സ്റ്റോക്ക്ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 11 ആയി ഉയര്‍ന്നതായി പൊലീസ്. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ആറ് പേരും മുതിര്‍ന്നവരാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്ക് വെടിയേറ്റ മുറിവാണെന്നും ഒരാള്‍ക്ക് അല്ലാതെയുള്ള ചെറിയ മുറിവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരാളുടെ നില ഗുരുതരമാണ്. നിലവില്‍ കൊലപാതകം, വെടിവെപ്പ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിവ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒറെബ്രോയിലെ റിസ്ബെര്‍ഗ്സിലെ ക്യാമ്പസിലുണ്ടായ വെടിവെപ്പ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണെന്ന് സ്വീഡന് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റെര്‍സ്സണ്‍ പറഞ്ഞു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സാധാരണ സ്കൂള്‍ ദിനം ഭയപ്പാടിന്റെ ദിനങ്ങളായി മാറിയവരെ കുറിച്ചാണ് എന്റെ ചിന്ത. ജീവിതത്തെക്കുറിച്ച് ഭയന്ന് ക്ലാസ്മുറിയില്‍ അടച്ചിരിക്കുന്നത് ആരും അനുഭവിക്കാത്ത പേടിസ്വപ്നമാണ്. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ഇത്രയും ഭീകരമായ ആക്രമണമുണ്ടായതെന്നും അന്വേഷിക്കാന്‍ പൊലീസിന് സാവകാശം നല്‍കണം’ എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: