മൂവാറ്റുപുഴ (കൊച്ചി): പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതിയെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തില്‍ 800 കോടിയോളം തട്ടിയതായാണ് പ്രാഥമിക വിലയിരുത്തല്‍. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 9 കോടിയുടെ തട്ടിപ്പാണ് പോലീസ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് വരെ 300ഓളം പരാതികള്‍ ഇവിടെ ലഭിച്ചു.
തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനനെ(26) യാണ് പോലീസ് വെള്ളിയാഴ്ചയാണ് കൊച്ചിയില്‍ നിന്ന് പിടികൂടിയത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ മൂവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെക്കൊണ്ട് ഇയാള്‍ ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സിയിലേക്ക് ടൂവീലര്‍ നല്‍കാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളം ഇത്തരത്തില്‍ മുവാറ്റുപുഴയില്‍ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ് സൊസൈറ്റികള്‍ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്.
വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ലഭിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പല കമ്പനികളും ഇക്കാര്യത്തെ പറ്റി അറിവില്ലായിരുന്നു. 2022 മുതല്‍ പൊതുജനങ്ങളെ സ്‌കൂട്ടര്‍, ഹോം അപ്ലൈന്‍സസ്, വാട്ടര്‍ ടാങ്ക്‌സ്, ഫെര്‍ട്ടിലൈ സേഴ്‌സ്, ലാപ്‌ടോപ്, തയ്യല്‍മെഷീന്‍ എന്നിവ 50 ശതമാനം ഇളവില്‍ നല്‍കും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കമ്പനികളുടെ അക്കൗണ്ടുകളും ഇതിനായി പ്രതി സ്വന്തം പേരിലെടുത്ത് ഉപയോഗിച്ച് വന്നിരുന്നു.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആണെന്നും രാജ്യത്തെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ഇയാളെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുക്കള്‍ വാങ്ങികൂട്ടുന്നതിനുമാണ് പണം ചെലവഴിച്ചത്. എറണാകുളം കച്ചേരിപ്പടിയില്‍ മറ്റൊരു തട്ടിപ്പിനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. എന്നാല്‍ പ്രതിയെ നേരത്തെ സമാനമായ തട്ടിപ്പ് കേസില്‍ പിടികൂടിയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് അടിമാലി എസ്എച്ച്ഒ അറിയിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നും മൂവാറ്റുപുഴ പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായ തെളിവെടുപ്പും പോലീസ് നടത്തും. സംസ്ഥാനത്ത് അടുത്തകാലത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
അനന്ദു കൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക