Vicharam

രാഹുലിന്റെ ചൈനാ പ്രേമവും അബദ്ധ പ്രസംഗവും

രാഹുലിന്റെ ചൈനീസ് പ്രേമം ലോക്സഭയിലെ 45 മിനിറ്റ് പ്രസംഗത്തില്‍ ചൈനയെ പുകഴ്ത്തിയത് 34 തവണയാണ്. ഭാരതത്തെ വിദേശ രാജ്യങ്ങളില്‍ പോയി അധിക്ഷേപിച്ച് സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് ലോക്സഭയില്‍ ചൈനയുടെ വക്താവായി രംഗത്തുവന്നതുപോലെയായി

Published by

‘ആരാന്റപ്പനൊരപ്പനല്ല അപ്പ പൂവൊരു പൂവല്ല’ എന്ന ചൊല്ലുപോലെയാണ് രാഷ്‌ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് രാഹുലിന്റെ പ്രസംഗം. ചൈനയെ വാനോളം പുകഴ്‌ത്തി ഭാരതത്തിന്റെ പദ്ധതികളെയും പരിപാടികളെയും ഇകഴ്‌ത്തിക്കൊണ്ടാണ് രാഹുല്‍ പ്രസംഗിച്ചത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുതായി ഒന്നുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും രാഹുല്‍ വിമര്‍ശിച്ചു. ഉത്പാദന രംഗത്തായിരുന്നു ഇന്ത്യ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഉത്പാദന രംഗം ഇന്ത്യ പൂര്‍ണമായി ഇന്ന് ചൈനക്ക് നല്‍കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. നേരത്തെ ഭരിച്ച യുപിഎയ്‌ക്കും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎയ്‌ക്കും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍ സമ്മതിച്ചു. ഇന്ത്യയെക്കാള്‍ ഉല്പാദന രംഗത്ത് ചൈന പത്ത് വര്‍ഷം മുന്നിലാണ്. അന്താരാഷ്‌ട്ര കൂട്ടായ്മകള്‍ക്ക് ഞങ്ങളെയും വിളിക്കൂ എന്ന് ഇപ്പോള്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണ്. ഉല്പാദന രംഗത്ത് ഇന്ത്യ മുന്നിലെങ്കില്‍ രാഷ്‌ട്രതലവന്മാര്‍ ഇവിടെ വന്ന് ക്ഷണിച്ചേനേയെന്നും രാഹുല്‍ വിമര്‍ശിച്ചു. വിദേശ നയത്തില്‍ രാഹുല്‍ കള്ളം പറയുന്നു എന്നായിരുന്നു കിരണ്‍ റിജ്ജുവിന്റെ ഇടയില്‍ക്കയറിയുള്ള പ്രതികരണം. ഇത് ഇടയ്‌ക്ക് ഒച്ചപ്പാടിന് വഴിവെച്ചു. ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ കടന്ന് കയറിയെന്നും രാഹുല്‍ കണ്ടെത്തി. കരസേന മേധാവി തന്നെ അത് സമ്മതിച്ചുവെന്നും ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് പ്രധാനമന്ത്രിക്കും സൈന്യത്തിനും രണ്ട് അഭിപ്രായമാണെന്നും രാഹുലിന് അഭിപ്രായമുണ്ട്.

രാഹുലിന്റെ ചൈനീസ് പ്രേമം ലോക്സഭയിലെ 45 മിനിറ്റ് പ്രസംഗത്തില്‍ ചൈനയെ പുകഴ്‌ത്തിയത് 34 തവണയാണ്. ഭാരതത്തെ വിദേശ രാജ്യങ്ങളില്‍ പോയി അധിക്ഷേപിച്ച് സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് ലോക്സഭയില്‍ ചൈനയുടെ വക്താവായി രംഗത്തുവന്നതുപോലെയായി. വിവിധ വിഷയങ്ങളില്‍ വലിയ അബദ്ധങ്ങളും മണ്ടത്തരങ്ങളുമാണ് കോണ്‍ഗ്രസ് നേതാവ് വിളമ്പിയത്. അടുത്തിടെ അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് നയിച്ച യുപിഎ സര്‍ക്കാരിനെപ്പോലും തള്ളിപ്പറഞ്ഞു. ലോകത്താകെ വലിയ മുന്നേറ്റം നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അര്‍ത്ഥശൂന്യമാണെന്നാണ് രാഹുലിന്റെ പക്ഷം. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിനെയും രാഹുല്‍ വളച്ചൊടിച്ചു. പ്രധാനമന്ത്രിയുടെ തന്ത്രമോ അടവോ ആണ് വിദേശകാര്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെന്നും രാഹുല്‍ വിമര്‍ശിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച്, ഇപ്പോള്‍ ഉത്പാദനമെല്ലാം ചൈനയ്‌ക്ക് കൈമാറിയെന്നു പറഞ്ഞാണ് രാഹുല്‍ ചൈനീസ് പ്രേമം തുടങ്ങിയത്. ഈ ഫോണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ അല്ല. ഇത് ഇവിടെ കൂട്ടി യോജിപ്പിച്ചെന്നേയുള്ളൂ. ഭാരതത്തിന്റെ 4,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണ്. അത് മുതുമുത്തച്ഛന്റെ വീഴ്ചയാണെന്ന് സമ്മതിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്‍പ്, ഇന്ത്യാ-ചീനാബായി ബായി എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ചൈന ഇന്ത്യയെ ആക്രമിച്ചത് രാഹുല്‍ കേട്ടിട്ടുപോലുമില്ലെന്ന് തോന്നുന്നു.

ഭാരതത്തിന്റെ ഭൂമി ചൈനയുടെ കൈവശമാണെന്ന പരാമര്‍ശത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്ത് എത്തി. രാഹുല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കേണ്ടി വരുമെന്ന് രാഹുലിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്കി.

ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് ലോക്സഭയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരേ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ തന്നെ രംഗത്തുവന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയശങ്കര്‍ പങ്കെടുത്തതിനെ ദുര്‍വ്യാഖ്യാനം നടത്തിയാണ് രാഹുല്‍ പ്രസംഗിച്ചത്. ട്രംപിനെക്കൊണ്ട് പ്രധാനമന്ത്രിയെ അമേരിക്കയിലേക്ക് ക്ഷണിപ്പിക്കാനാണ് മൂന്നു നാലു തവണ ജയശങ്കറിനെ അമേരിക്കയിലേക്ക് അയച്ചതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞത് കള്ളമാണെന്നും രാഹുലിന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും എസ്. ജയശങ്കര്‍ പ്രതികരിച്ചു. എന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് രാഹുല്‍ ബോധപൂര്‍വം തെറ്റായ പ്രസ്താവന നടത്തി. ബൈഡന്‍ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചീഫ് സെക്രട്ടറിയുമൊത്തുള്ള കൂടിക്കാഴ്ചയ്‌ക്കും കോണ്‍സല്‍ ജനറലിന്റെ ഒരു സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനുമാണ് പോയത്. ഒരുഘട്ടത്തിലും പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. പ്രധാനമന്ത്രി ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ജയശങ്കര്‍ പ്രതികരിച്ചു. ഏതായാലും അടിസ്ഥാനരഹിതമായ കാര്യങ്ങളും അവസാസ്തവ പ്രസ്താവനയും നടത്തിയ രാഹുലിനെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ‘അച്ചികടിച്ചതേ കൊച്ചു കുടിക്കൂ’ എന്നുപറഞ്ഞതുപോലെയായി. ആദ്യം അമ്മയാണ് രാഷ്‌ട്രപതിയെ ആക്ഷേപിച്ചത്. ഇപ്പോഴിതാ മകനും. ഏതായാലും പ്രധാനമന്ത്രിയില്‍ നിന്നും പിടിപ്പത് തിരിച്ചു കിട്ടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by