പ്രയാഗ്‌രാജ് : കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് രാവിലെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. പിന്നീട് അദ്ദേഹം ചരിത്ര നിമിഷത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്ന് ആവശ്യപ്പെട്ട് തന്റെ എക്സ് അക്കൗണ്ടിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.
“മഹാകുംഭം 144 വർഷത്തിലൊരിക്കൽ വരുന്നു, അതായത് പല തലമുറകളിലൊരിക്കൽ. ഇത്തരമൊരു ചരിത്രപരമായ മത നിമിഷത്തിൽ ആരും രാഷ്‌ട്രീയം കളിക്കരുത്. വിശുദ്ധ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. മഹാകുംഭത്തിൽ എത്തുന്ന മൊത്തം ആളുകളുടെ എണ്ണം അഭൂതപൂർവവും സങ്കൽപ്പിക്കാനാവാത്തതുമായതിനാൽ എല്ലാവരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.”- റിജിജു എക്സിൽ കുറിച്ചു.
റിജിജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് പ്രയാഗ്‌രാജിൽ പുണ്യസ്‌നാനം നടത്തി പ്രാർത്ഥന നടത്തിയിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സംഗമത്തിൽ പുണ്യസ്നാനം നടത്തി.
ഇവർക്ക് പുറമെ സിനിമി നിർമ്മാതാവ് വിനോദ് ഭാനുശാലി, ബ്രിട്ടീഷ് ബാൻഡ് കോൾഡ്‌പ്ലേയുടെ പ്രധാന ഗായകനുമായ ക്രൈസ്റ്റ് മാർട്ടിനും അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ ഡക്കോട്ട ജോൺസണും ശനിയാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. കൂടാതെ ചൊവ്വാഴ്ച ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പുണ്യസ്‌നാനം ചെയ്തു.
ജനുവരി 13 ന് പൗഷ് പൂർണിമയിൽ ആരംഭിച്ച മഹാകുംഭ് ലോകത്തിലെ ഏറ്റവും വലിയ ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലാണ്. ഇത് ലോകമെമ്പാടുമുള്ള ഭക്തരെ ആകർഷിക്കുന്നു. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാകുംഭ് തുടരും. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരി 4 വരെ മഹാകുംഭമേള ആരംഭിച്ചതിനുശേഷം ആകെ സ്നാനം ചെയ്തവരുടെ എണ്ണം 382 ദശലക്ഷം കവിഞ്ഞു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: