ന്യൂഡൽഹി: ഫെബ്രുവരി 12 മുതൽ തുടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യുഎസ് സന്ദർശനം ഏറെ നിർണായകമെന്ന് റിപ്പോർട്ടുകൾ. വ്യാപാരം, പ്രതിരോധം തുടങ്ങിയ നിരവധി വിഷയങ്ങളിലാകും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി ചർച്ച നടത്തുക.
രണ്ട് ദിവസത്തെ പാരീസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും മോദി വാഷിംഗ്ടണിലേക്ക് പോകുമെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 12 ന് വൈകുന്നേരം പ്രധാനമന്ത്രി അമേരിക്കൻ തലസ്ഥാനത്ത് ഇറങ്ങുമെന്നും അടുത്ത ദിവസം അദ്ദേഹവും ട്രംപും ചർച്ച നടത്തുമെന്നും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.
ജനുവരി 20 ന് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ട്രംപ് ഭരണകൂടം അധികാരത്തിൽ വന്ന് ആഴ്ചകൾക്കുള്ളിൽ ഉഭയകക്ഷി സന്ദർശനത്തിനായി വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്ന ചുരുക്കം ചില വിദേശ നേതാക്കളിൽ മോദിയും ഉൾപ്പെടുന്നുണ്ട്. എന്നിരുന്നാലും മോദിയുടെ സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരമൊന്നുമില്ല.
കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനായി വാഷിംഗ്ടണുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ആദ്യം പ്രധാനമന്ത്രി പാരീസിലേക്ക് പോകുന്നത്.
അതേ സമയം ജനുവരി 27 ന് നടന്ന ഒരു ഫോൺ സംഭാഷണത്തിൽ വ്യാപാരം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യ-യുഎസ് സഹകരണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിശ്വസനീയ പങ്കാളിത്തത്തിനായി പ്രവർത്തിക്കുമെന്ന് മോദിയും ട്രംപും പ്രതിജ്ഞയെടുത്തിരുന്നു.
ഫോൺ സംഭാഷണങ്ങൾക്ക് ശേഷം, യുഎസ് നിർമ്മിത സുരക്ഷാ ഉപകരണങ്ങളുടെ സംഭരണം ഇന്ത്യ വർദ്ധിപ്പിക്കുകയും ന്യായമായ ഉഭയകക്ഷി വ്യാപാര ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ട്രംപ് ഊന്നിപ്പറഞ്ഞതായി വൈറ്റ് ഹൗസ് പറഞ്ഞു. യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തവും ഇന്തോ-പസഫിക് ക്വാഡ് പങ്കാളിത്തവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെയും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഈ വർഷം അവസാനം ഇന്ത്യ ആദ്യമായി ക്വാഡ് സമ്മിറ്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
കൂടാതെ ഇന്ത്യ ഇതിനകം തന്നെ യുഎസുമായുള്ള ഊർജ്ജ ബന്ധം വികസിപ്പിക്കാനുള്ള താൽപ്പര്യം സൂചിപ്പിച്ചിട്ടുണ്ട്. മോദിയുടെ യുഎസ് യാത്രയ്‌ക്ക് മുന്നോടിയായി ആണവ ബാധ്യതാ നിയമം ഭേദഗതി ചെയ്യാനും ഒരു ആണവോർജ്ജ ദൗത്യം സ്ഥാപിക്കാനുമുള്ള പദ്ധതികൾ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക