ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിന് ആക്കംകൂട്ടാന്‍ കിട്ടുന്ന ഓരോ അവസരങ്ങളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പുതിയ ബജറ്റില്‍ മൊബൈല്‍ ഫോണ്‍ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയിരിക്കുകയാണ് . മെയ്ഡ് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് കൂടുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് വഴിവെക്കുന്ന തീരുമാനമാണിത് എന്ന് വിലയിരുത്തല്‍. ഇപ്പോള്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്ന അമേരിക്കയിലെ ആപ്പിള്‍, ചൈനയിലെ ഷവോമി എന്നീ കമ്പനികള്‍ക്ക് ഗുണകരമാകും ഈ നീക്കം. ചൈനയ്‌ക്ക് പകരം മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യം അന്വേഷിക്കുന്ന യൂറോപ്പിലെയും അമേരിക്കയിലെയും ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയാന്‍ ഇത് കാരണമായേക്കും.
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഗുണകരമാകും. ഇത് ഇന്ത്യയില്‍ മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയ്‌ക്കും. സര്‍ക്യൂട്ട് ബോര്‍ഡ്, ക്യാമറ മൊഡ്യൂള്‍ ഭാഗങ്ങള്‍, യുഎസ്ബി കേബിള്‍ എന്നിവയും ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ സാധനങ്ങളുടെ പട്ടികയില്‍പ്പെടുന്നു. നേരത്തെ 2.5 ശതമാനം ഇറക്കുമതി തീരുവയായിരുന്നു ഇവയ്‌ക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും വിപണിയും കൂടിയാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക