India

ശുഭാംശു ശുക്ല; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഭാരതീയന്‍, ഗഗൻയാൻ ദൗത്യത്തിലും ഈ 39കാരന്‍ അംഗം

Published by

വാഷിങ്ടണ്‍: നാലു പതിറ്റാണ്ടിനു ശേഷം ബഹിരാകാശത്തേക്കു വീണ്ടുമൊരു ഭാരതീയന്‍. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ഇത്തവണ യാത്രക്കൊരുങ്ങുന്നത്. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഭാരതീയനെന്ന നേട്ടത്തിനൊപ്പം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഭാരതീയനെന്ന പദവിയും ഇനി 39കാരന്‍ ശുഭാംശുവിന് സ്വന്തമാകുകയാണ്.

ശുഭാംശുവിനെ ആക്സിയോം ദൗത്യം നാലിന്റെ (എക്‌സ് 4) പൈലറ്റായി തിരഞ്ഞെടുത്തു. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ കമ്പനി ആക്സിയോം സ്‌പേസും ചേര്‍ന്നുള്ള ദൗത്യം ഈ വര്‍ഷം നടക്കും. 14 ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് നാസയുടെ ആക്‌സിയം മിഷൻ. സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ശുഭാംശു ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രിക സംഘം പുറപ്പെടുന്നത്.

ബഹിരാകാശത്ത് യോഗ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് ശുഭാംശു ശുക്ല വ്യക്തമാക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിലും ശുഭാംശു ശുക്ല ഭാഗമാണ്. 1985 ഒക്ടോബർ 10ന് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് ശുഭാംശു ശുക്ല ജനിച്ചത്. 2003ൽ എൻഡിഎയിൽ തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന് ശേഷം വ്യോമയാനത്തിൽ പ്രാവീണ്യം നേടുകയും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുകയും ചെയ്തു.

2006 ജൂൺ 17-ന് ശുഭാംശു ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് ആയി വിജയ യാത്ര ആരംഭിച്ചു. 2019 ൽ അദ്ദേഹം വ്യോമസേനയിലെ വിംഗ് കമാൻഡർ പദവി നേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക