തിരുവനന്തപുരം:വെഞ്ഞാറമൂട്ടില്‍ യുവതിയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പൊലീസിന്റെ അനാസ്ഥയെന്ന് പരാതി.വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്
അപവാദത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സഹോദരന്‍ പ്രവീണ്‍ പറഞ്ഞു.സമീപത്തുള്ള യുവാവ് പ്രവീണയെ ശല്യപ്പെടുത്തിയിരുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും മൊഴിയെടുക്കാന്‍ പോലും തയാറായില്ല.
ഭര്‍ത്താവ് വിദേശത്തായിരുന്ന പ്രവീണക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും പ്രവീണ്‍ ആരോപിക്കുന്നു. നാട്ടുകാരുടെയും ഭര്‍തൃവീട്ടുകാരുടെയും അപവാദ പ്രചരണങ്ങളില്‍ കുറച്ച് ദിവസങ്ങളായി മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു പ്രവീണയെന്ന് സഹോദരന്‍ പറഞ്ഞു.
ഒരാള്‍ പതിവായി മൊബൈല്‍ ഫോണില്‍ മോശം സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇയാളെ പലതവണ ബ്ലോക്ക് ചെയ്തു. ഇതിലുള്ള വൈരാഗ്യത്തില്‍ സമീപവാസിയായ ഇയാളാണ് പ്രവീണയെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് തുടങ്ങിയതെന്ന് സഹോദരന്‍ വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടതിനെ തുടര്‍ന്ന് സഹോദരിക്ക് പരിക്കേറ്റു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രവീണ്‍ ആരോപിച്ചു.
എന്നാല്‍, മരിച്ച വിവരം മാത്രമാണ് അറിഞ്ഞതെന്നും വീട്ടുകാര്‍ ഇതിന് മുമ്പ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും വെഞ്ഞാറമൂട് പൊലീസ് പ്രതികരിച്ചു.യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക