India

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീട്ടിൽ ഭാര്യയ്‌ക്കൊപ്പം കാമുകനും : കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

Published by

കോയമ്പത്തൂര്‍: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് മുരുകവേല്‍. ഒരുവര്‍ഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാര്‍ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേല്‍ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാല്‍, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളില്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് മുരുകവേല്‍ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടെ മുരുകവേല്‍ മുനിയാണ്ടിയുടെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ കുത്തേറ്റ മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി.

നെഞ്ചില്‍ കത്തി തറച്ചനിലയിലാണ് മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ സുമിത്ര ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കാമുകനെ രക്ഷിക്കാനായി പുറത്തേക്കിറങ്ങി. തുടര്‍ന്ന് കാമുകന്റെ നെഞ്ചില്‍നിന്ന് കത്തി ഊരിമാറ്റിയതോടെ അമിതമായ രക്തസ്രാവമുണ്ടായി. അതീവഗുരുതരാവസ്ഥയിലായിരുന്ന മുനിയാണ്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by