്ടോറിയൽ ആർമി സൈനികൻ മൻസൂർ അഹമ്മദ് വാജിനെയാണ് ഭീകരർ വധിച്ചത്. ഭാര്യ ഐന അക്തർ (32), 13 വയസ്സുള്ള മകൾ സാനിയ ഹമീദ് എന്നിവർ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീർ പോലീസ് താഴ്‌വരയിലുടനീളം രാത്രി മുഴുവൻ റെയ്ഡ് നടത്തി. അറസ്റ്റിലായവരിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ, മുൻ തീവ്രവാദികൾ, തീവ്രവാദവുമായി ബന്ധമുള്ള വ്യക്തികൾ എന്നിവരും ഉൾപ്പെടുന്നു. ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
“കുൽഗാം സംഭവം സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും വ്യക്തമായ സന്ദേശമാണ്, അവർ അവരുടെ മോശം പ്രവൃത്തികൾക്ക് വില നൽകേണ്ടിവരും. നിങ്ങൾ എവിടെയാണെന്നോ ആരുടെ കൂടെയാണെന്നോ പ്രശ്നമില്ല! നിങ്ങളെ കണ്ടെത്തും.”എന്നാണ് പോസ്റ്റിൽ ടിആർഎഫിന്റെ ഭീഷണി.കശ്മീരിൽ വിരമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങളും മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിലുടനീളം സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: