തൃശൂര്‍:പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തീരമേഖലയായ അണ്ടത്തോട് തങ്ങള്‍പ്പടി മുന്നൂറ്റിപ്പത്ത് കടല്‍ത്തീരത്തിന് സമീപത്തെ വീട്, കള്ള് ഷാപ്പാക്കി മാറ്റിയെന്നാരോപിച്ച് പ്രതിഷേധം.പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ വീട് കള്ള് ഷാപ്പാക്കി മാറ്റിയെന്ന് ആരോപിച്ചാണ് നാട്ടുകാരും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
നാടിന് വിപത്തായ കള്ള് ഷാപ്പ് ആരും അറിയാതെ പ്രവര്‍ത്തനം തുടങ്ങിയത് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. കടല്‍ത്തീരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്നിടത്താണ് അനധികൃത കള്ള് ഷാപ്പ് തുറന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ അനധികൃത കള്ള് ഷാപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
അതേസമയം, ഈ കള്ള് ഷാപ്പ് സംബന്ധമായ വിവരങ്ങളൊന്നും പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് എക്‌സൈസ് വകുപ്പില്‍ നിന്നാണ് ലൈസന്‍സ് ലഭിക്കേണ്ടതെന്നും പഞ്ചായത്തിന് യാതൊരും ബന്ധവും ഇല്ലന്നും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക