കളിക്കളത്തിലെ ഭാരതീയ വനിതാ മുന്നേറ്റത്തിന് ഒന്നിനൊന്ന് ആക്കം വര്‍ധിച്ചു വരുന്നതിന്റെ തെളിവാണ് ക്വാലലംപൂരില്‍ നമ്മുടെ കൗമാര വനിതാ താരങ്ങള്‍ നേടിയ തുടര്‍ച്ചയായ രണ്ടാം അണ്ടര്‍ 19 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വിജയം. കിരീടനേട്ടം മാത്രമല്ല അതു നേടിയ രീതി ഏറെ ആധികാരികമായിരുന്നു എന്നതും ഏറെ പ്രസക്തമാണ്. എതിരാളികളെ എല്ലാ മേഖലയിലും തീര്‍ത്തും നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു, തുടക്കം മുതല്‍ ഓരോ കളിയിലേയും ഭാരത വിജയം. അതിന്റെ പാരമ്യമായിരുന്നു ഫൈലിലെ ഒന്‍പതു വിക്കറ്റ് ജയം. ക്രിക്കറ്റ് ലോകത്തെ വമ്പന്‍ പേരുകളിലൊന്നായ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പെണ്‍കുട്ടികളാണ് എതിര്‍വശത്ത് എന്നത് നമ്മുടെ കുട്ടികളുടെ പ്രകടനത്തെ തെല്ലും ബാധിച്ചില്ല. അവരുടെ ആത്മവിശ്വാസം എത്ര ഉയരത്തിലാണ് എന്നതിനു വ്യക്തമായ തെളിവാണത്. 82 റണ്‍സിന് എതിരാളികളെ മുഴുവന്‍ പുറത്താക്കുകയും പന്ത്രണ്ടില്‍ത്താഴെ ഓവറില്‍ ഫൈനല്‍ ജയിക്കുകയും ചെയ്യുന്നത് ദൃഢനിശ്ചയത്തിന്റെ വിജയംകൂടിയാണ്. ഇതടക്കം ടൂര്‍ണമെന്റിലുടനീളം ഇന്ത്യക്കാരികള്‍ നടത്തിയത് കളിക്കളത്തിലെ വിപ്ളവകരമായ വിജയകഥയാണ്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ലോകകപ്പിലെ കിരീടവിജയം നിലിനിര്‍ത്തിയതോടെ കപ്പിന്റെ അവകാശം തുടര്‍ച്ചയായി ഭാരതത്തിനായി. ഈ വിജയത്തിനൊപ്പം വയനാട്ടുകാരിയായ ജോഷിതയെന്ന പെണ്‍കുട്ടിയും പങ്കാളിത്തം വഹിക്കാനുണ്ടായിരുന്നു എന്നത് കേരളത്തിനു പ്രത്യേകമായ അഭിമാനം പകരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കിക്കോണ്ടു തുടക്കമിട്ട ടൂര്‍ണമെന്റിലുടനീളം കണ്ടത് ഉണര്‍ന്നെഴുനേറ്റ ടീമിന്റെ പോരാട്ടവീര്യമാണ്. ഒരു കളി ജയിക്കുക എന്നതിനപ്പുറം സ്ഥിരമായ വിജയപാതയിലേയ്ക്കു ടീമിനെ എത്തിക്കുമ്പോഴാണ് കളിക്കളത്തിലെ മികവു പൂര്‍ണതയിലെത്തുന്നത്. ജയപരാജയങ്ങള്‍ കളികളില്‍ കൂടെപ്പിറപ്പായിരിക്കാം. പക്ഷെ, വിജയ തൃഷ്ണയും ദൃഢനിശ്ചയവും പോരാട്ട വീര്യവും ആത്മവിശ്വാസവും ആണ് ഒരു സംഘത്തെ ചാംപ്യന്‍ ടീമാക്കുന്നത്. അവര്‍ എല്ലാ കളികളും ജയിക്കുമെന്ന് അതിനര്‍ഥമില്ല. ഏതുകളിയും ജയിക്കാനുള്ള മികവും ആത്മവിശ്വാസവുമുള്ള ടീമെന്ന് അര്‍ഥം. അതിനൊപ്പം തിരിച്ചടികളില്‍ തളരാതെ പൊരുതി തിരിച്ചുവരാനുള്ള പോരാട്ടവീര്യവും. ഈ ഭാരത ടീമിനു വെല്ലുവിളികള്‍ കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും വിജയത്തില്‍ അമിതമായ ആത്മവിശ്വാസത്തിന് അടിപ്പെടാതെ മാനസികമായ പക്വതയും സമനിലയും നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. അത്തരം മനോനില കളിക്കളത്തില്‍ നല്‍കുന്ന മാനസിക മുന്‍തൂക്കം ചെറുതല്ല. ചെറുപ്രായത്തിലെ ഈ നേട്ടം വലിയ വിജയങ്ങള്‍ക്കുള്ള അടിത്തറയാണ്.
അടുത്ത കാലത്ത് ഭാരത ടീമുകളിലും കളിക്കാരിലും കണ്ടു വരുന്ന അനിവാര്യമായ പ്രത്യേകതയാണ് ഈ മാറ്റം. മികവുണ്ടായിട്ടും ആത്മവിശ്വാസക്കുറവുകൊണ്ടു തോല്‍ക്കുന്ന ഒരു നീണ്ടകാലം നമ്മുടെ താരങ്ങള്‍ക്കും ടീമുകള്‍ക്കുമുണ്ടായിരുന്നു. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത് ഭാരത കായിക രംഗത്തെ കരുത്തുറ്റ ഭാവിയിലേയ്‌ക്കാണു കൊണ്ടുപോകുന്നത് എന്ന പ്രഖ്യാപനം കൂടിയാണ്, കര്‍ണാടകക്കാരി നിക്കി പ്രസാദ് നയിച്ച ടീം നടത്തിയിരിക്കുന്നത്. ഫൈനലിലെ മികച്ച കളിക്കാരിയും ടൂര്‍ണമെന്റിലെതന്നെ മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ട തൃഷയും ഭാരത കായിക രംഗത്തിനു പകര്‍ന്ന ആവേശവും ആത്മവിശ്വാസവും നമ്മുടെ കളിക്കളങ്ങള്‍ ഏറ്റുവാങ്ങാതിരിക്കില്ല. ടൂര്‍ണമെന്റില്‍ ആറു വിക്കറ്റ് നേട്ടം ആഘോഷിച്ച കല്‍പ്പറ്റയില്‍ നിന്നുള്ള ജോഷിതയും അതില്‍ പങ്കാളിയാണ്. ടീമിന് അഞ്ചുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐയും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം പ്രോല്‍സാഹനങ്ങളും കളിക്കളത്തില്‍ ടീമിന്റെ പോരാട്ട വീര്യത്തിനു പിന്നിലെ പ്രധാന ഘടകമാണല്ലോ.
കളികളുടെ സമസ്ത മേഖലകളിലും ഭാരത വനിതകള്‍ എത്തിപ്പിടിക്കുന്ന നേട്ടങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ഹോക്കിയില്‍ ഏഷ്യാകപ്പ് വിജയത്തിനു പിന്നാലെ ക്രിക്കറ്റിലെ ഈ ലോക വിജയം. ഒളിംപിക്‌സ് അടക്കമുള്ള രാജ്യാന്തര കായിക മേളകളിലെ മെഡല്‍ നേട്ടം പുതിയപുതിയ ഇനങ്ങളിലേയ്‌ക്ക് എത്തിക്കാന്‍ നമ്മുടെ വനിതകള്‍ക്കു കഴിയുന്നു എന്നതിനു തെളിവാണ് കഴിഞ്ഞ ഒളിപിക്സില്‍ മനു ഭക്കര്‍ നേടിയ ഇരട്ട ഷൂട്ടിങ് മെഡലുകള്‍. ഗാവസ്‌കറും കപില്‍ ദേവും സച്ചിനും കോഹ്‌ലിയും പോലുള്ളവര്‍ നേടിയ വിജയങ്ങളും ഗ്ലാമറും തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന വനിതകളുടെ പ്രഖ്യാപനവും ഈ വിജയത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക