തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ അവസാനമായി കാണുന്നത് ആറേഴുമാസങ്ങള്‍ക്ക് മുന്‍പാണെന്ന് ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന്‍. കരിക്കകം ക്ഷേത്രത്തില്‍ പോയ ശേഷം തന്നെ വന്ന് കണ്ടപ്പോള്‍ മറ്റൊരു പുരുഷനും ഉണ്ടായിരുന്നു. അയാള്‍ രണ്ടാം ഭര്‍ത്താവാണെന്നാണ് ശ്രീതു പറഞ്ഞതെന്നും ജ്യോത്സ്യന്‍ പറഞ്ഞു.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി എന്നും ശംഖുംമുഖംദേവീദാസന്‍ പൊലീസിന് മൊഴി നല്‍കി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
ശ്രീതുവിന്റെ കുടുംബവുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ല. തനിക്കെതിരെ ശ്രീതു ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജ്യോത്സ്യന്‍ പൊലീസിനോട് പറഞ്ഞു.
കൊവിഡിന് മുന്‍പാണ് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ തന്റെ സഹായി ആയി ജോലി ചെയ്തിരുന്നത്. മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ട് താന്‍ പറഞ്ഞ് വിടുകയായിരുന്നു.നോട്ടെണ്ണാന്‍ പോലും ശേഷി ഉളള ആളല്ല ഹരികുമാര്‍. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമാണ്. അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും ശംഖുംമുഖം ദേവീദാസന്‍ പറഞ്ഞു.
36 ലക്ഷം രൂപ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയിലാണ് ശംഖുംമുഖം ദേവീദാസനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്‌ച്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക